തിരുവനന്തപുരം: ഇടതു മുന്നണി സർക്കാർ അധികാരത്തിൽ ഏറെ നൂറ് ദിവസം പിന്നിട്ട ശേഷം പ്രതിപക്ഷം ഇപ്പോഴാണ് ശരിക്കും പ്രതിപക്ഷമായി മാറിയത്. സ്വാശ്രയ മെഡിക്കൽ കേളേജ് സമരം ശരിക്കു യുഡിഎഫിന് ആശ്രമായി മാറുകയാണ്. കെ എം മാണി മുന്നണി വിട്ടതും കോൺഗ്രസിലെ ഉൾപ്പോരും കെ ബാബുവിനെതിരായ വിജിലൻസ് റെയ്ഡും എല്ലാമായി ആകെ കുഴഞ്ഞ മറിഞ്ഞ അവസ്ഥയിലായിരുന്നു നിയമസഭാ സമ്മേളനം തുടരുന്നതു വരെ യുഡിഎഫിലെ സ്ഥിതി. എന്നാൽ, നാല് ദിവസമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിവന്ന നിരാഹാര സമരം ആരും ശ്രദ്ധിക്കാതെ അവഗണിക്കപ്പെട്ട കിടന്നപ്പോൾ കരിങ്കൊടിയുമേന്തി മൂന്ന് കെ എസ് യു പ്രവർത്തകർ മുഖ്യമന്ത്രി പിണറായിയുടെ കാറിന്റെ മുന്നിലേക്ക് ചാടി വീണതോടെ സ്ഥിതിഗതികൾ മാറി.

യുഡിഎഫ് കേന്ദ്രങ്ങൾക്ക് പുതിയ ആവേശം പകരുന്നതായിരുന്നു ഈ ചെറിയ സംഭവം. അത്യാവശ്യം മാദ്ധ്യമശ്രദ്ധ കിട്ടിയതും അറസ്റ്റും പൊലീസ് സ്‌റ്റേഷൻ ഉപരോധവുമായി രംഗം കൊഴുപ്പിച്ചു. ഈ സംഭവത്തിന്റെ മൂന്നാം ദിവസം നിയമസഭയിൽ രമേശ് ചെന്നിത്തല ശരിക്കും പ്രതിപക്ഷ നേതാവായി തിളങ്ങിയതും സഭയ്ക്ക് പുറത്ത് വി എം സുധീരൻ സമരം ഏറ്റെടുക്കുന്നതും കണ്ടു. ദുർബലമായ പ്രതിപക്ഷമാകുമെന്ന് കരുയിടത്ത് യുഡിഎഫ് ശക്തരാകുന്ന കാഴ്‌ച്ചയാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടായത്. പിണക്കങ്ങളെല്ലാം മറന്ന് യുഡിഎഫ്- കോൺഗ്രസ് നേതാക്കൾ ഒരുമിച്ച് ഭരണപക്ഷത്തിനെതിരെ രംഗത്തെത്തി. ഊർജ്ജസ്വലരായി കോൺഗ്രസിലെ യുവ എംഎൽഎമാരും രംഗത്തിറങ്ങിയതോടെ സ്വാശ്രയ സമരം പുതിയ ദിശയിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തു നിന്നുണ്ടായ മുരടൻ വാക്കുകൾ തന്നെയാണ് പ്രതിപക്ഷത്തിന് പുത്തൻ ഉണർവായി മാറിയത്.

യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയമത്തിന് അനുമതി തേടി ഷാഫി പറമ്പിൽ എംഎൽഎ നടത്തിയ പ്രസംഗത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയാണ് പ്രതിപക്ഷത്തെ ശരിക്കും പ്രക്ഷുബ്ദമാക്കിയത്. ഷാഫി പറമ്പിൽ എംഎൽഎയും ചെന്നിത്തലയും പ്രതിപക്ഷത്തെ താരമാകുന്നതും സഭ ഇന്ന് കണ്ടു. ഷാഫിപറമ്പിലിന്റെ അടിയന്തിരപ്രമേയ പ്രസംഗത്തിന് മുഖ്യമന്ത്രി നടത്തിയ മറുപടിപ്രസംഗം ഭൂതകാലത്തെ സ്വന്തം സമരങ്ങളെ പോലും നിഷേധിക്കുന്നതായിരുന്നു.

