തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ സൗജന്യമായി നൽകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇടയ്ക്ക് മാറ്റി പറയുന്ന സ്വഭാവം ഞങ്ങൾക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൗജന്യം എന്ന് പറഞ്ഞത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല. പ്രായമുള്ളവർക്കും ചെറുപ്പക്കാർക്കും എല്ലാം വാക്സിൻ സൗജന്യമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്രത്തെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. അതിന്റെ ഭാഗമായാണ് കത്തയച്ചത്. കൂടുതൽ ഭാരം സംസ്ഥാനങ്ങളുടെ പെടലിക്ക് അടിച്ചേൽപ്പിക്കുന്നത് ശരിയല്ല എന്ന് പറയുന്നതിൽ രാഷ്ട്രീയ പ്രശ്നമില്ല. കേന്ദ്ര സർക്കാർ അക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് കരുതുന്നു. എന്നാൽ, സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യും.

വാക്സിൻ സംസ്ഥാനം പണംകൊടുത്ത് വാങ്ങണമെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുന്നത് സംസ്ഥാനത്ത് നിലവിലുള്ള അന്തരീക്ഷത്തിന് യോജിച്ചതല്ല. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾക്കാണ് പ്രധാന്യം നൽകേണ്ടത്.

രോഗം കാട്ടുതീപോലെ പടരുന്ന സമയത്ത് കേന്ദ്രത്തിന്റെ അപ്പസ്തോലന്മാർ വന്ന് പറയുന്ന വിതണ്ഡവാദങ്ങൾക്ക് മറുപടി പറഞ്ഞാൽ നിലവിലെ അന്തരീക്ഷം മോശമാകും. കേന്ദ്ര സർക്കാർ വഹിക്കേണ്ട ബാധ്യത വഹിക്കണമെന്ന് പറയുന്നതിൽ യാതൊരു തെറ്റുമില്ല. കേന്ദ്രമന്ത്രി ഇത്തരം കാര്യങ്ങൾ അൽപ്പം ഉത്തരവാദിത്വത്തോടെ കാണുന്നതാണ് നല്ലതെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രവിഹിതത്തിന് വേണ്ടി കാത്തുനിൽക്കാതെ കേരളം സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങണമെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞത്. കേരളത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നടക്കുന്നത് അരാജകത്വമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളാകുകയാണ്. രജിസ്റ്റർ ചെയ്യാത്തവർക്കും വാക്സിൻ നൽകുന്നതുകൊണ്ടാണ് പല കേന്ദ്രങ്ങളിലും വാക്സിൻ വിതരണം മുടങ്ങുന്നത്. ആവശ്യത്തിന് വാക്സിൻ ഡോസുകളില്ലെന്ന് പറഞ്ഞ് സംസ്ഥാനത്തെ ആരോഗ്യമന്ത്രിയും ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

ഈ പരാമർശങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. സംസ്ഥാനത്തിന് ഇത്തരം ബാധ്യത ഏറ്റെടുക എന്നത് സാധാരണ നിലയിൽ പ്രയാസമാണ്. കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത്. എന്നാൽ ഇതുവരെ കേന്ദ്രം അഭിപ്രായം പറഞ്ഞിട്ടില്ല. കേന്ദ്രത്തിന്റെ പ്രതികരണം 'ഈ പറഞ്ഞവരുടെ' പ്രതികരണം എന്ന നിലയിലല്ല വരേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തി. കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയം മഹാ അപരാധമാണെന്ന് പറയുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ഒപ്പം ചേരുന്ന കോൺഗ്രസും ബോധപൂർവം തെറ്റിദ്ധാരണ പരത്തുകയാണെന്ന വി മുരളീധരൻ കുറ്റപ്പെടുത്തി.

കേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചായിരുന്നോ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും അവഗണിച്ച് എല്ലാവർക്കും സൗജന്യവാക്‌സിൻ എന്നും കേരളം സ്വന്തമായി വാക്‌സിൻ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്നും വി മുരളീധരൻ ചോദിച്ചു.

