അവകാശലംഘന നോട്ടീസിൽ വിശദീകരണം തേടിയെങ്കിലും കാര്യമില്ല; വീണയുടെ മെന്ററിൽ ഉത്തരംമുട്ടി മുഖ്യമന്ത്രി; സഭ പിരിഞ്ഞിട്ടും മറുപടി ലഭിച്ചില്ലെന്ന് സ്പീക്കറുടെ ഓഫീസ്; മറുപടി ലഭിച്ചില്ലെങ്കിൽ ഓർമപ്പെടുത്തി വീണ്ടും നോട്ടിസ് അയയ്ക്കും;ഗുരുതര വിഷയങ്ങളിൽ മറുപടി ലഭിക്കാത്ത സാഹചര്യവുമുണ്ടാകാറുണ്ടെന്ന് ഉദ്യോഗസ്ഥർ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മകൾ വീണ വിജയന്റെ കമ്പനി മെന്ററുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉത്തരംമുട്ടി മുഖ്യമന്ത്രി.വീണാ വിജയന്റെ കമ്പനിയുടെ മെന്റർ പരാമർശം സംബന്ധിച്ച് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ അവകാശ ലംഘന നോട്ടിസിൽ സ്പീക്കർ എം.ബി.രാജേഷ് മുഖ്യമന്ത്രിയോട് വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ല.
സഭ ഇന്നു പിരിഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തന്റെ കമ്പനി വെബ്സൈറ്റിൽ പിബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറിനെ മെന്റർ (മാർഗദർശി) എന്നു വിശേഷിപ്പിച്ചിരുന്നു എന്ന മാത്യു കുഴൽനാടന്റെ പ്രസ്താവനയാണ് വിവാദമായതും അവകാശ ലംഘന നോട്ടിസിന് ഇടയാക്കിയത്.
അവകാശ ലംഘന നോട്ടിസിൽ അംഗങ്ങളോടാണ് സ്പീക്കർ വിശദീകരണം തേടുന്നതെങ്കിൽ ഇത്ര ദിവസത്തിനകം മറുപടി നൽകണമെന്ന് വ്യക്തമാക്കാറുണ്ട്. എന്നാൽ, മുഖ്യമന്ത്രിയാണെങ്കിൽ സമയപരിധി നിശ്ചയിക്കാറില്ല. ഇത്ര സമയത്തിനകം മറുപടി നൽകണമെന്ന് ചട്ടവുമില്ല. മറുപടി ലഭിച്ചില്ലെങ്കിൽ അക്കാര്യം ഓർമപ്പെടുത്തി വീണ്ടും നോട്ടിസ് അയയ്ക്കും. ഗുരുതരമായ വിഷയങ്ങളാണെങ്കിൽ ചിലപ്പോൾ മറുപടി ലഭിക്കാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. മറുപടി ലഭിച്ചാൽ സ്പീക്കറാണ് തുടർനടപടി സ്വീകരിക്കേണ്ടത്.
സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന് സർക്കാർ വകുപ്പിൽ ജോലി ലഭിച്ചതു പിഡബ്ല്യുസി വഴിയാണ് എന്ന ആരോപണം വന്നതിനു പിന്നാലെ വീണയുടെ കമ്പനിയുടെ വെബ്സൈറ്റ് 'ഡൗൺ' ആയെന്നും പിന്നീട് 'അപ്' ആയപ്പോൾ ഈ പരാമർശം നീക്കിയിരുന്നെന്നും കുഴൽനാടൻ പറഞ്ഞു. പിഡബ്ല്യുസി വഴിയാണ് സ്വപ്ന സെക്രട്ടേറിയറ്റിൽ എത്തിയത് എന്നതു കൊണ്ടാണ് മെന്റർ പരാമർശം മാറ്റിയതെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു. പച്ചക്കള്ളമാണ് പറയുന്നതെന്നും പിഡബ്ല്യുസി ഡയറക്ടറെ ഒരു ഘട്ടത്തിലും മെന്ററായി തന്റെ മകൾ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ ക്ഷോഭത്തോടെ പ്രതികരിച്ചു.
മകളെക്കുറിച്ചു പറഞ്ഞാൽ താൻ വല്ലാതെ കിടുങ്ങിപോകുമെന്നാണോ മാത്യു കുഴൽ നാടൻ കരുതുന്നതെന്നും വീട്ടിലിരിക്കുന്നവരെ ആക്ഷേപിക്കുന്നതാണോ സംസ്കാരമെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി തള്ളിക്കളഞ്ഞ ആരോപണങ്ങൾക്കു പിൻബലമായി ഡിജിറ്റൽ തെളിവുകൾ മാത്യു കുഴൽനാടൻ പുറത്തു വിട്ടു.
മെന്റർ ആണെന്നു പരാമർശിക്കുന്ന രേഖ വെബ് ആർക്കൈവിൽനിന്ന് വീണ്ടെടുത്ത് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ഹാജരാക്കി. ജെയ്ക്ക് കമ്പനിയുടെ മെന്ററാണെന്ന കുറിപ്പ് സെറ്റിൽനിന്ന് 2020 മെയ് 20നുശേഷം അപ്രത്യക്ഷമായെന്നും 2020 ജൂൺ 20നു സൈറ്റ് വീണ്ടും ലഭ്യമായപ്പോൾ കുറിപ്പ് ഉണ്ടായിരുന്നില്ലെന്നും കുഴൽനാടൻ ആവർത്തിച്ചു. ഇതിനു പിന്നാലെയാണ് അവകാശ ലംഘനത്തിന് മാത്യു കുഴൽനാടൻ സ്പീക്കർക്കു നോട്ടിസ് നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