- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാർക്കോട്ടിക് ജിഹാദെന്ന് കേൾക്കുന്നത് ആദ്യമായി; മതത്തിന്റെ നിറം ചാർത്തിക്കൊടുക്കേണ്ട; വേർതിരിവ് ഉണ്ടാക്കരുത്; പാലാ ബിഷപ്പിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുഖ്യമന്ത്രി; കണ്ണൂർ സർവകലാശാലയിലെ സിലബസ് വിവാദത്തിൽ നിലപാട് വിദഗ്ദ സമിതി ശുപാർശക്ക് ശേഷമെന്നും പിണറായി വിജയൻ
തിരുവനന്തപുരം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബഹുമാന്യനായ ഒരു പണ്ഡിതനും സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തി എന്ന നിലയിലും ചേരിതിരിവുണ്ടാകാതിരിക്കുകയാണ് പ്രസ്താവനകൾ നടത്തുമ്പോൾ പ്രധാനം. നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേൾക്കുകയാണ്.
എന്നാൽ ബിഷപ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണെന്നും ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ മതപരമായ ചേരിതിരിവുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
നാർക്കോട്ടിക് എന്ന വാക്കിന് ഏതെങ്കിലുമൊരു മതത്തിന്റെ നിറം ചാർത്തിക്കൊടുക്കേണ്ട കാര്യമില്ലെന്നും അതിന്റെ നിറം സാമൂഹിക വിരുദ്ധതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാർക്കോട്ടിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു പ്രത്യേക സമുദായത്തെ മാത്രം ബാധിക്കുന്നതല്ല.
സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്നം എന്ന നിലയിൽ നാം എല്ലാവരും അതിൽ ഉത്കണ്ഠാകുലരാണ്. കഴിയാവുന്ന രീതിയിൽ ഒക്കെ അതിനെ തടയാനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. തടയാനാവശ്യമായ നിയമ നടപടികൾ ശക്തിപ്പെടുത്തുകയുമാണ്. അപ്പോൾ നാർക്കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ഉണ്ടെന്ന് കാണരുത്. അതിന്റെ നിറം സാമൂഹ്യ വിരുദ്ധതയുടേതാണ്.
ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. സാധാരണഗതിയിൽ ആ ഒരു നിപാടാണ് നാം എടുക്കേണ്ടത്. അദ്ദേഹം ഇക്കാര്യം പറയുമ്പോൾ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. പറയാനിടയായ സാഹഹര്യവും മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൗ ജിഹാദിനൊപ്പമാണ് നർക്കോട്ടിക് ജിഹാദും കേരളത്തിലുണ്ടെന്നായിരുന്നു പാലാ ബിഷപ്പ് പറഞ്ഞത്.
കേരളത്തിൽ ലൗ ജിഹാദിനൊപ്പം മയക്കുമരുന്ന് നൽകി വശീകരിക്കുന്ന നാർക്കോട്ടിക് ജിഹാദും സജീവമാണെന്നും ഇതിന് വേണ്ടി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നുമായിരുന്നു പാലാ ബിഷപ്പിന്റെ പ്രസ്താവന.
ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്. മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞു. വലിയ വിമർശനമാണ് ബിഷിപ്പിന്റെ പ്രസ്താവനക്കെതിരെ ഉയർന്നു വന്നത്.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ മുസ്ലിം സംഘടനകൾ ഉയർത്തുന്നത്. ബിജെപി ബിഷപ്പിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ബിഷപ്പ് ഹൗസിലേക്ക് ഇന്ന് വിവിധ സംഘടകൾ മാർച്ച് നടത്തുകും ചെയ്തിരുന്നു.
അതേ സമയം കണ്ണൂർ സർവ്വകലാശാലയുടെ സിലബസിൽ ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ഏത് പിന്തിരിപ്പൻ ആശയങ്ങളേയും നമ്മുക്ക് പരിശോധിക്കേണ്ടി വരും എന്നാൽ അതിനെ മഹത്വവത്കരിക്കാതിരുന്നാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര സമരത്തിനോട് മുഖം തിരിഞ്ഞു നിന്ന ആശയങ്ങളേയും നേതാക്കളേയും മഹത്വവത്കരിക്കുന്ന നിലപാട് ഇവിടെയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
കണ്ണൂർ സർവകലാശാലയുടെ വിസി കാര്യങ്ങൾ വിശദീകരിച്ചതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു. ഇതിൽ നിലപാട് വ്യക്തമാണ്. സ്വാതന്ത്ര്യ സമരത്തിന് മുഖംതിരിഞ്ഞുനിന്ന ആശയങ്ങളെയും നേതാക്കളെയും മഹത്വവത്കരിക്കുന്ന നിലപാട് നമുക്കില്ല. അതിനാരും തയ്യാറാകരുത്. ഏത് പ്രതിലോമകരമായ ആശയങ്ങളും പരിശോധിക്കേണ്ടി വരും. എന്നാൽ അതിനെ മഹത്വവത്കരിക്കരുത്.
സർവകലാശാല ഫലപ്രദമായ നടപടി ഇപ്പോൾ തന്നെ സ്വീകരിച്ചു. രണ്ടംഗ വിദഗ്ദ്ധ സമിതിയെ പരിശോധനയ്ക്കായി നിശ്ചയിച്ചിട്ടുണ്ട്. ഡോ ജെ പ്രഭാഷ്, ഡോ കെഎസ് പവിത്രനുമാണ് വിദഗ്ദ്ധ സമിതി. അവരുടെ ശുപാർശയിൽ ഇക്കാര്യത്തിൽ നിലപാടെടുക്കും. ഇക്കാര്യത്തിൽ കേരളത്തിന്റെ നിലപാടിൽ ആർക്കും സംശയമുണ്ടാകുമെന്ന് കരുതുന്നില്ല
മറുനാടന് മലയാളി ബ്യൂറോ