ന്യൂഡൽഹി: ഡൽഹി സന്ദർശനത്തിനിടെ കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരിയുമായി കീഴാറ്റൂർ വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച ചെയ്യുമെന്ന പ്രതീക്ഷകൾ അസ്ഥാനത്തായി. ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കീഴാറ്റൂർ വിഷയം ചർച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പിണറായി വിജയൻ. കീഴാറ്റൂർ വിഷയത്തിൽ പറയാനുള്ളതെല്ലാം നേരത്തെ വിശദമാക്കിയതാണെന്നും അതിനാൽ അതൊന്നും ഇവിടെ ചർച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം പാർട്ടി യോഗത്തിൽ പങ്കെടുക്കാനായിരുന്നെങ്കിലും, ഗഡ്കരിയുമായി കീഴാറ്റൂർ വിഷയം സംസാരിക്കുമെന്നായിരുന്നു പ്രതീക്ഷ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നേരത്തെ വിഷയത്തിൽ കേന്ദ്രത്തിന് കത്തെഴുതുക കൂടി ചെയ്തതോടെ പ്രശ്‌നത്തിന് പരിഹാരമാവുകയാണെന്ന് എല്ലാവരും കരുതി.എന്നാൽ മുഖ്യമന്ത്രി ഈ വിഷയം ഉന്നയിക്കാൻ തയ്യാറായില്ല. കേന്ദ്രവുമായി ചർച്ച ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെ വയൽക്കിളികളും സ്വാഗതം ചെയ്തിരുന്നു. സർക്കാർ വയലിൽ നിന്ന് കരയ്ക്ക് കയറുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കകം പശ്‌നപരിഹാരമില്ലെങ്കിൽ തലസ്ഥാനത്തേക്ക് ലോങ് മാർച്ച് നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

ദേശീയ ജലപാത പദ്ധതി ഉൾപ്പെടെ അഞ്ചു വിഷയങ്ങളാണ് കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്തത്. ദേശീയ ജലപാത കോഴിക്കോട് നിന്ന് ഹോസ്ദുർഗ് വരെയും കൊല്ലം മുതൽ കോവളം വരെയും നീട്ടാനാണ് സർക്കാരിന്റെ ഉദ്ദേശ്യം. ഈ വിഷയത്തിൽ കേന്ദ്രമന്ത്രിയിൽ നിന്നും അനുഭാവപൂർവ്വമായ സമീപനമാണുണ്ടായതെന്നും, ഇതോടൊപ്പം തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ വിഷയവും ചർച്ച ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ 59 പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തിരുന്നെങ്കിലും മൂന്നെണ്ണത്തിന് മാത്രമാണ് അംഗീകാരം ലഭിച്ചത്. 192 കിലോമീറ്റർ റോഡ് നിർമ്മിക്കാൻ നിർദേശമുണ്ടെങ്കിലും 18 കിലോമീറ്റർ നിർമ്മിക്കാൻ മാത്രമാണ് അംഗീകാരം കിട്ടിയത്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ദേശീയ ജലപാതയുടെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചുള്ള കാര്യങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും, ഇക്കാര്യങ്ങൾ വിശദമാക്കിയ നിവേദനങ്ങൾ അദ്ദേഹത്തിന് കൈമാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ച പോസീറ്റിവായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വയൽ നികത്തി ബൈപ്പാസ് നിർമ്മിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ ബഹുജന സമരം ശക്തമായതോടെ മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര ഏറെ ശ്രദ്ധ നേടിയിരുന്നു. മറ്റെല്ലാ ബദൽ മാർഗ്ഗങ്ങളും ഇല്ലാതായാൽ മാത്രമേ ആകാശപ്പാതയുടെ കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നാണ് സമരരംഗത്തുള്ള വയൽക്കിളികളുടെ നിലപാട്. ആകാശപ്പാതയോട് ദേശീയപാതാ അഥോറിറ്റിയും അനുകൂലമല്ല. ആദ്യം പരിഗണിച്ച ചില പ്ലാനുകൾ വീണ്ടും ദേശീയപാതാ അഥോറിറ്റി പരിഗണിക്കുന്നുണ്ട്.

ഭൂമി ഏറ്റെടുത്തു നൽകിയാൽ ദേശീയപാതാ വികസനം വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നു കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനം നേരിടുന്ന ബുദ്ധിമുട്ടുകൾ കേന്ദ്രത്തെ അറിയിച്ചു. തലപ്പാടി- ചെങ്ങള, ചെങ്ങള- നീലേശ്വരം പാതയുടെ വികസന കാര്യത്തിൽ ഭൂമിയുടെ വിലയാണ് പ്രശ്നമായത്. അവിടെ ഭൂമിക്കു വില കൂടുതലാണെന്ന നിലപാടാണു കേന്ദ്രസർക്കാരിനുള്ളത്. എന്നാൽ നിലവിലുള്ള വില വച്ചാണ് ജില്ലാ കളക്ടർ ഭൂമി ഏറ്റെടുത്തത്. ഇക്കാര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള നിരക്കാണ് കളക്ടർ പരിഗണിച്ചത്. ഇതിനോടു മന്ത്രാലയം യോജിച്ചില്ല. ഇത് വിശദമായി ചർച്ച ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇക്കാര്യത്തിൽ ഇരുകൂട്ടരും നിർദേശങ്ങൾ പങ്കുവച്ചു.

തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ കാര്യത്തിൽ മുമ്പ് 59 പദ്ധതികളാണു ചർച്ച ചെയ്തത്. എന്നാൽ മൂന്നെണ്ണം മാത്രമാണു നടപ്പാക്കിയത്. 192കിലോമീറ്റർ റോഡ് നിർമ്മിക്കാൻ നിർദേശമുണ്ടായിരുന്നപ്പോൾ 18കിലോമീറ്റർ മാത്രമാണ് അംഗീകരിച്ചത്. ഇക്കാര്യത്തിൽ പുനർചിന്തനം വേണമെന്ന ആവശ്യത്തോടു കേന്ദ്രസർക്കാർ അനുകൂല നിലപാടാണു സ്വീകരിച്ചത്. ഭൂമി ഏറ്റെടുത്തു നൽകിയാൽ ബാക്കി കാര്യങ്ങൾ നിർവഹിക്കാമെന്നു കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ട്.

ദേശീയജലപാതാ വികസനത്തിന്റെ കാര്യത്തിൽ കൊല്ലം- കോഴിക്കോട്- ഹോസ്ദുർഗ് പാത ബേക്കൽ വരെയും കോവളം വരെയും വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സ്പെഷൽ പർപ്പസ് വെഹിക്കിളിന് സിയാലുമായി ചേർന്നു രൂപം നൽകും. 5000കോടി രൂപ ചെലവു വരും. ദേശീയജലപാതാ വികസനം ഇതു കൂടി ചേർത്താലേ പൂർത്തിയാകൂ. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പൂർണസമ്മതമാണുള്ളത്.

കൊച്ചി നഗരത്തിലെ കനാലുകളുടെ നവീകരണത്തിനും തിരുവനന്തപുരം നഗരത്തിലെ റിങ്റോഡുകളുടെ വികസനത്തിനും വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.