- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്കുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; നിക്ഷേപ സാധ്യതകളിൽ ചർച്ച; എക്‌സ്‌പോ കേരള പവലിയൻ ഉദ്ഘാടനത്തിൽ മുഖ്യാതിഥി ശൈഖ് നഹ്യാൻ
അബുദാബി: ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇ ലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള വരവേൽപ്പ്. അബുദാബി രാജകുടുംബാംഗവും യു എ ഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ശൈഖ് നഹ്യാന്റെ മകനും യു എ ഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ഷഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയെ അബുദാബിയിലെ കൊട്ടാരത്തിൽ വെച്ച് സ്വീകരിച്ചത്.
യുഎഇ സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി കേരളത്തിലെ വ്യവസായ അന്തരീക്ഷവും നിക്ഷേപ സാധ്യതകളും പങ്കുവച്ചു.
മലയാളികളുടെ സംഭാവനകൾ യുഎഇയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചതായി ഷെയ്ഖ് നഹ്യാൻ അഭിപ്രായപ്പെട്ടു. വികസനത്തിനുള്ള അംഗീകാരമാണ് കേരളത്തിലെ ഭരണ തുടർച്ചയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ബിസിനസുകാരുടെ അബുദാബിയിലെ സംഘടനയായ ഐബിപിജി നൽകുന്ന സ്വീകരണചടങ്ങിലും പിണറായി വിജയൻ പങ്കെടുക്കും.
കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി ശൈഖ് നഹ്യാന് കൂടിക്കാഴ്ചക്ക് ശേഷം സമ്മാനിച്ചു. വെള്ളിയാഴ്ച ദുബായിൽ എക്‌സ്‌പോ 2020 കേരള പവലിയൻ ഉദ്ഘാടന ചടങ്ങിന്റെ മുഖ്യാതിഥിയാകാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം എക്‌സ്‌പോ കമ്മീഷണർ ജനറൽ കൂടിയായ ശൈഖ് നഹ്യാൻ സ്വീകരിച്ചു.
വ്യവസായ മന്ത്രി പി. രാജീവ്, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യുസഫലി, കെ എസ് ഐ ഡി മാനേജിങ് ഡയറക്ടർ എം ജി രാജമാണിക്കം, മുഖ്യമന്ത്രിയുടെ ഒ എസ് ഡി മിർ മുഹമ്മദ് എന്നിവരും സന്നിഹിതരായിരിന്നു
മറുനാടന് മലയാളി ബ്യൂറോ