തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി.ജലീലിനെ ഇഡി ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതിപക്ഷം രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്നതിനിടെ മന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രി. ജലീലിനെ ഇഡി ചോദ്യംചെയ്തത് ഖുർആൻ കൊണ്ടു വന്നതുമായി ബന്ധപ്പെട്ടാണ്. ഇതുസംബന്ധിച്ച് മന്ത്രിക്കെതിരെ ഇഡിക്ക് ഒട്ടേറെ പരാതി ലഭിച്ചിരുന്നു. മന്ത്രി കെ.ടി.ജലീൽ ചോദ്യംചെയ്യൽ വിവരം മറച്ചുവച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഖുർആൻ കാര്യത്തിൽ യുഎഇ കോൺസുൽ ജനറൽ ജലീലിനെ വിളിച്ചതിൽ തെറ്റില്ല. വഖഫുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ജലീൽ. സാധാരണ നടക്കുന്ന കാര്യങ്ങൾ മാത്രമേ ഇക്കാര്യത്തിലും നടന്നിട്ടുള്ളൂ. അന്വേഷണത്തിന്റെ പേരിൽ മന്ത്രി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. ജലീലിനെതിരെ എന്ത് ആരോപണമാണുള്ളതെന്ന് ചോദിച്ച മുഖ്യമന്ത്രി കെട്ടിച്ചമച്ച അപവാദത്തിന്റെ പേരിൽ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു.

ഇ.പി.ജയരാജന്റെ ഭാര്യ ബാങ്കിൽ പോയി ലോക്കർ തുറന്നതിൽ അസ്വാഭാവികത ഇല്ലെന്നും അന്വേഷണ ഏജൻസികളെ വഴിതെറ്റിക്കാൻ പലരും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കിൽ സീനിയർ മാനേജർ ആയി റിട്ടയേർഡ് ചെയ്തയാൾക്ക് അതേ ബാങ്കിൽ ലോക്കറു്ണ്ടായി എന്നതിൽ ആശ്വര്യപ്പെടാൻ എന്താണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. ലോക്കറിൽ നിന്ന് സ്വർണ്ണമെടുത്ത് തൂക്കം നോക്കിയെന്നാണ് പറയുന്നത്. ഒരു പവൻ മാലയുടെ തൂക്കമാണ് അവർ നോക്കിയത്. അതാണോ വലിയ കുറ്റമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ബോധപൂർവ്വം അപവാദങ്ങൾ പ്രചരിപ്പിക്കുകയും ഇല്ലാക്കഥകൾ കെട്ടിച്ചമയ്ക്കുകയുമാണ് ചെയ്യുന്നത്. വസ്തുത മറ്റൊരു ഭാഗത്തുണ്ടാകും. ജയരാജന്റെ മകന് സ്വർണ്ണകടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമായി ബന്ധമുണ്ടെന്നതിൽ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ദിര സ്വർണ്ണമെടുത്തതെന്നാണ് മറ്റൊരു ആരോപണം. ഇതും ലോക്കറിൽ നിന്ന് സ്വർണ്ണമെടുത്തതും തമ്മിൽ എന്തുബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

അന്വേഷണ ഏജൻസിയുടെ മുന്നിൽ പരാതികൾ ചെല്ലുമ്പോൾ അവർ അന്വേഷിക്കാൻ നിർബന്ധിതരാകുമെന്നും അന്വേഷണ ഏജമൻസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി ഇ പി ജയരാജന്റെ ഭാര്യ ക്വാറന്റൈൻ ലംഘിച്ച് ബാങ്കിൽ പോയെന്ന് ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനും ചില വ്യക്തികളും സംഘടനകളും നടത്തുന്ന ശ്രമം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.

കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിനെ ദേശീയപാതയിൽ കാർ കുറുകെയിട്ട് തടയാൻ ശ്രമിച്ചത് അത്തരത്തിൽ ഒന്നാണ്. മന്ത്രി ഔദ്യോഗിക വാഹനത്തിൽ യാത്രചെയ്യവെ കൊല്ലം പാരിപ്പള്ളിയിൽവച്ചാണ് വാഹനം തടയാൻ ശ്രമിച്ചത്. അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തിൽ ഒരു കാർ ദേശീയപാതയ്ക്ക് കുറുകെ കയറ്റിയിട്ടു. ഇതുകണ്ട് മന്ത്രിയുടെ വാഹനത്തിന്റെ വേഗം കുറച്ചതോടെ യുമോർച്ച പ്രവർത്തകർ ചാടിവീണു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. സമരം പലതരത്തിൽ നടത്താം. എന്നാൽ ദേശീയ പാതയ്ക്ക് കുറുകെ വാഹനം കയറ്റിയിട്ട് അപകടം ക്ഷണിച്ചുവരുത്തുന്നത് സമരമല്ല.

