തിരുവനന്തപുരം: ഒരു വർഷത്തിനിടെ സംസ്ഥാന സർക്കാർ നടപ്പാക്കിയ ജനക്ഷേമ, വികസന പദ്ധതികൾ വലിയ ജനപിന്തുണ നേടുന്നതിലുള്ള വെപ്രാളമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെതിരെ കൊണ്ടുവന്ന ബാലിശവും യുക്തിരഹിതവുമായ കുറ്റപത്രത്തിൽ തെളിയുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. ഒരു വർഷം കൊണ്ട് സർക്കാർ കേരളത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയെന്നും എന്തൊക്കെ പദ്ധതികൾ നടപ്പാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച വിവരിച്ചിരുന്നു. അവയിൽ ഒന്നുപോലും നിഷേധിക്കാനോ ഒന്നിനു പോലും മറുപടി പറയാനോ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല.

മുഖ്യമന്ത്രി പറഞ്ഞ നേട്ടങ്ങളെല്ലാം ജനങ്ങൾക്ക് ബോധ്യമുള്ള കാര്യങ്ങളാണ്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനു പോലും നിഷേധിക്കാൻ കഴിയാത്തത്. ഈ സർക്കാർ വന്നശേഷം ക്ഷേമപെൻഷൻ കുടിശ്ശിക വീടുകളിൽ എത്തിച്ചുവെന്ന് മാത്രമല്ല, പെൻഷനുകൾ 600 രൂപയിൽ നിന്ന് 1100 രൂപയായി വർധിപ്പിക്കുകയും ചെയ്തു. ഈ രീതിയിൽ സമൂഹത്തിനാകെ പ്രയോജനവും ആശ്വാസവും നൽകുന്ന കാര്യങ്ങളാണ് സർക്കാർ ചെത്തുകൊണ്ടിരിക്കുന്നത്. സമ്പൂർണ വൈദ്യുതീകരണത്തിലൂടെ കേരളം രാജ്യത്തിന് മറ്റെരു മാതൃക സൃഷ്ടിക്കുകയാണ്. കടുത്ത വരൾച്ചയിലും കേരളത്തിൽ പവർകട്ടോ, ലോഡ് ഷെഡിങ്ങോ ഇല്ല. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്‌കൂൾ തുറക്കുംമുമ്പ് പാഠപുസ്തകങ്ങൾ ലഭ്യമാക്കി. ഭൂരഹിതർക്കും കുടിയേറ്റ കർഷകർക്കും പട്ടയം നൽകുമെന്ന വാഗ്ദാനം സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

അഴിമതിയുടെ ജീർണ സംസ്‌കാരം എൽഡിഎഫ് സർക്കാർ ഇല്ലാതാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത് പ്രതിപക്ഷ നേതാവ് അംഗീകരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ 'കുറ്റപത്രം' തെളിയിക്കുന്നത്. പശ്ചാത്തല വികസന രംഗത്ത് സർക്കാരിന്റെ ഇഛാശക്തിയോടെയുള്ള ഇടപെടലിന്റെ ഫലം മുഖ്യമന്ത്രി വിശദീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ലക്ഷക്കണക്കിനാളുകൾ പണിയെടുക്കുന്ന കയർ, കൈത്തറി, കശുവണ്ടി മേഖലയുടെ സംരക്ഷണത്തിനും നവീകരണത്തിനും പദ്ധതികൾ നടപ്പാക്കാൻ തുടങ്ങി. കൈത്തറിയുടെ ആഭ്യന്തര വിപണി വികസിപ്പിക്കുന്നതിനാണ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി കൈത്തറി യൂണിഫോം നൽകുന്നത്. പ്രൊഫഷണൽ കോഴ്‌സിന് ചേരാൻ വായ്പയെുടത്ത് കടക്കെണിയിലായ കുടുംബങ്ങളെ രക്ഷിക്കാൻ 900 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി സർക്കാർ നടപ്പാക്കുകയാണ്.

