തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രണ്ടാം തരംഗത്തെ ഭയക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. രോഗമുക്തി ഉയരുന്നതിനാൽ ജാഗ്രത കൈവെടിയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും വഴിയോര ഭക്ഷണശാലകൾക്കും എതിരെ നടപടി സ്വീകരിക്കും. ഹോട്ടലുകളിലെ എസി മുറികളിൽ ശാരീരിക അകലം പാലിക്കാതെ ആളുകൾ തിങ്ങിനിറഞ്ഞ് ഇരിക്കരുത്. ആളുകൾ തിങ്ങിനിറയാൻ ഹോട്ടൽ നടത്തിപ്പുകാർ അനുവദിക്കരുത്.

വഴിയോര കടകൾക്കു മുൻപിൽ കൂട്ടംകൂടുന്നതും അനുവദിക്കാൻ കഴിയില്ല. ജനസംഖ്യ കണക്കിലെടുത്താൽ അതിനനുസരിച്ച് കൂടുതൽ ഭക്ഷണശാലകളുള്ള സ്ഥലമാണു കേരളം. കോവിഡ് തരംഗത്തിന്റെ ഉറവിടമായി ഭക്ഷണശാലകൾ മാറുമെന്നാണു വിദഗ്ദ്ധർ പറയുന്നത്. അതിനാൽ ജാഗ്രതയോടെ ഹോട്ടലുകൾ പ്രവർത്തിക്കണം. ജാഗ്രതയോടെ വേണം ഹോട്ടലുകൾ സന്ദർശിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഇപ്പോഴത്തെ സാഹചര്യം കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നതാണ്. മഹാമാരി ലോകത്ത് മറ്റ് പ്രദേശങ്ങളിൽ വ്യാപിച്ചത് എങ്ങിനെയെന്ന അനുഭവം പ്രധാനമാണ്. പലയിടത്തും ഒന്നാം തരംഗത്തിന് ശേഷം രണ്ടാമതും മൂന്നാമതും വ്യാപനമുണ്ടായി. ഇത് രൂക്ഷവുമായിരുന്നു. രോഗികളുടെ എണ്ണം കുറയുന്ന ഘട്ടത്തിൽ ജാഗ്രതയിൽ വീഴ്ച സംഭവിക്കുന്നതും ആളുകൾ അടുത്ത് ഇടപഴകുമ്പോഴുമാണ് രോഗം ഉച്ഛസ്ഥായിയിൽ എത്തുന്നത്. അതുകൊണ്ട് ജനം ശ്രദ്ധ കൈവിടരുത്.

യൂറോപ്പിലും അമേരിക്കയിലുമുണ്ടായ രണ്ടാം തരംഗത്തിന്റെ പഠനത്തിൽ, രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടം ഭക്ഷണശാലകളും പബുകളുമാണ്. ഈ ഘട്ടത്തിൽ കേരളത്തിൽ വലിയ ശ്രദ്ധ കൊടുക്കണം. നിയന്ത്രണങ്ങളും മുൻകരുതലും പാലിക്കാതെ വലിയ ഹോട്ടലുകളും വഴിയോര ഭക്ഷണശാലകളും പ്രവർത്തിക്കുന്നു. അവർക്കെതിരെ നടപടിയെടുക്കും.

അടച്ചിട്ട എസി മുറികളിൽ അകലമില്ലാതെ ആളുകൾ തിങ്ങിനിറഞ്ഞ് ഇരിക്കരുത്. ഹോട്ടലുകളിൽ ആളുകൾ തിങ്ങിനിറയാതെ കട നടത്തിപ്പുകാർ നോക്കണം. വഴിയോര ഭോജനശാലകൾക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ല.ഏറ്റവും കൂടുതൽ ഭക്ഷണ ശാലകളുള്ള സ്ഥലമാണ് കേരളം. അടുത്ത തരംഗത്തിന്റെ കേന്ദ്രമായി ഹോട്ടലുകൾ മാറിയേക്കും. അതിന് ഇടവരുത്തരുത്. ജാഗ്രതയോടെ മാത്രമേ ഹോട്ടലുകൾ നടത്താനും അവിടം സന്ദർശിക്കാനും പോകാവൂ. പ്രായാധിക്യവും മറ്റ് രോഗാവസ്ഥയും ഉള്ളവരിലാണ് രോഗം മാരകമാവുന്നത്. ഇത് കരുതലോടെ മുന്നോട്ട് കൊണ്ടുപോകണം. എല്ലാവരും ഇത് ശ്രദ്ധിക്കണം.

തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ ഇക്കാര്യം എല്ലാ പ്രവർത്തകരും പ്രത്യേക കരുതലോടെ ശ്രദ്ധിക്കണം. ആശുപത്രി വാസങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന് ഈ കരുതൽ സഹായകരമാകും. രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യം ഉണ്ടായാൽ പൊതുപരീക്ഷയിലൂടെ മൂല്യനിർണയം നടത്തുന്ന ഉയർന്ന ക്ലാസുകളിലെ കുട്ടികൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യം വിദഗ്ദ്ധരുമായി വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കും.

ഉടനടി തീരുമാനം എടുക്കില്ല. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഇന്നത്തെ നിലയിൽ ക്ലാസുകൾ തുറക്കുന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. രോഗവ്യാപന തോത് ഇതേപോലെ കുറയുകയും പുരോഗതിയുണ്ടാവുകയും ചെയ്താൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്കിും മുൻകരുതൽ പാലിച്ച് ക്ലാസ് എടുക്കാനാവുമോയെന്ന് പരിശോധിക്കും.

ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലേറെ പേർക്ക് കോവിഡ് ബാധയുണ്ടായി. നിശ്ചിത ശതമാനം രോഗികളിൽ കോവിഡ് നെഗറ്റീവായ ശേഷവും ശാരീരിക വിഷമതകളുണ്ട്. രോഗം ശക്തമായവരിലാണ് ഈ ബുദ്ധിമുട്ട്. പല അവയവങ്ങൾക്കും സംഭവിച്ച ആഘാതങ്ങളാണ് ഇതിന് കാരണം. അവയുടെ കേടുപാട് പരിഹരിച്ച് പൂർവ സ്ഥിതിയിലാകാൻ സമയം എടുക്കും. രോഗം മാറിയാലും നല്ല ഭക്ഷണവും കൃത്യമായ ഉറക്കവും പാലിച്ച് വിശ്രമിക്കണം. ആരോഗ്യം വീണ്ടെടുത്ത ശേഷമേ ജോലിക്ക് പോകാവൂ.

തീർത്ഥാടന കേന്ദ്രങ്ങളിലെ കോവിഡ് നിയന്ത്രണം ആരോഗ്യമേഖലയിലെ വിദഗ്ദ്ധരോട് ചർച്ച ചെയ്താണ് എടുത്തത്. രോഗവ്യാപനം ഇല്ലാതെ തീർത്ഥാടനം ഒരുക്കാനാണ് ശ്രമം. തീർത്ഥാടകർ മുൻകരുതലിനോട് പൂർണമായും സഹകരിക്കണം. രോഗം വ്യാപിക്കാതെ ശ്രദ്ധിക്കണം. രോഗം പടരാതിരിക്കാൻ മാസ്‌ക് കൃത്യമായി ധരിക്കണം. സ്‌നാന ഘട്ടങ്ങളിൽ കൂട്ടമായി കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത് ഇതുകൊണ്ടാണ്.

അന്നദാനം ശാരീരിക അകലം പാലിച്ച് നടത്താനും ശ്രമം നടക്കുന്നുണ്ട്. ശബരിമല തീർത്ഥാടകർ മറ്റ് പ്രദേശങ്ങളിൽ നിന്ന് വന്നവരുമായി ഇടകലരാതെ ഇരിക്കാൻ ശ്രമിക്കണം. കോവിഡ് ബാധ മാറിയ ശേഷം വരുന്നവർ ലക്ഷണങ്ങൾ പൂർണമായും മാറി ആരോഗ്യം വീണ്ടെടുത്ത ശേഷമേ വരാവൂ.

നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കാണ് നിലവിൽ പ്രവേശനം. നിലക്കലിൽ നടന്ന ടെസ്റ്റുകളുടെ ഫലം പരിശോധിക്കുമ്പോൾ ആയിരത്തിൽ അഞ്ച് പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇത് ശബരിമല തീർത്ഥാടനം സുരക്ഷിതമായി നടത്താമെന്ന ആത്മവിശ്വാസം നൽകുന്നു