ദുബായി: ദുബായിൽ വച്ച് പ്രവാസിക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് കൈയടി നേടി മുഖ്യമന്ത്രി പിണറായി. പ്രവാസികൾക്ക് വേണ്ടി ഇത്രയും വിപുലമായി ക്ഷേമ പദ്ധതി അതാദ്യമായാണ് കേരളത്തിന് പുറത്ത് വച്ച് ഒരു മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആറ് മാസം ശമ്പളം നൽകും എന്നാണ് ആദ്യത്തേത്. പുതിയ ജോലി കിട്ടുന്നത് വരെ ഒരു ആശ്വാസം പകരാൻ ഇത് ഉപകരിക്കും. കഴിഞ്ഞ ദിവസം ലേബർ ക്യാമ്പ് സന്ദർശിക്കാൻ മുഖ്യമന്ത്രി എത്തിയിരുന്നു. തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

പ്രവാസികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം അടിയന്തിര ചികിത്സയ്ക്ക് നാട്ടിലേക്ക് എത്താൻ സാധിക്കുന്നില്ല എന്നതായിരുന്നു. പുതിയ പ്രഖ്യാപനത്തിൽ അതും പിണറായി പരിഹരിച്ചു. അടിയന്തര ചികിത്സയ്ക്ക് നാട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കും. കേസിൽ പെടുന്നവർക്ക് നിയമസഹായം നൽകാൻ അഭിഭാഷക പാനൽ തയ്യാറാക്കും. സാമ്പത്തിക ശേഷി പരിശോധിച്ച ശേഷം വിമാനടിക്കറ്റും ആംബുലൻസ് ചെലവും നൽകുന്ന കാര്യം തീരുമാനിക്കും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന സംഘടനയ്ക്കു ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചു. തൊഴിലന്വേഷകർക്കായി ജോബ് പോർട്ടലും, ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു പരിപാടിക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ക്ഷേമ പദ്ധതികളോടൊപ്പം തന്നെ യുഎഇയുമായി സഹകരിച്ച് കേരളടൂറിസം വികസിപ്പിക്കാനും ധാരണയായിട്ടുണ്ട്. ദുബായിൽ യുഎഇ ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകമ്പോഴായിരുന്നു ടൂറിസം വികസനകാര്യത്തിൽ യുഎഇയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതു സംബന്ധിച്ച് ചർച്ച നടത്തിയത്. ടൂറിസം രംഗത്ത് വിസ്മയകരമായ കാര്യങ്ങളാണ് യുഎഇ നടപ്പാക്കുന്നത്. ഇവ കേരളത്തിലും നടപ്പാക്കുന്ന കാര്യം യുഎഇയുമായി ചർച്ച നടത്തിയിട്ടുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതി ഉപയോഗപ്പെടുത്തി ടൂറിസം വികസിപ്പിക്കുന്ന കാര്യം യുഎഇ സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഭൂപ്രകൃതി വച്ചു നോക്കിയാൽ വലിയ രീതിയിലുള്ള വികസനം സാധ്യമാകും. ജുമൈറ അടക്കം യുഎഇയുടെ വികസനപദ്ധതികൾക്കുള്ള ഉദാഹരണമാണ്. കടലോര ടൂറിസത്തിൽ കേരളം ഉപയോഗിക്കുന്ന തീരദേശ മേഖലകൾ കുറവാണ്. കോവളവും വർക്കലയും മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിനു പുറമേ മലബാറിൽ ധാരാളം കടലോര മേഖകൾ ടൂറിസത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നതുണ്ട്. ഇവയെയും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആയുർവേദ വികസനത്തിൽ ഗവേഷണ സ്ഥാപനം തുടങ്ങുന്ന കാര്യം ദുബായ് സർക്കാർ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാർ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ദുബായിലും ചില ആയുർവേദ പദ്ധതികൾ ആരംഭിക്കും. ഇത് കേരളത്തിലെയും ദുബായിലെയും ആയുർവേദത്തിന്റെ വളർച്ചയ്ക്ക് സഹായിക്കും. യുഎഇ മലയാളികൾക്കായി സാംസ്‌കാരിക നിലയം ആരംഭിക്കുന്ന കാര്യം ദുബായ് സർക്കാരുമായി സംസാരിച്ചിട്ടുണ്ട്. യുഎഇയിലെ മലയാളികൾക്ക് സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാൻ ഇത്തരം കേന്ദ്രങ്ങൾ സഹായിക്കും.

മലയാളം കൂടി പഠിപ്പിക്കുന്ന പബ്ലിക് സ്‌കൂളുകൾ ആരംഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളജുകളുടെ സൗകര്യത്തെ കുറിച്ചും സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.