- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപിയല്ല സിപിഎമ്മാണെന്ന കെ.സുധാകരന്റെ പരാമർശത്തിന് മറുപടി നൽകേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ്; തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കൂട്ടുചേരുന്നതിന് കോൺഗ്രസിന് മടിയുണ്ടായിട്ടില്ല; ഇതെല്ലാം തൊട്ട് മുന്നിലുള്ള അനുഭവങ്ങളാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം:കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപിയല്ല സിപിഎമ്മാണെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പരാമർശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകേണ്ടത് താനല്ലെന്നും കോൺഗ്രസ് ദേശീയനേതൃത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കൂട്ടുചേരുന്നതിന് കോൺഗ്രസിന് മടിയുണ്ടായിട്ടില്ലെന്നും ഇതെല്ലാം നമ്മുടെ മുന്നിലുള്ള അനുഭവങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ വാക്കുകൾ: ''സുധാകരന്റെ പരാമർശത്തിന് കോൺഗ്രസ് നേതൃത്വമാണ് മറുപടി നൽകേണ്ടത്. ഞാനല്ല. കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് ഇതാണോയെന്ന് നേതൃത്വമാണ് പറയേണ്ടത്. ഇത് ഞങ്ങൾ നേരത്തെയും ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ വരുന്ന ഘട്ടത്തിൽ നിങ്ങളോട് തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. അത് എന്ത് സന്ദേശമാണ് നൽകുകയെന്നത്. അത് കോൺഗ്രസ് നേതൃത്വം ആലോചിക്കേണ്ട കാര്യമാണ്. അതിന്റെ തുടർച്ചയായ വർത്തമാനമാണ്, കെപിസിസി നിയുക്ത പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് വന്നിട്ടുള്ളത്. അത് കോൺഗ്രസ് നയമാണോയെന്ന് കോൺഗ്രസാണ് വ്യക്തമാക്കേണ്ടത്. കേരളത്തിലെ കോൺഗ്രസിന് പ്രത്യേക നിലപാടുണ്ടോയെന്ന് നമുക്ക് അറിയില്ല.''
''നേരത്തെ നമ്മൾ കണ്ടതാണല്ലോ. തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കൂട്ടുചേരുന്നതിന് കോൺഗ്രസിന് മടിയുണ്ടായിട്ടില്ല. രണ്ട് കൂട്ടരും ഇവിടെ സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യമിട്ടാണല്ലോ നീങ്ങിയത്. ഇതെല്ലാം തൊട്ട് മുന്നിലുള്ള അനുഭവങ്ങളാണ്. അപ്പോൾ അക്കാര്യത്തിൽ കോൺഗ്രസ് സ്വീകരിച്ച് വരുന്ന ഒരു നിലയുണ്ട്. അത് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട് തന്നെയാണോയെന്ന് പറയേണ്ടത് അവരാണ്. എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ജനങ്ങൾ എല്ലാം വിലയിരുത്തുന്നുണ്ട്. ജനങ്ങൾക്ക് ശരിയായ നിലപാടുമുണ്ട്.'
ബിജെപിയോടുള്ള കെപിസിസി സമീപനത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ഹൈക്കമാന്റ് ഇടപെട്ടാണ് പ്രതിപക്ഷ നേതാവിനെയും കെപിസിസി അദ്ധ്യക്ഷനെയും മാറ്റിയത്. പുതിയതായി നിയമിതനായ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ബിജെപി മുഖ്യശത്രുവല്ലെന്നും അതിനാൽ എതിർക്കപ്പെടേണ്ടതില്ലെന്നുമാണ് പരസ്യമായി പ്രഖ്യാപിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.
വർഗ്ഗീയതയുമായി ഏത് അവസരത്തിലും കേരളത്തിലെ കോൺഗ്രസ് സന്ധിചേരുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇത് നൽകുന്നത്. എല്ലാക്കാലത്തും ബിജെപിയോട് സൗഹാർദ്ദ സമീപനം എന്നത് നിയുക്ത കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മുഖമുദ്രയുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിരവധി മണ്ഡലങ്ങളിൽ യു.ഡി.എഫ്-ബിജെപി കൂട്ടുക്കെട്ട് ഉണ്ടായിരുന്നതിന്റെ വ്യക്തമായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വർഗ്ഗീയ ശക്തികളുമായി കൈകോർത്തു.
ഇത് കേരളത്തിലെ ജനങ്ങൾ നിഷ്ക്കരുണം തള്ളിക്കളഞ്ഞതിന് തെളിവാണ് തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്. എന്നിട്ടും അതിൽ നിന്ന് പിന്മാറാൻ ഒരുക്കമല്ലെന്ന സൂചനയാണ് കെപിസിസി നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വത്തിനും പ്രത്യേകിച്ച് സോണിയ ഗാന്ധിക്കും ഈ നിലപാട് ആണോ എന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്. തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ ബിജെപിയുമായി സ്ഥിരം സഖ്യത്തിലേർപ്പെടാനുള്ള നീക്കമായേ ഇപ്പോഴത്തെ പ്രഖ്യാപനങ്ങളൈ കാണാൻ കഴിയൂ. തീവ്രഹിന്ദുത്വം പ്രചരിപ്പിച്ചും കോടികളുടെ കുഴൽപ്പണം ഇറക്കിയുമാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ബിജെപിയുടെ കുഴൽപ്പണം, കോഴ ഇടപാടുകളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടും അതിനോട് ശക്തിയായി പ്രതികരിക്കാൻ യു.ഡി.എഫ് തയ്യാറായിട്ടില്ല. സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്നതിലാണ് അവർക്ക് താൽപ്പര്യമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