കണ്ണൂർ : തനിക്കും പെൺമക്കളടങ്ങുന്ന കുടുംബത്തിനും നേരെ നടന്ന അക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞത് ലോക്കൽ പാർട്ടിക്കാർ പറയുന്നത് പോലെയെന്ന് കുട്ടിമാക്കൂൽ സംഭവത്തിനിരയായ ദളിത്ത് പിതാവ് എൻ.രാജൻ പറയുന്നു.

പാർട്ടിക്കാർ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളാണ് മുഖ്യമന്ത്രി നിയമസഭയിൽ പോലും പറയുന്നത് സിപിഐ(എം) കാർ പ്രചരിപ്പിക്കുന്ന കള്ളം ലോക്കൽ തലത്തിൽ നിന്നും നിയമസഭ വരെ എത്തിനിൽക്കയാണ്. പിന്നെ ഞങ്ങൾക്കെങ്ങിനെ ഈ ഭരണകൂടത്തിൽ നിന്നും നീതി ലഭിക്കും ? രാജൻ പറയുന്നു . ദളിതരെ സംരക്ഷിക്കുമെന്ന് പറയുന്നവർ തന്റെ കുടുംബത്തിന്റെ അവസ്ഥ ഒന്നന്വേഷിക്കണം. സംഭവം നടന്നിട്ട് ആഴ്‌ച്ചകളായിട്ടും മുഖ്യമന്ത്രിയും തലശ്ശേരി എംഎ‍ൽഎ യും ഇവിടെ വരാത്തതെന്താണ് ? പാർട്ടി നേതൃത്വവും പൊലീസും തങ്ങളെ ജയിലിലടച്ചതിനും പീഡിപ്പിച്ചതിനും ഉത്തരവാദികളാണ്.

പൊലീസ് സ്‌റ്റേഷനിൽ ചെല്ലുമ്പോൾ തങ്ങൾക്കൊപ്പം കുട്ടികളില്ലെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ഇത് സത്യ വിരുദ്ധമാണ്. സ്റ്റേഷനിൽ വച്ച് രണ്ട് വനിതാ പൊലീസുകാർ കുഞ്ഞിന് ഭക്ഷണവും വെള്ളവും നൽകിയിരുന്നു. അവർ തന്നെയാണ് കോടതിയിൽ പോകുമ്പോഴും തങ്ങളോടൊപ്പം വന്നിരുന്നത്. തലശ്ശേരി പൊലീസ് സ്‌റ്റേഷനിലെ സി.സി. ടി.വി. ക്യാമറയിൽ ഇത് പതിഞ്ഞിട്ടുണ്ടാകുമെന്നും അതിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകണമെന്നും രാജൻ പറഞ്ഞു.

മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തുമ്പോഴും കുഞ്ഞുണ്ടായിരുന്നു. കാര്യങ്ങൾ ഇതെല്ലാമായിട്ടും മുഖ്യമന്ത്രി സ്വന്തം പദവി മറക്കുകയാണ്. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയപ്പോൾ ജാമ്യ ഹരജി നല്കിയില്ലെന്നത് അടിസ്ഥാന രഹിതമാണ്. പെൺമക്കളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചതിനാൽ തന്റെ സഹോദരനേയും മറ്റൊരു സ്ത്രീയേയും ജാമ്യക്കാരായി കൊണ്ടു പോയിരുന്നു. എന്നാൽ ്അതൊന്നും പരിഗണിക്കാതെ മജിസ്‌ട്രേറ്റ് അവരെ റിമാന്റ് ചെയ്യുകയായിരുന്നു.

സിപിഐ.(എം). പ്രവർത്തകർ തങ്ങളെ മർദ്ദിച്ച സംഭവത്തിൽ മൊഴി രേഖപ്പെടുത്തണമെന്ന വ്യാജേനയാണ് ഞങ്ങളെ പൊലീസ് സ്‌റ്റേഷനിൽ വിളിപ്പിച്ചത്. അവിടെയെത്തിയപ്പോൾ കാര്യങ്ങൾ കരണം മറിഞ്ഞു. ഞാനും അഞ്ജനയും അഖിലയും അവളുടെ ഭർത്താവും സിപിഐ.(എം). പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളാണെന്നും അതിനാൽ അഖിലയേയും അഞ്ജനയേയും അറസ്റ്റ് ചെയ്യുകയാണെന്നും അറിയിച്ചു. പൊലീസ് കള്ളം പറഞ്ഞ് പെൺമക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. എല്ലാം മുൻകൂട്ടി തയ്യാറാക്കിയ നാടകമായിരുന്നു. പൊലീസ് സ്‌റ്റേഷൻ മുതൽ മജിസ്‌ട്രേറ്റ് വരെ അതിൽ പങ്കാളികളായതായി ഞങ്ങൾ സംശയിക്കുന്നു. മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ ഹൈക്കോടതി രജിസ്ട്രാർക്കും പൊലീസിന്റെ നടപടിക്കെതിരെ പൊലീസ് കംപ്ലെന്റ് അഥോറിറ്റിക്കും പരാതി നൽകിയതായി രാജൻ പറയുന്നു.

തലശേരിയിൽ ദളിത് യുവതികൾ ജയിലടയ്ക്കപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണമാണ് പുതിയ വിവാദത്തിന് കാരണം. നിയമസഭയിൽ ഇരിക്കൂർ എംഎ‍ൽഎ കെ.സി ജോസഫ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് നോട്ടീസിന് മറുപടി നൽകിയ മുഖ്യമന്ത്രി സുപ്രീം കോടതി മാനദണ്ഡപ്രകാരമാണ് യുവതികളുടെ അറസ്റ്റ് നടന്നതെന്ന് വ്യക്തമാക്കി. പാർട്ടി ഓഫീസിൽ കയറി ബഹളം വച്ചതിനാണ് യുവതികൾക്കെതിരെ കേസെടുത്തത്. യുവതികളെ ആക്ഷേപിച്ച സംഭവത്തിൽ പാർട്ടി പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും പിണറായി വിജയൻ അറിയിച്ചു.

ചർച്ചയ്ക്കിടെ കെ.സി ജോസഫ് ദളിത് യുവതികൾക്ക് ജാമ്യം നിഷേധിച്ച മജിസ്‌ട്രേറ്റിനെ വിമർശിച്ച് സംസാരിച്ചപ്പോൾ 'നീലക്കുറുക്കൻ' പരാമർശവും അതേ തുടർന്നുണ്ടായ നടപടിയും ഓർമ്മിക്കുന്നത് നന്നായിരിക്കുമെന്ന് പിണറായി മുന്നറിയിപ്പ് നൽകി. സഭയ്ക്കുള്ളിലെ അംഗങ്ങളുടെ ആനുകൂല്യങ്ങൾ ദുരുപയോഗിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിശദീകരണത്തിനിടെയാണ് പൊലീസ് സ്‌റ്റേഷനിലെത്തുമ്പോൾ യുവതികളുടെ കൈയിൽ കുട്ടിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്.