കുറിക്ക് കൊള്ളുന്ന വിധത്തിൽ തന്നെ ഷാഫി പ്രസംഗിച്ചു. സഭയിലുണ്ടായിരുന്നു ഡിവൈഎഫ്‌ഐ നേതാക്കൾക്കും ഇതോടെ വായടക്കേണ്ടി വന്നു. ഷാഫി ഭംഗിയായി തന്നെ വിഷയം അവതരിപ്പിച്ചു. സ്വാശ്രയ മെഡിക്കൽ ഫീസ് കുറയ്ക്കണമെന്ന് എസ് എഫ് ഐ പത്രക്കുറിപ്പെങ്കിലും ഇറക്കിയാ കാര്യമായിരുന്നു ഷാഫി ചൂണ്ടിക്കാട്ടിയത്. എന്നാൽ പിണറായിയെ പേടിച്ച് ഡിവൈഎഫ്‌ഐക്ക് അതിന് പോലും കഴിഞ്ഞില്ലെന്നും ഷാഫി വ്യക്തമാക്കി. എം സ്വരാജ്, ടി വി രാജേഷ് അടക്കമുള്ളവരെ ഉന്നം വച്ചായിരുന്നും ഈ പരാമർശങ്ങൾ.

സ്പീക്കർ പി ശ്രീരാമകൃഷ്ണനെയും ഷാഫി വെറുതേ വിട്ടില്ല. സ്പീക്കർ ശ്രീരാമകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫാൻസ് അസോസിയേഷൻ മെമ്പറാണെന്ന് ഷാഫി കുറ്റപ്പെടുത്തി സ്വാശ്രയ കോളെജ് പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള സഭയിലെ പ്രതിഷേധങ്ങൾക്കിടെയാണ് ഷാഫി പറമ്പിലിന്റെ പരാമർശം. രാവിലെ സഭയിൽ അടിയന്തര പ്രമേയത്തിന് ഷാഫി പറമ്പിൽ അനുമതി തേടിയിരുന്നു.

തുടർന്ന് മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ യൂത്ത് കോൺഗ്രസുകാർക്കെതിരെയും കെഎസ്‌യുവിന്റെ സമരങ്ങളെയും പരിഹസിച്ചിരുന്നു. തന്നെ കരിങ്കൊടി കാട്ടിയത് യൂത്ത് കോൺഗ്രസുകാരല്ല, മറിച്ച് ചാനലുകാർ വാടകയ്ക്ക് എടുത്തവരാണെന്നായിരുന്നു യൂത്ത് കോൺഗ്രസ് സമരത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പരിഹാസം. പിന്നാലെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി ബഹളം വെക്കുകയും ചെയ്തു. ഈ അവസരത്തിലാണ് പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടതും സ്പീക്കർ മുഖ്യമന്ത്രിയുടെ ഫാൻസ് അസോസിയേഷൻ മെമ്പറാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തത്.

എന്തായാലും മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിലെ വാക്കുകൾ ശരിക്കും പരുഷമായിരുന്നു. പാർട്ടി സമ്മേളനനങ്ങളിൽ അച്ചടക്കം പഠിപ്പിക്കുന്നതു പോലെയായി മുഖ്യമന്ത്രി പിണറായിയുടെ വാക്കുകൾ. ഒന്നും നടക്കാൻ പോകുന്നില്ല... പോയി പണിനോക്കൂ എന്ന് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു. സഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു:

