തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങൾ സജ്ജമായതുകൊണ്ടാണ് കോവിഡ് വ്യാപനം പിടിച്ചു നിർത്താനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കേസുകൾ ഇപ്പോഴും ഉയർന്ന് നിൽക്കുന്നത് നേരത്തെ രോഗം ബാധിക്കാത്ത ഒരുപാട് പേർ ഇവിടെയുള്ളതുകൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഏത് കാര്യത്തിന് വ്യത്യസ്ത അഭിപ്രായം ഉള്ളവർ ഉണ്ട്. വാക്‌സീൻ എടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇനിയും വാക്‌സീൻ എടുക്കാത്തവർ എത്രയും പെട്ടന്ന് വാക്‌സീൻ എടുക്കണം. കോവിഡ് എറ്റവും മൂർച്ഛിച്ചപ്പോഴും നമ്മുടെ ശേഷിക്കപ്പുറം രോഗം പോയില്ലെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ അത്ര കണ്ട് സജ്ജമായിരുന്നതുകൊണ്ടാണ് രോഗവ്യാപനം പരിധി വിടാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. അതുകൊണ്ടാണ് എറ്റവും കുറഞ്ഞ മരണ നിരക്ക് നിലനിർത്താനായത്. സംസ്ഥാനത്ത് ഇത് വരെ 96 ശതമാനം പേർ ആദ്യ ഡോസും, 65 ശതമാനം പേർ രണ്ടാം ഡോസും വാക്‌സീൻ എടുത്തു. പതിനഞ്ചാം തീയതിക്കുള്ളിൽ രണ്ടാം ഡോസ് പൂർത്തിയാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറയുന്നു.

കോവിഡ് വ്യാപിക്കുന്നു എന്നു ചിലർ പറയുന്നുണ്ട്. കോവിഡ് ബാധിക്കാത്ത നിരവധി പേർ കേരളത്തിൽ ഉള്ളതു കൊണ്ടാണിതെന്നാണ് പിണറായി വിജയന്റെ വിശദീകരണം. എല്ലായിടത്തും വലിയ കോവിഡ് ബാധ ഉണ്ടായപ്പോൾ നമ്മൾ പ്രതിരോധം തീർത്തു, വിമർശിക്കുന്നവർക്ക് ഇത് മനസ്സിലാകാത്തതു കൊണ്ടല്ല അവർ പ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.