- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖുർ ആനെ വിവാദത്തിലാക്കി അത് തിരിച്ച് കുത്തുന്നുവെന്ന് മനസിലാക്കിയപ്പോൾ കോൺഗ്രസും ലീഗുമെല്ലാം ഉരുണ്ടു കളിക്കുകയാണ്; ഏതുകളിയായാലും പറ്റിയ അബദ്ധം തിരിച്ചറിയുന്നത് നല്ലതാണ്; തെറ്റായിപ്പോയി എന്ന് ഏറ്റുപറയാനുള്ള ആർജ്ജവം എങ്കിലും പികെ കുഞ്ഞാലിക്കുട്ടി കാണിക്കണം; വിശുദ്ധഗ്രന്ഥത്തെ അപമാനിക്കാൻ പാടില്ലായിരുന്നു എന്നും മുഖ്യമന്ത്രി; സ്വർണക്കടത്ത് വിവാദത്തിൽ ഇപ്പോൾ പെട്ടുപോയത് യുഡിഎഫ് എന്ന നിലയിൽ പിണറായി വിജയന്റെ പരാമർശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ പേരിൽ സർക്കാരിനെതിരെ തിരിഞ്ഞ കോൺഗ്രസും മുസ്ലിം ലീഗും ആണ് ഇപ്പോൾ പുലിവാല് പിടിച്ചതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് അജണ്ടയിൽ യുഡിഎഫ് പെട്ടുപോകുകയായിരുന്നു എന്നാണ് പിണറായി വിജയന്റെ നിലപാട്. തെറ്റ് ഏറ്റു പറയാനുള്ള ആർജ്ജവം കുഞ്ഞാലിക്കുട്ടി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖുർആൻ മറയാക്കി സ്വർണക്കടത്തെന്ന ആക്ഷേപത്തിന് ആരാണ് ശ്രമിച്ചതെന്ന് എല്ലാവരും മനസിലാക്കണമെന്ന് പിണറായി വിജയൻ പറഞ്ഞു. സ്വർണക്കടത്ത് ആക്ഷേപം ഇതിലേക്ക് വലിച്ചിഴച്ചത് ബിജെപിയും ആർഎസ്എസുമാണ്. അവർക്ക് അതിന് പ്രത്യേക ലക്ഷ്യങ്ങളുമുണ്ട്. തൊട്ടുപിന്നാലെ യുഡിഎഫ് നേതാക്കൾ അത് ഏറ്റെടുത്ത് രംഗത്തെത്തുകയായിരുന്നു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കും എന്ന് സർക്കാരിനെതിരെ ആക്ഷേപം ഉന്നയിച്ചത് ആരാണ് എന്നും യുഡിഎഫ് നേതാക്കളല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ആർഎസ്എസിന് ലക്ഷ്യമുണ്ട്. അത് ബിജെപി ഏറ്റുപിടിക്കുന്നത് മനസിലാക്കാം. പക്ഷെ കോൺഗ്രസ് ലീഗ് നേതാക്കൾ എന്തിനാണ് അതിന് പ്രചാരണം കൊടുക്കുന്നത്. വിശുദ്ധ ഗ്രന്ധത്തെ വിവാദത്തിലാക്കി അത് തിരിച്ച് കുത്തുന്നുവെന്ന് മനസിലാക്കിയപ്പോൾ കോൺഗ്രസും ലീഗുമെല്ലാം ഉരുണ്ടു കളിക്കുകയാണ്. പരോക്ഷമായെങ്കിലും ഖുർആനെ വിവാദത്തിലാക്കിയത് തെറ്റായിപ്പോയി എന്ന് ഏറ്റുപറയാനുള്ള ആർജ്ജവം എങ്കിലും പികെ കുഞ്ഞാലിക്കുട്ടി കാണിക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
കോൺസുലേറ്റ് ജനറലാണ് മതഗ്രന്ഥം വിതരണം ചെയ്യാമോ എന്നു ചോദിച്ചത്. കെ.ടി. ജലീൽ അവരെ സഹായിക്കാൻ തയാറായി. അതിനെ മതഗ്രന്ഥത്തിന്റെ പേരിൽ സ്വർണക്കടത്തായി ആക്ഷേപിച്ചതു ബിജെപിയും ആർഎസ്എസുമാണ്. സ്വഭാവികമായും അതിന് അവർക്കു പ്രത്യേക ലക്ഷ്യമുണ്ട്. തൊട്ടുപിന്നാലേ, പ്രധാനമന്ത്രിക്കു പരാതിയുമായി യുഡിഎഫ് കൺവീനർ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. മതഗ്രന്ഥത്തിൽ സ്വർണം കടത്തി എന്നു അവർ പരസ്യമായി ആക്ഷേപിച്ചു. യുഡിഎഫ് ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലാണെന്നു മുഖ്യമന്ത്രി ചോദിച്ചു.
