തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ കരകയറ്റാൻ സർക്കാർ പ്രഖ്യാപിച്ച ധനസമാഹരണ യജ്ഞം സ്റ്റെപംബർ 10 മുതൽ 15 വരെ ടക്കും. ഇതിന്റെ വിജയത്തിനായി എല്ലാ മലയാളികളും സജീവമായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജില്ലകളിൽ ധനസമാഹരണത്തിനു നേതൃത്വം കൊടുക്കും. മുഴുവൻ പേരും അവരവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചു സംഭാവന നൽകണം. പുനർനിർമ്മാണത്തിന് എല്ലാവരും ഒറ്റമനസ്സോടെ പങ്കാളികളാവണമെന്നും തന്റെ ഫേസ്‌ബുക്ക് പേജിൽ മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രളയദുരന്തത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ സ്റ്റെപംബർ 10 മുതൽ 15 വരെ നടക്കുന്ന ധനസമാഹരണ യജ്ഞത്തിൽ എല്ലാ മലയാളികളും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജില്ലകളിൽ ധനസമാഹരണത്തിനു നേതൃത്വം കൊടുക്കുകയാണ്. ഈ മഹായജ്ഞത്തിൽ മുഴുവൻപേരും അവരവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചു സംഭാവന നൽകണം. സംസ്ഥാനത്തെ ഉലച്ച പ്രകൃതിക്ഷോഭത്തിൽ ജനങ്ങൾക്കു വലിയ നഷ്ടമാണു സംഭവിച്ചിരിക്കുന്നത്. ഇവരുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള സമാശ്വാസ പദ്ധതികൾക്കു സർക്കാർ തുടക്കം കുറിച്ചുകഴിഞ്ഞു. സാമൂഹികമായി ഉണ്ടായിരിക്കുന്ന നഷ്ടങ്ങൾ നികത്തി നവകേരളം പുനർനിർമ്മിച്ചെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് നമുക്ക് മുൻപിലുള്ളത്. ദീർഘവീക്ഷത്തോടെയും ആസൂത്രിതമായും നീങ്ങേണ്ട സമയം കൂടിയാണിത്.

30,000 കോടിയിലേറെ നഷ്ടമാണു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണക്കാക്കിയിരിക്കുന്നത്. അതിനാൽത്തന്നെ പുനർനിർമ്മാണ പ്രക്രിയ പൂർത്തിയാക്കാൻ കേരളത്തിനകത്തും പുറത്തുമുള്ള എല്ലാവരുടെയും സഹായവും സഹകരണവും ഉറപ്പാക്കേണ്ടതുണ്ട്. ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകുന്നതിനോടു ജീവനക്കാർക്കും പെൻഷൻകാർക്കും പൊതുവെ അനുകൂലമായ നിലപാടാണ് ഉണ്ടായിരിക്കുന്നത്. ഇതിനുപുറമെ സമൂഹത്തിൽ ഉയർന്ന തലത്തിൽ സേവനങ്ങൾ നൽകുന്ന പ്രഫഷനലുകൾ, വ്യാപാരികൾ, വ്യവസായികൾ, വാഹന ഉടമകൾ, തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും കേരള പുനർനിർമ്മിതിയിൽ കാര്യമായ പങ്കു വഹിക്കാനാവും.

സമ്പാദ്യക്കുടുക്കയിലെ നാണയത്തുട്ടുകൾ മുതൽ മുതിർന്ന പൗരന്മാരുടെ സംഭാവന വരെ ഇതിനകം ലഭിച്ചിട്ടുണ്ട്. വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ഉൾപ്പെടെ വിവിധ ആഘോഷങ്ങൾ ഒഴിവാക്കി അതിനുവേണ്ടി ചെലവഴിക്കാൻ കരുതിയ പണം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയവർ നിരവധിയാണ്. സ്വർണാഭരണങ്ങളും വസ്തുക്കളും നൽകിയവരുമുണ്ട്. സമാനതകളില്ലാത്ത പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള 24 ലക്ഷം പേരാണ് ഓൺലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. പുനർനിർമ്മാണത്തിന് കേരളീയ സമൂഹത്തിന്റെ പൂർണമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള വിപുലമായ ധനസമാഹരണ യജ്ഞത്തിൽ എല്ലാവരും ഒറ്റമനസ്സോടെ പങ്കാളികളാവണം.