ആലപ്പുഴ: ഒരു വർഗീയതയെ മറ്റൊരു വർഗീയത ഉപയോഗിച്ച് നേരിടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്‌ലാമിക്കും എസ്.ഡി.പി.ഐക്കുമെതിരെ രൂക്ഷ വിമർശനമാണ് ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ പിണറായി ഉയർത്തിയത്. മതവിശ്വാസവും മതരാഷ്ട്രവാദവും രണ്ടാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മതരാഷ്ട്രവാദം നാടിന് ആപത്താണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്രതീക്ഷിത സംഭവങ്ങളിലൂടെ വൈകാരികത സൃഷ്ടിച്ചേക്കാമെന്നും നുണകഥകൾ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാദാപുരം ബലാത്സംഘം പോലുള്ള നുണക്കഥകൾ വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങളെ സൂക്ഷിക്കണം. സംഘപരിവാർ നീക്കങ്ങളിൽ ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലാണ്, ഇത് മുതലെടുക്കാൻ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും ശ്രമിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയെ തള്ളി വർഗീയതയെ തലോലിക്കുകയാണ് കോൺഗ്രസ് എന്നും കോൺഗ്രസ് സ്ത്രീകളെ അവഗണിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.