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് പരാമർശിച്ചല്ലോ. അതെനിക്ക് അത്ഭുതമുണ്ടാക്കുന്ന ഒന്നാണ്. ഞാൻ ഉച്ചയ്ക്ക് ഓഫീസിലേക്ക് പോകുമ്പോൾ ചാനലുകാർ നിൽക്കുന്നുണ്ട്. അതിനിടയിൽനിന്ന് രണ്ടുപേർ ഓടിവന്ന് കരിങ്കൊടി കാണിച്ചു. അത് യൂത്ത് കോൺഗ്രസ് കാണിച്ചതാണെന്ന് ഞാൻ പറയുന്നില്ല. കാരണം അത്രമാത്രം പരിഹസ്യരായി യൂത്ത് കോൺഗ്രസ് എന്ന് ഞാൻ കരുതുന്നില്ല. അത് യൂത്ത് കോൺഗ്രസ് ചെയ്തതാണെന്ന് അവകാശപ്പെടാതിരിക്കുന്നതാണ് നല്ലത്.

ഇതോടെ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും പരിഹാസമുണ്ടായതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുനേൽക്കുകയായിരുന്നു. പ്രതിപക്ഷ എംഎൽഎമാർ എല്ലാവരും ഒരുപോലെ തന്നെ പ്രതിഷേധിച്ച നടതത്തളത്തിലെന്ന് തുടർന്നു. ഇതോടെ പിണറായിക്കൊപ്പം ചേർന്ന് പരിഹാസവുമായി ഇ പി ജയരാജനെ പോലുള്ളവരും കൂടി. എന്നാൽ, മുഖ്യമന്ത്രി കൂടുതൽ പ്രകോപിതനാകുന്നതാണ് പിന്നീട് കണ്ടത്. പിന്നീട് യൂത്ത് കോൺഗ്രസിനെ കൂടുതൽ അവഹേളിക്കുകയും ചെയ്തു.

'നിങ്ങൾ എത്ര പ്രകോപനമുണ്ടാക്കിയാലും ഞാൻ പറയേണ്ടത് പറയും. യൂത്ത് കോൺഗ്രസ് മോശമല്ലാത്ത യുവജന സംഘടനയാണ്. ആ സംഘടന രണ്ടാളുകൾ എന്ന നിലയിലല്ല കരിങ്കൊടി പ്രകടനത്തിന് തയ്യാറാവുക. ഞാൻ മനസ്സിലാക്കുന്നത് ഇത് ഏതോ ചാനലുകാർ വാടകയ്‌ക്കെടുത്തവരാണ്. അതിലൊന്നും ചൂടായിട്ട് കാര്യമില്ല. ഏതെങ്കിലും ചാലനുകാർക്ക് വേണ്ടി ചെയ്ത കാര്യമാണ് ഇത്. അത് യൂത്ത് കോൺഗ്രസ് ആണെന്ന് കരുതേണ്ട. എന്താ വേണ്ടത് അത് അത് വേറെ, പറയാനുള്ളത് കേൾക്കാനുള്ള സൗകര്യം വേണം.''എടോ അനാവശ്യമായ കാര്യം കാണിച്ച് വെറുതെ പറഞ്ഞിട്ട് കാര്യമില്ല.

ഇതോടെ സ്പീക്കർ ഇടപെട്ടെങ്കിലും പ്രതിപക്ഷം ബഹളം വെക്കൽ തുടങ്ങി. മുഖ്യമന്ത്രി പ്രസംഗവും. 'ഒരു പിൻവലിക്കലും നടക്കാൻ പോകുന്നില്ല, അതൊന്നും നടക്കാൻ പോകുന്നില്ല. പോയി വേറെ പണിനോക്കൂ. എന്നായി മുഖ്യമന്ത്രിയുടെ പരാമർശം. പ്രതിപക്ഷം നടത്തുളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നു... പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ വീണ്ടും സ്പീക്കറുടെ ശ്രമം. നിങ്ങൾ വാടകയ്‌ക്കെടുത്തൂ എന്ന് ആരും പഞ്ഞിട്ടില്ല. മുഖ്യമന്ത്രി എന്ത് പറയണം എന്ന് ചെയറിന് പറയാനാകില്ല. മുഖ്യമന്ത്രിക്ക് പറയാനുള്ളത് കേൾക്കാനുള്ള സഹിഷ്ണുത വേണം. ബഹളം വച്ചതുകൊണ്ട് മറുപടി പറയാതിരിക്കാനാകില്ല. മറുപടി പറയുന്നത് കേൾക്കാനുള്ള സഹിഷ്ണുത വേണം. ആകാശത്തിന് താഴെയുള്ളതെല്ലാം ഷാഫി പറഞ്ഞല്ലോ എന്നും സ്പീക്കർ.. മുഖ്യമന്ത്രി പ്രസംഗം തുടരുന്നു. 'മറുപടി പറയുന്നത് കേൾക്കേക്കാൻ അനുയായികളെ ശീലിപ്പിക്കൂ. അത് കേൾക്കേണ്ടേ, നിയമസഭയ്ക്കകത്ത് തന്നെയാണ് ഞാൻ സംസാരിക്കുന്നത്.'