എന്തിനാണ് മതഗ്രന്ഥത്തെ വിവാദത്തിലേക്കു കൊണ്ടുവന്നത്. ആർഎസ്എസിനു അവരുടെ ലക്ഷ്യമുണ്ട്. ബിജെപി അതനുസരിച്ച് ചെയ്യുന്നത് മനസിലാക്കാം. പക്ഷേ, യുഡിഎഫ് നേതാക്കൾ എന്തിനാണ് അതു ഏറ്റുപിടിച്ച് പ്രചാരണം നടത്തിയത്. ഇപ്പോൾ കുറച്ച് തിരിച്ചു കുത്തുന്നു എന്നു മനസിലാക്കിയപ്പോൾ അവർ ഉരുണ്ടുകളിക്കുയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഏതുകളിയായാലും പറ്റിയ അബദ്ധം തിരിച്ചറിയുന്നത് നല്ലതാണ് മതഗ്രന്ഥത്തെ മറ്റു ഉദ്ദേശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. അതിന്റെ പേരിൽ സർക്കാരിനെ ആക്രമിക്കാൻ പുറപ്പെടരുതായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണക്കടത്തു മറികടക്കാൻ സിപിഎം മതഗ്രന്ഥത്തെ മറയാക്കുന്നുവെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഇപ്പോൾ കുഞ്ഞാലിക്കുട്ടിക്കു ബോധോദയം ഉണ്ടായെങ്കിൽ നല്ലതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മതഗ്രന്ഥത്തിന്റെ കൂടെ സ്വർണം കടത്തിയെന്നു ലീഗ് നേതാക്കളാണ് പറഞ്ഞത്. അങ്ങനെ പറയുമ്പോൾ ശ്രദ്ധിക്കണമായിരുന്നു. വിശുദ്ധഗ്രന്ഥത്തെ അപമാനിക്കാൻ പാടില്ലായിരുന്നു. സിപിഎം എന്തു തെറ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി ചോദിച്ചു.
മതഗ്രന്ഥത്തിനെതിരെ ആർഎസ്എസ് പറയുന്നത് ലീഗും കോൺഗ്രസുകാരുമാണ് ഏറ്റുപിടിച്ചത്. സർക്കാരിനെ ആക്ഷേപിക്കണം എന്നുണ്ടാകും. അതിനു വിശുദ്ധഗ്രന്ഥത്തെ തെറ്റായി ഉപയോഗിക്കാൻ പാടില്ലായിരുന്നു. മതഗ്രന്ഥത്തെ ആരാധിക്കുന്ന ജനങ്ങളുടെ വികാരം യുഡിഎഫിനെതിരെയാണ് വന്നത്. ജനവികാരം എതിരായത് അവർ തിരിച്ചറിഞ്ഞെങ്കിൽ നല്ലത്. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ വിവാദത്തിലാക്കിയത് തെറ്റായിപോയെന്നു പറയാൻ യുഡിഎഫ് സത്യസന്ധത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് ഡെസ്ക്