തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാൻ, സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇനി ഏർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തരുതെന്ന നിലപാടാണ് വിദഗ്ദ്ധർ മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് സാഹചര്യം വിലയിരുത്താനും മാർഗ നിർദ്ദേശം സ്വീകരിക്കുന്നതിനുമായി പ്രമുഖ ആരോഗ്യ വിദഗ്ധരുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയേയും നമ്മുടെ ജീവനോപാധികളേയും ഇത് വലിയ തോതിൽ പ്രതികൂലമായി ബാധിക്കും. അത് സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ വലുതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസിനെതിരെ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർണായക സ്ഥാനമാണുള്ളതെന്ന് മുഖ്യമന്ത്രി പറയുന്നു. ആദ്യ ഘട്ടത്തിൽ രോഗ വ്യാപനമുണ്ടായപ്പോൾ കാണിച്ച ജാഗ്രത രണ്ടാം ഘട്ടത്തിൽ പല തദ്ദേശ സ്ഥാപനങ്ങളും കാണിച്ചില്ലെന്ന വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു. വാർഡ് തലത്തിൽ രൂപീകരിച്ച പല സമിതികളും രണ്ടാം തരംഗ സമയത്ത് വളരെ നിർജീവമായെന്നും അദ്ദേഹം ആരോപിച്ചു.

പലയിടങ്ങളിലും ക്വാറന്റൈൻ ലംഘനമടക്കമുള്ള സംഭവിച്ചു. രോഗികളിൽ ചിലർ ഇറങ്ങി നടക്കുന്ന സാഹചര്യം വരെയുണ്ടായി. അത്തരം സാഹചര്യങ്ങൾ രോഗ വ്യാപനം ഉയരാൻ ഇടയാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തദ്ദേശ പ്രതിനിധികളും ഉദ്യോഗസ്ഥരും ഒരിക്കൽ കൂടി സടകുടഞ്ഞ് എഴുന്നേൽക്കണം. അങ്ങനെയെങ്കിൽ രണ്ടാഴ്ച കൊണ്ട് ഇപ്പോഴത്തെ വ്യാപനത്തെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിരീക്ഷണങ്ങളിൽ ഇരിക്കേണ്ടവർ ഇറങ്ങി നടക്കുന്നത് നിരീക്ഷിക്കാനായി അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കണം. അവരിൽ നിന്ന് പിഴ ഈടാക്കണം. പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങളിലാക്കണം. ക്വാറന്റൈൻ ചെലവ് അവരിൽ നിന്ന് ഈടാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സിഎഫ്എൽടിസികൾ പലയിടത്തും നിർജീവമാണ്. തദ്ദേശസ്ഥാപനങ്ങൾക്ക് അത് നടത്തിക്കാൻ സാമ്പത്തിക പ്രയാസമുണ്ടെങ്കിൽ സർക്കാർ സഹായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.