പാരിപ്പള്ളിയിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. കൊല്ലം ജില്ലയിൽനിന്നുതന്നെ മറ്റൊരു അനുഭവമുണ്ട്. കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരെ തുടർച്ചയായ തുടർച്ചയായി അതിക്രമങ്ങൾ നടത്തുന്നു. സമരമല്ല, ഒരു പ്രത്യേക തരത്തിലുള്ള ആഭാസമാണ് നടത്തുന്നത്. എംഎൽഎയ്ക്കുനേരെ മുണ്ടുപൊക്കി കാണിച്ചാണ് യൂത്ത് കോൺഗ്രസ് സമരം നടത്തുന്നത്.

കഴിഞ്ഞ ദിവസം ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ നടന്ന പൊതുപരിപാടി കഴിഞ്ഞ് മടങ്ങിപ്പോകാൻ കാറിൽ കയറിയ എംഎൽഎയുടെ വാഹനം തടഞ്ഞു. നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ രാഷ്ട്രീയം പറഞ്ഞുവെന്നതാണ് കോവൂർ കുഞ്ഞുമോൻ ചെയ്ത കുറ്റം. കോൺഗ്രസ് - ബിജെപി ബന്ധത്തെപ്പറ്റി നിയമസഭയിൽ പറഞ്ഞതിന്റെ പേരിലാണ് എംഎൽഎയ്ക്കെതിരായ ആക്രമണം. ഇത് എത്തരം ജനാധിപത്യ രീതിയാണെന്ന് കോൺഗ്രസ് വ്യക്തമാക്കണം. ഇത്തരം തെറ്റായ രീതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ജാഗ്രത പുലർത്താനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കർശന നിയമ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


അതേസമയം, അക്രമസമരങ്ങളിൽ നിന്ന് മന്ത്രിമാരെ പോറൽപോലുമേൽക്കാതെ സംരക്ഷിക്കുമെന്ന് ഇടതുമുന്നണി. ബിജെപി കെ.ടി.ജലീലിന്റെ വാഹനം തടഞ്ഞത് അപായപ്പെടുത്താനാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ആരോപിച്ചു. അക്രമസമരത്തിനുപിന്നിൽ ബിജെപി യു.ഡി.എഫ് ഗൂഢാലോചനയാണ്. 'കേരളത്തെ കുരുതിക്കളമാക്കാനാണ് ശ്രമം. സർക്കാരിനെ രാഷ്ട്രീയമായി നേരിടാൻ കഴിയാതെ അരാജകത്വം സൃഷ്ടിക്കുന്നുവെന്നും എ.വിജയരാഘവൻ പ്രസ്താവനയിൽ അറിയിച്ചു.

മന്ത്രിമാരായ കെ.ടി.ജലീലിന്റേയും ഇ.പി.ജയരാജന്റേയും രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധവും സംഘർഷവും തുടരുകയാണ്. പലയിടത്തും പൊലീസ് ലാത്തി വീശി. കോഴിക്കോട് 22 എംഎസ്എഫ് പ്രവർത്തകർക്കും കണ്ണൂരിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു. ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല.

കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം മൂന്നാം ദിവസവും സംസ്ഥാനത്തുടനീളം അക്രമാസക്തമായി. തിരുവനന്തപുരത്ത് മഹിളാ മോർച്ച പ്രവർത്തകർ സെക്രട്ടറിയറ്റിന്റെ മതിൽച്ചാടിക്കടക്കാനും ബാരിക്കേഡ് മറച്ചിടാനും ശ്രമിച്ചു. സംഘർഷത്തെത്തുടർന്ന് കൊടുങ്ങല്ലൂരിലെ ബിജെപി മാർച്ചിലേയ്ക്ക് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കുഴഞ്ഞുവീണ പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരത്തും കോഴിക്കോട്ടും കാസർക്കോട്ടും എംഎസ്എഫ് മാർച്ച് സംഘർഷത്തിലെത്തിയപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, ലാത്തി വീശി. കോഴിക്കോട് രണ്ടുപേർക്ക് പരുക്കേറ്റു. മട്ടന്നൂരിലെ മന്ത്രി ഇ.പി.ജയരാജന്റെ വീടിനുമുന്നിലെ യൂത്ത് കോൺഗ്രസ് മാർച്ച് മാർച്ചും അക്രമാസക്തമായി. നാലുപേർക്ക് പരുക്കേറ്റു