ആദിവാസികൾ കഴിഞ്ഞാൽ സാമ്പത്തികവും സാമൂഹികവുമായി ഏറെ പിന്നോക്കം നിൽക്കുന്നവരാണ് മത്സ്യത്തൊഴിലാളികൾ. അവരുടെ ക്ഷേമത്തിന് സർക്കാർ സമാനതകളില്ലാത്ത നടപടികളാണ് എടുക്കുന്നത്. നാലു മിഷനുകളിലൂടെ കേരളത്തിന്റെ വികസന വെല്ലുവിളി നേരിടാനുള്ള പരിശ്രമം തുടങ്ങികഴിഞ്ഞു. ആധുനിക വ്യവസായങ്ങൾ അഭിവയോധികിപ്പെടുത്തുകയും പുതിയ നിക്ഷേപം ആകർഷിക്കുകയും ചെയ്യാൻ സമഗ്രമായ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. സർക്കാർ നടപ്പാക്കിയ ജനക്ഷേമ-വികസന പദ്ധതികളിൽ ചിലതു മാത്രമേ ഇവിടെ സൂചിപ്പിച്ചിട്ടുള്ളുവെന്നും വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

അന്ധമായ രാഷ്ട്രീയ വിരോധം കാരണം ഇതൊന്നും പ്രതിപക്ഷ നേതാവിന് കാണാൻ കഴിയുന്നില്ല. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ രമേശ് ചെന്നിത്തല ശ്രമിക്കുമ്പോൾ കേരളത്തെ അര നൂറ്റാണ്ട് പിറകോട്ട് കൊണ്ടുപോയ യുഡഎഫിനെ തന്നെയാണ് ജനങ്ങൾ കുറ്റവാളിയായി കാണുക. സർക്കാർ നടപ്പാക്കിയതും നടപ്പാക്കാൻ തീരുമാനിച്ചതുമായ മുഴുവൻ കാര്യങ്ങളും മറച്ചുവെച്ച് സർക്കാരിനെ കുറ്റപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ പരിഹാസ്യമാണ്. ചെന്നിത്തലയുടെ ആരോപണങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കാൻ അദ്ദേഹം ഒന്നാമതായി ഉന്നയിച്ച കാര്യം പരിശോധിച്ചാൽ മതി.

ദശാബ്ദങ്ങളായി കേരളത്തിൽ നിലനിൽക്കുന്ന സ്റ്റാറ്റിയൂട്ടറി റേഷൻ ഈ സർക്കാർ മുടക്കി എന്നാണ് ആരോപണം. എന്നാൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് പ്രൊഫ. കെ.വി. തോമസ് ഭക്ഷ്യമന്ത്രിയായിരിക്കുമ്പോൾ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ ഫലമായിട്ടാണ് കേരളത്തിന് അർഹമായ അരി വിഹിതം കിട്ടാത്തത്. ഈ നിയമം നടപ്പായപ്പോൾ കേരളത്തിന് രണ്ടുലക്ഷം ടൺ അരിയുടെ കുറവ് വന്നു. കേന്ദ്രത്തിൽ നിന്ന് അധിക വിഹിതം നേടി റേഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകാൻ സർക്കാരിന് കഴിയുന്നുണ്ട്.

രണ്ടാമതായി പ്രതിപക്ഷ നേതാവ് ഉന്നയിച്ച കാര്യം റേഷൻ കാർഡ് ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നാണ്. യുഡിഎഫ് ഭരിച്ച അഞ്ചുവർഷവും റേഷൻ കാർഡ് പുതുക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. അവരുടെ കാലത്ത് തയാറാക്കിയ റേഷൻ കാർഡിൽ ശരിയേക്കാൾ തെറ്റുകളായിരുന്നു കൂടുതൽ. റേഷൻ കാർഡ് മൊത്തം അവതാളത്തിലാക്കിയവർ ഇപ്പോൾ ഈ സർക്കാരിനെതിരെ വിരൽ ചൂണ്ടുന്നത് അത്ഭുതകരമാണ്. തെറ്റുകൾ തിരുത്തി റേഷൻ കാർഡ് വിതരണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട് എന്നതുപോലും പ്രതിപക്ഷ നേതാവ് മനസ്സിലാക്കിയിട്ടില്ല.

