- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കായൽ കയ്യേറ്റത്തിൽ ഒരന്വേഷണസംഘവും എനിക്കെതിരെ ചെറുവിരലനക്കില്ല; ജനജാഗ്രത യാത്രയിലെ തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി; വിളിച്ചുവരുത്തി വിയോജിപ്പ് അറിയിച്ചു; മന്ത്രിയുടെ വെല്ലുവിളി ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് സി.പി.എം; വിഷയത്തിൽ തിങ്കളാഴ്ച പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച
തിരുവനന്തപുരം: കുട്ടനാട്ടിലെ ജനജാഗ്രത യാത്രയുടെ സ്വീകരണത്തിൽ ഇനിയും കായൽ നികത്തുമെന്ന മന്ത്രി തോമസ് ചാണ്ടിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി. മന്ത്രിസഭായോഗത്തിന് ശേഷമാണ് മന്ത്രിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചത്.തോമസ് ചാണ്ടി വിഷയം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച ചർച്ച ചെയ്യും. ജനജാഗ്രത യാത്രയിലെ തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ പാർട്ടിക്കും അതൃപ്തിയുണ്ട്. ഇത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടിയിരുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മന്ത്രിയുടെ വെല്ലുവിളി ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും നേതൃത്വം വിലയിരുത്തുന്നു. എൽഡിഎഫിന്റെ ജനജാഗ്രത യാത്രയിൽ മന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചതിലും സിപിഎമ്മിന് അഭിപ്രായ വ്യത്യാസമുണ്ട്. തോമസ് ചാണ്ടിയോട് മാത്രമല്ല സിപിഐയോടും സിപിഎമ്മിന് നീരസമുണ്ട്. തോമസ് ചാണ്ടിയുടെ ഭൂമി വിഷയത്തിൽ ആര് ഹാജരാകണമെന്ന് റവന്യൂമന്ത്രി നിർദ്ദേശിച്ചതിലും വിഷയത്തിൽ സിപിഐ പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയതിലും സിപിഎമ്മിന് അനിഷ്ടമുണ്ട്. സർക
തിരുവനന്തപുരം: കുട്ടനാട്ടിലെ ജനജാഗ്രത യാത്രയുടെ സ്വീകരണത്തിൽ ഇനിയും കായൽ നികത്തുമെന്ന മന്ത്രി തോമസ് ചാണ്ടിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി. മന്ത്രിസഭായോഗത്തിന് ശേഷമാണ് മന്ത്രിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചത്.തോമസ് ചാണ്ടി വിഷയം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച ചർച്ച ചെയ്യും. ജനജാഗ്രത യാത്രയിലെ തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ പാർട്ടിക്കും അതൃപ്തിയുണ്ട്. ഇത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടിയിരുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മന്ത്രിയുടെ വെല്ലുവിളി ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും നേതൃത്വം വിലയിരുത്തുന്നു. എൽഡിഎഫിന്റെ ജനജാഗ്രത യാത്രയിൽ മന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചതിലും സിപിഎമ്മിന് അഭിപ്രായ വ്യത്യാസമുണ്ട്.
തോമസ് ചാണ്ടിയോട് മാത്രമല്ല സിപിഐയോടും സിപിഎമ്മിന് നീരസമുണ്ട്. തോമസ് ചാണ്ടിയുടെ ഭൂമി വിഷയത്തിൽ ആര് ഹാജരാകണമെന്ന് റവന്യൂമന്ത്രി നിർദ്ദേശിച്ചതിലും വിഷയത്തിൽ സിപിഐ പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയതിലും സിപിഎമ്മിന് അനിഷ്ടമുണ്ട്. സർക്കാർ കേസിൽ ആര് ഹാജരാകണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം അഡ്വക്കേറ്റ് ജനറലിനുണ്ട്. ഇക്കാര്യത്തിൽ സിപിഐ പരസ്യമായി പ്രതികരിച്ച് അനാവശ്യ വിവാദമുണ്ടാക്കിയെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
ചൊവ്വാഴ്ച കുട്ടനാട്ടിലെ ജനജാഗ്രത യാത്രയുടെ സ്വീകരണ ചടങ്ങിലായിരുന്നു തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത്. അന്വേഷണ സംഘം തന്നെ ഒരു ചുക്കും ചെയ്യില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തി തോമസ് ചാണ്ടി വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ വൈകിട്ട് മാധ്യമങ്ങൾ സമീപിച്ചപ്പോഴാണ് മാർത്താണ്ഡം കായൽ ഇനിയും താൻ മണ്ണിട്ട് നികത്തുമെന്ന് മന്ത്രി വെല്ലുവിളിച്ചത്. 43 പ്ലോട്ടുകൾ തനിക്ക് അവിടെയുണ്ടെന്നും ഇതെല്ലാം ആവശ്യമെങ്കിൽ മണ്ണിട്ട് നികത്തുമെന്നുമായിരുന്നു മന്ത്രിയുടെ വെല്ലുവിളി.
എന്നാൽ ജനജാഗ്രതാ യാത്ര വെല്ലുവിളിക്കാനോ പ്രതിരോധിക്കാനോ അല്ലെന്ന് കാനം രാജേന്ദ്രൻ തോമസ് ചാണ്ടിയെ തിരുത്തി. ജനങ്ങളോട് ചില സത്യങ്ങൾ പറയാനാണ് യാത്രയെന്നും കാനം പറഞ്ഞു. നെൽവയൽ നികത്താതെ കൃഷി ചെയ്യുന്നവർക്ക് റോയൽറ്റി നൽകുമെന്ന എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനവും പ്രസംഗത്തിനിടെ കാനം ഓർമിപ്പിച്ചു.
വിഷയമില്ലാത്ത യുഡിഎഫിന് ഒരു മാധ്യമം വിഷയം നൽകുകയായിരുന്നുവെന്നും അതിലെ ഒരു ഉദ്യോഗസ്ഥന്റെ ബന്ധുവിനെ കെഎസ്ആർടിസി സ്റ്റാന്റിങ് കൗൺസൽ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ പ്രതികാരമായിരുന്നു അതെന്നും തോമസ് ചാണ്ടി പറഞ്ഞു.
തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട കേസ് വാദിക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലും സിപിഐയും തമ്മിൽ തർക്കം ഉണ്ടായതിന് പിന്നാലെയാണ് കാനവുമൊത്ത് തോമസ് ചാണ്ടിയുടെ വേദി പങ്കിട്ടത്.