കൊച്ചി: ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ വീണ്ടും ഊരാക്കുടുക്കിലായ അൽസറാഫ നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് സ്ഥാപനം ഉടമ ഉതുപ്പ് വർഗീസ് പിടികൊടുക്കാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിൽ. കീഴ്‌കോടതി തള്ളിയ ജാമ്യാപേക്ഷയുമായി ഉതുപ്പ് ഉടൻ തന്നെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായാണ് സൂചന.

അതിനിടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ നിന്നു കുവൈറ്റ് വിദേശകാര്യമന്ത്രാലയത്തിലേക്ക് അയച്ച ശുപാർശക്കത്തും അന്വേഷണപരിധിയിൽ വരുമെന്നാണ് സിബിഐ നൽകുന്ന സൂചന്. ഉതുപ്പിനു വേണ്ടി സർക്കാർ തലത്തിൽ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ അവരെല്ലാം കേസിൽ ഉൾപ്പെടുമെന്ന സൂചനയാണ് സി ബി ഐ വൃത്തങ്ങൾ നൽകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു പേഴസണൽ സ്റ്റാഫുമായി അടുത്ത ബന്ധമാണ് ഉതുപ്പിനെന്നത് പരസ്യമായ രഹസ്യമാണ്. ഉമ്മൻ ചാണ്ടിയുടെ നാട്ടുകാരൻ കൂടിയായ വർഗീസ് ഉതുപ്പിനെതിരെ ഇത്ര ഗൗരവമുള്ള കേസ് വന്നിട്ടും അദ്ദേഹം ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

വരും ദിവസങ്ങളിൽ പിടിയിലാകുന്നവരുടെ ചോദ്യം ചെയ്യൽ കൂടി പൂർത്തിയാകുന്നതോടെ കേസിലെ രാഷ്ട്രീയ ബന്ധങ്ങളും പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കേസ് ഒതുക്കിത്തീർക്കാൻ രാജ്യതലസ്ഥാനത്തെ ചില അധികാര കേന്ദ്രങ്ങളേയും ഉതുപ്പ് സമീപിച്ചിട്ടുണ്ടെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. ഉതുപ്പിനെ കണ്ടെത്താനും കേരളത്തിലെത്തിക്കാനും സി ബി ഐ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിടികൊടുക്കൽ വീണ്ടും വൈകിപ്പിക്കാൻ ഇയാൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുൻകൂർ ജാമ്യഹർജി കോടതി പരിഗണിക്കുന്ന സമയത്ത് ഇയാളെ അറസ്റ്റ് ചെയ്യാൻ പല തടസങ്ങളും അന്വേഷണസംഘത്തിനുണ്ട്. ഇതു മനസിലാക്കിയാണ് കീഴടങ്ങലും അറസ്റ്റും മനപ്പൂർവ്വം വൈകിപ്പിച്ച് ആ സമയം കൊണ്ടു കേസ് എങ്ങനെയെങ്കിലും ഒതുക്കാനാവുമോയെന്ന് ഉതുപ്പ് ശ്രമിക്കുന്നത്.

നഴ്‌സിങ്ങ് തട്ടിപ്പ് മാത്രമായിരുന്നെങ്കിൽ ഉതുപ്പ് ശ്രമിച്ചാൽ പരാതികൾ പരമാവധി ഒത്തുതീർപ്പാക്കിക്കൊണ്ടു പ്രശ്‌നങ്ങൾ പരിഹാരിക്കാൻ ഒരുപക്ഷേ സാധിക്കാമായിരുന്നുവെന്നാണ് നിയമവിദഗ്്ധരുടെ അഭിപ്രായം. ഇപ്പോഴാകട്ടെ കേസ് സങ്കീർണതലത്തിലേക്ക് നീങ്ങിയതോടെ ഹവാലാ ഇടപാടിനും ഇയാൾ മറുപടി പറയേണ്ടതുണ്ട്. സംഭവത്തിൽ ഇയാളുടെ കൂട്ടുപ്രതികളായ പ്രൊട്ടക്ടർ ഓഫ് എമിഗ്രെന്റ്‌സ് അഡോൾഫസും വിദേശനാണ്യവിനിമയ സ്ഥാപനം ഉടമ സുരേഷ് ബാബുവും നിലവിൽ സിബി ഐ കസ്റ്റഡിയിൽ ആണ്. ഇവരുടെ ചോദ്യം ചെയ്യൽ കൂടി പൂർത്തിയായാൽ കേസിലെ ഉതുപ്പിന്റെ പങ്കാളിത്തത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഴ്‌സിങ്ങ് തട്ടിപ്പിന് കൂട്ടുനിന്ന അഡോൾഫസിന് മൂന്നുലക്ഷം മുതൽ കൈക്കൂലിയിനത്തിൽ ലഭിച്ചിട്ടുണ്ടെന്നാണ് സി ബി ഐയുടെ നിഗമനം. അതേസമയം, ഉതുപ്പിന് ഈ തട്ടിപ്പ് നടത്താൻ സംസ്ഥാന സർക്കാർ തലത്തിലും സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്.