മൂന്നാമത് അദ്ദേഹം ഉന്നയിച്ചത് അരി വില കൂടിയപ്പോൾ സർക്കാർ ഒന്നും ചെയ്തില്ലെന്നാണ്. ഇതും മലർന്നുകിടന്ന് മേലോട്ട് തുപ്പുന്നതിന് തുല്യമാണ്. പൊതുവിതരണ സംവിധാനം തന്നെ തകർക്കാൻ ശ്രമിച്ചവരാണ് ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത്. സിവിൽ സപ്ലൈസ് കോർപറേഷനെ അഴിമതിയുടെ കൂത്തരങ്ങാക്കുകയാണ് യുഡിഎഫ് ചെയ്തത്. എന്നാൽ അതിനെ അഴിമതി മുക്തമാക്കി ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ഏജൻസിയായി സർക്കാർ മാറ്റി. ബംഗാളിൽ നിന്ന് അരി കൊണ്ടുവന്നാണ് ഇവിടെ വില നിയന്ത്രിച്ചത്. വിലക്കയറ്റം തടയാൻ സപ്ലൈകോ 440 കോടി രൂപ സബ്‌സിഡിയായി വിനിയോഗിച്ചു. അഞ്ചുവർഷത്തേക്ക് 13 ഇനം സാധനങ്ങളുടെ വില കൂട്ടില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അഴിമതിയെക്കുറിച്ച് ഒന്നും പറയാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല എന്നത് സഹതാപമർഹിക്കുന്നു.

മുൻ മന്ത്രിയുടെ സഹോദരൻ ദേവസ്വം ബോർഡിൽ ഗുരുതരമായ അഴിമതി കാണിച്ചപ്പോൾ മാറ്റിനിർത്താൻ സ്വന്തം പാർട്ടിക്കാരനായ ബോർഡ് ചെയർമാൻ നിർബന്ധിക്കപ്പെട്ട സാഹചര്യത്തിലെങ്കിലും അഴിമതിയെക്കുറിച്ച് അദ്ദേഹം എന്തെങ്കിലും പറയേണ്ടതായിരുന്നു. ബാലിശവും വാസ്തവവിരുദ്ധവുമായ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. അതൊന്നും മറുപടി അർഹിക്കുന്നില്ല.

യുഎപിഎയുടെ കാര്യത്തിലും രമേശ് ചെന്നിത്തല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. 2012 മുതൽ 162 യുഎപിഎ കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. അതിൽ 136 കേസുകൾ യുഡിഎഫ് കാലത്താണ് എടുത്തത്. എൽഡിഎഫ് എടുത്തത് 26 മാത്രം. ഇതിൽ കുറ്റപത്രം നൽകാത്ത 42 കേസുകൾ പുനഃപരിശോധിക്കാനും കോടതിയുടെ അനുമതിയോടെ പിൻവലിക്കാനും തീരുമാനിച്ചിട്ടുണ്ട്. പുനഃപരിശോധിക്കുന്ന 42 കേസുകളിൽ 25 കേസുകളും എൽഡിഎഫ് കാലത്തേതാണ്. ഈ വസ്തുത മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീകൾക്കെതിരായ അതിക്രമം നടന്ന എല്ലാ കേസുകളിലും സർക്കാർ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. ചില കേസുകളിൽ പൊലീസിന്റെ ഭാഗത്ത് പോരായ്മയുണ്ടായപ്പോൾ അത് തിരുത്താനും അച്ചടക്ക നടപടിയെടുക്കേണ്ട കേസുകളിൽ അത് ചെയ്യാനുമാണ് സർക്കാർ തയാറായത്. കേരളത്തിലെ സ്ത്രീസമൂഹം അത് അംഗീകരിക്കുന്നുണ്ട്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് എടുത്ത സത്വരവും ശക്തവുമായ നടപടികളിൽ സിനിമാലോകം പൊതുവിലും വനിതാ സിനിമാ പ്രവർത്തകർ പ്രത്യേകിച്ചും മതിപ്പു പ്രകടിപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം.

അറുപതു വർഷം മുമ്പ് 1957-ൽ ഇഎംഎസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചെലവും ഈ സർക്കാരിന്റെ ചെലവുമായാണ് ചെന്നിത്തല താരതമ്യപ്പെടുത്തുന്നത്. അതൊന്നും മറുപടി അർഹിക്കുന്നില്ല. സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നാണ് മറ്റൊരു ആക്ഷേപം. നല്ല കൂട്ടുത്തരവാദിത്തത്തോടെയും ഐക്യത്തോടെയും പരസ്പര വിശ്വാസത്തോടെയുമാണ് സർക്കാർ നീങ്ങുന്നത്. യുഡിഎഫിന് ഇങ്ങനെയൊരു ഭരണം ചിന്തിക്കാനാവില്ല. 2011 മുതൽ 2016 വരെയുള്ള യുഡിഎഫിന്റെ അഞ്ചുവർഷം മന്ത്രിസഭയും സർക്കാരും എങ്ങനെ പ്രവർത്തിച്ചുവെന്ന് ജനങ്ങൾക്കറിയാം. അത് ഓർമ്മിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.