കമ്പനികൾ കേന്ദ്രത്തിന് നൽകുന്ന 50 ശതമാനം വാക്‌സിൻ സംസ്ഥാനങ്ങൾക്ക് തന്നെയാണ് സൗജന്യമായി നൽകുന്നതെന്നും വി മുരളീധരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ ഓർമ്മപ്പെടുത്തി.

വി മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

വാക്‌സിൻ നയം,വസ്തുതകൾ.....
കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയം മഹാ അപരാധമാണെന്ന് പറയുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ഒപ്പം ചേരുന്ന കോൺഗ്രസും ബോധപൂർവം തെറ്റിദ്ധാരണ പരത്തുകയാണ്...
കമ്പനികൾ കേന്ദ്രത്തിന് നൽകുന്ന 50 ശതമാനം വാക്‌സിൻ സംസ്ഥാനങ്ങൾക്ക് തന്നെയാണ് നൽകുന്നത്, സൗജന്യമായി..
ഇതുവരെയുള്ള വാക്‌സിൻ വിതരണത്തിലെ കാര്യക്ഷമതയും രോഗവ്യാപനത്തിന്റെ തോതുമടക്കം വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാവും എന്ന് മാത്രം...
വാക്‌സിൻ ഉൽപാദനം വേഗത്തിലാക്കാൻ 4500 കോടിരൂപയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനുമായി കഴിഞ്ഞദിവസം കേന്ദ്രസർക്കാൻ അനുവദിച്ചത്...
മുഴുവൻ ഡോസും കേന്ദ്രം സൗജന്യമായി നൽകണം എന്ന് വാശിപിടിക്കുന്ന പിണറായി വിജയനോട് ഒരു ചോദ്യം......
കേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചായിരുന്നോ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും അവഗണിച്ച് താങ്കൾ എല്ലാവർക്കും സൗജന്യവാക്‌സിൻ എന്ന് പ്രഖ്യാപിച്ചത്....?
കേരളം സ്വന്തമായി വാക്‌സിൻ നിർമ്മിക്കുമെന്ന് പറഞ്ഞത്...?
ഇപ്പോൾ സാമ്പത്തികപരാധീനതയെക്കുറിച്ച് പരാതിപ്പെടുന്ന താങ്കൾ ഇതേ മഹാമാരിയെ പ്രചാരവേലയ്ക്ക് ഉപയോഗിക്കാൻ എത്ര കോടികൾ ഒഴുക്കി എന്ന് കേരളത്തോട് പറയണം......
കോവിഡ് പ്രതിരോധത്തിൽ ഒന്നാം സ്ഥാനത്തെന്ന് സ്ഥാപിക്കാൻ മാധ്യമങ്ങൾക്ക് നൽകിയ പരസ്യത്തുകയുടെ അത്രവേണ്ടി വരില്ല കേന്ദ്രത്തിൽ നിന്ന് കിട്ടുന്നതിന്റെ ബാക്കി വാക്‌സിൻ പണം കൊടുത്ത് വാങ്ങാൻ........
ആരോഗ്യം സംസ്ഥാനത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നത് മറക്കരുത്.....
ഏതായാലും എല്ലാവർക്കും സൗജന്യവാക്‌സിൻ നൽകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു....
പിന്നെ, കോവിഡ് രോഗിയായ ഭാര്യയ്ക്ക് കോവിഡ് നെഗറ്റീവായ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയും താമസിക്കുകയും ആകാമെന്നും, അത് 'കുടുംബകാര്യ'മാണെന്നുമുള്ള പുതുക്കിയ പ്രോട്ടോക്കോളിന് നല്ല നമസ്‌കാരം.....!
ഇത് സാധാരണക്കാർക്കും ബാധകമാണെന്ന് കരുതുന്നു...
വാൽക്കഷണം...മാധ്യമസുഹൃത്തുക്കളോട്, വി.മുരളീധരൻ വിമർശിക്കുന്നത് 'കേരളത്തെ 'യല്ല, കേരളസർക്കാരിനെയാണ് അവരുടെ ഭ്രാന്തൻ നയങ്ങളെയാണ്... ആ വിമർശനം തിരുത്തലുകൾക്ക് വേണ്ടിയാണ്, ജനങ്ങൾക്ക് വേണ്ടിയാണ്.......