ഇപ്പോൾ കുവൈത്തിലോ അബുദാബിയിലോ ആണ് ഉതുപ്പുള്ളതെന്നാണ് സിബിഐയുടെ വിലയിരുത്തൽ. കുവൈത്തിൽ ഉതുപ്പുണ്ടെന്ന് ചിത്രങ്ങൾ സഹിതം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെ ഉതുപ്പിനെ പിടിക്കാൻ സിബിഐ ശ്രമം തുടങ്ങിയതോടെ ഉതുപ്പിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുമായി. ഗൾഫിലെ എല്ലാ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറൽ കരാറുണ്ട്. അതില്ലാത്ത ഗൾഫിനോട് ചേർന്ന രാജ്യങ്ങളിലേക്ക് മാറുകയാണ് ഉതുപ്പിന്റെ ലക്ഷ്യമെന്നാണ് സിബിഐ കരുതുന്നത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം 1200 നഴ്‌സുമാരെ 19,500 രൂപ വാങ്ങി റിക്രൂട്ട് ചെയ്യാൻ കരാർ ലഭിച്ചിരുന്ന അൽ സറാഫ ഏജൻസി ഇതിന്റെ നൂറിരട്ടി വാങ്ങി റിക്രൂട്ട്‌മെന്റ് നടത്തിയെന്ന കേസിലാണ് വർഗീസ് ഉതുപ്പിനെ സിബിഐ പ്രതിചേർത്തിരിക്കുന്നത്. ആദായനികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് അൽ സറാഫയ്ക്ക് ലഭിച്ചിരുന്നത്. 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ലഭിച്ചിരുന്നത്. ഒരു ഉദ്യോഗാർഥിയിൽ നിന്നും 19,500 രൂപ വീതം സർവീസ് ചാർജ് ഇനത്തിൽ റിക്രൂട്ട്‌മെന്റിനായി ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അൽ സറാഫ ഒരാളിൽനിന്ന് 19,50,000 രൂപയാണ് ഈടാക്കിയത്. ദശാംശം മായ്ച്ചുകളഞ്ഞശേഷമാണ് ഭീമമായ ഈ തട്ടിപ്പ് നടത്തിയത്. ഇതിനകം ഈ രീതിയിൽ 500ഓളം പേരെ ഉതുപ്പ് കുവൈത്തിലെത്തിച്ചിട്ടുണ്ട്. കുവൈത്തുമായി സർവ്വീസ് ചാർജ്ജിൽ ഉതുപ്പിന് കരാറില്ല. 19500 രൂപയേ വാങ്ങാവൂ എന്നത് ഇന്ത്യയിലെ നിയമമാണ്. ഇതിനെയാണ് ഉതുപ്പ് തന്ത്രപരമായി മറികടന്നത്.

റെയ്ഡ് നടത്തിയപ്പോൾ അൽ സറാഫയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സിന്റെ ഓഫീസിൽ ഉണ്ടായിരുന്നില്ല. കൃത്യമായ രജിസ്റ്റർ ഇല്ല, മാസാമാസം റിട്ടേണും സമർപ്പിച്ചിട്ടില്ല. ഇതേ തുടർന്നാണ് അഡോൾഫസ് ലോറൻസിനെ ഒന്നാം പ്രതിയാക്കിയത്. അൽ സറഫായിൽനിന്ന് കണക്കിൽപ്പെടാത്ത മൂന്നര കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതോടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഉതുപ്പും അഡോൾഫ്‌സ് ലോറൻസുമായുള്ള ഇടപാടുകൾ വ്യക്തമായതോടെയാണ് കേസ് ഇപ്പോഴത്തെ ദിശയിലേക്ക് നീങ്ങിയത്. കുവൈത്തിൽ നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായി ലക്ഷക്കണക്കിന് രൂപ അൽ സറഫ അധികമായി വാങ്ങുന്നുവെന്ന് കാണിച്ച കോട്ടയം സ്വദേശിയായ നഴ്‌സ് പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സിനു പരാതി നൽകിയിരുന്നു.

എന്നാൽ, പരാതി നേരെ അൽ സറഫയ്ക്ക് അയച്ചുകൊടുക്കുകയാണ് അഡോൾഫ്‌സ് ചെയ്തത്. യുവതിയെ ഭീഷണിപ്പെടുത്തി പരാതി ഇല്ലെന്നു എഴുതി വാങ്ങിയതായും സിബിഐയ്ക്കു വിവരം ലഭിച്ചിട്ടുണ്ട്.