സർക്കാർ സ്വീകരിച്ച നടപടി തീർത്തും ജനാധിപത്യ പരമായിരുന്നുവെന്നും മുഖ്യമന്ത്രി. ഇന്നലെ സഭയിൽ നടന്ന കാര്യങ്ങളിൽ ആരോഗ്യമ മന്ത്രി ചർച്ച നടത്തിയാതാണ്. ഇന്ന് കാണിച്ച എന്താണ്. കാര്യങ്ങൾ ഒരുതരത്തിലും സംസാരിക്കാനും കേൽക്കാനും തയ്യാറല്ല എന്നതാണ് അവസ്ഥ. അങ്ങോട്ട് പറയുന്നത് കേൾക്കാനുള്ള സഹിഷ്ണുത പ്രതിപക്ഷത്തിനില്ല.

'പരിയാരം മെഡിക്കൽ കോളജിന്റെ പ്രശ്‌നം പറഞ്ഞു. ഇവിടെ ഉയർന്നവുന്ന പ്രശനങ്ങൾ ആ കോളെജിലും ബാധകമാണ്. നീറ്റും ഹൈക്കോടിതി വിധിയും വന്ന സാഹചര്യത്തിലാണ് അലോട്ട്‌മെന്റ് മുന്നോട്ട് കൊണ്ടുപോകുകയല്ലാതെ മാർഗമില്ല, പിന്നോട്ടു പോകാൻ കയില്ല. കോടതി വിധിയുണ്ടായ സാഹചര്യത്തിലും മാനേജുമെന്റിനെ ഇവേടക്ക് എത്തിക്കാനായിട്ടുണ്ട്. അത് ഗവൺമെന്റ് ഇടപെടൽ കൊണ്ടാണ്. സുപ്രിം കോടതി ഈ കേസ് പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. അന്തിമ വിധി ഈ ദിവസം പ്രതീക്ഷിക്കുന്നു. ഒരുകാര്യം ഈ ഘട്ടത്തിലും വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നു. എവിടെയെങ്കിലും മനേജ്‌മെന്റ് തലവരി പണം വാങ്ങുന്നുവെന്ന ആക്ഷേപം വന്നാൽ ഗൗരവമായി പരിശോധിക്കും. ശിരയാണെന്ന് ബോധ്യപ്പെട്ടാൽ കർശന നടപിയ സ്വീകരിക്കും. ഇക്കാര്യത്തിൽ മുൻകാലങ്ങളിൽനിന്ന വത്യസ്തമായി ജെയിസ് കമ്മിറ്റിക്ക് ശക്തമായ പിന്തുണ നൽകും. ആവശ്യമങ്കിൽ സർക്കാർ നേരിട്ട് ഇടപെടുകയും ചെയ്യും.'

'വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയു കേരളത്തിന്റെ പൊതുസമൂഹത്തെയും കണ്ടുകൊണ്ട് സർക്കാർ സ്വീകരിച്ച നിലപാടാണ്. ഈ നിപാട് നമ്മുടെ നാടിന്റെ വിദ്യാഭ്യാസ ഭാവിക്ക് ഏറ്റവും ഉതകുന്ന ഒന്നായിരിക്കും. അതുകൊണ്ടുതന്നെ ശക്തമായ നിലയിൽ തന്നെ സർക്കാർ ഉറച്ചുനിൽക്കും. ഇവിടെ ജനാധിപത്യ രീതികൾ പൂർണമായും വിലിച്ചെറിയുന്ന രീതിയലാണ് സ്വയം പരിഹാസ്യരാകുമ്പോൾ ഇവിടെ വന്ന് കൂടുതൽ പരിഹാസ്യരായി വരുന്നത്. അതുകൊണ്ടാണ് പ്രമേയം അവതരിപ്പിച്ച ഷാഫിക്ക് മഷിക്കുപ്പിയുണ്ടെന്ന് പറയേണ്ടിവന്നത്. മുഷിക്കുപ്പിയെടുത്ത് ഷർട്ടിൽ തേച്ച് തങ്ങളെ ആക്രമിച്ചെന്ന് പറയുന്ന ലജ്ജകാരമായ നിലാപട് എടുത്തവരാണ് ഇവർ. ഈ സംസ്ഥാനത്ത് നിരവധി സമരത്തിൽ ചുടുനിണമൊഴുക്കിയവരാണ്. അവരാരും മഷിക്കുപ്പിയിലെ ചുകന്ന മഷിയായിരുന്നില്ല... ചുടുനിണമായിരുന്നു.. നാണം കെട്ട മഷിക്കുപ്പിയായിരുന്നില്ല. ഇന്ന് കാലത്ത് ഇവിടെ ബാനർ പിടിച്ച് ഉയർത്തിയ സമരം. (പ്രതിപക്ഷം സഭയിൽ ബാനർ ഉയർത്തി പ്രതിഷേധിച്ചതിനെതിരെ) ആർക്കുവേണ്ടിയായിരുന്നു അത്. അത് ഇപ്പോൾ എന്താണ് ഉയർത്താത്തത്. അത് മാദ്ധ്യമങ്ങൾക്ക് വേണ്ടിയായിരുന്നു. അവർ പോയപ്പോൾ അത് താഴെയിട്ടു. ചാനൽ പോയപ്പോൾ ബാനർ ഉയർത്താനുള്ള ശേഷി പോലും അവർക്കില്ല. ഇതാണോ സമരമുറ. അതുകൊണ്ടുതന്നെ സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട ഒന്നും ഇപ്പോഴില്ല.'- പ്രതിപക്ഷത്തെ പരിഹസിച്ച് പിണറായി പ്രസംഗം നിർത്തി.

തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നട്ടെല്ലില്ലാത്ത നേതാവ് എന്ന പേരുദോഷം മാറ്റും വിധമായിരുന്നു പ്രസംഗിച്ചത്. 'സർ,ഈ സഭയ്ക്ക് ഒരു അന്തസ്സുണ്ട്. മിസ്റ്റർ പിണറായി വിജയൻ, തെരുവിൽ സംസാരിക്കുന്ന ഭാഷയിൽ നിയമസഭയിൽ മുഖ്യമന്ത്രിയുടെ കസേരയിൽ ഇരുന്ന് കൊണ്ട് സംസാരിക്കുന്നത് ദൗർഭാഗ്യകരാണ്. ' എന്നു പറഞ്ഞു. ഇഎംഎസ് ഇരുന്ന കസേരയിലാണ് അങ്ങ് ഇരിക്കുന്നതെന്ന് പിണറായിയെ ഓർമ്മിപ്പിച്ചായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസംഗം.

ഇവിടെ ഒരു അന്തസ്സുണ്ട്. ഞങ്ങളും സമരപാരമ്പര്യമുള്ളവരാണ്. സമരത്തിൽ പങ്കെടുത്തവരെ വാടകയ്‌ക്കെടുത്തവർ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വാടകയ്‌ക്കെടുക്കാൻ സമരം നടത്തിയത് ഡിവൈഎഫ്‌ഐ അല്ല, യൂത്ത് കോൺഗ്രസ് ആണ്. സമരക്കാരെ വാടകയ്‌ക്കെടുത്തു എന്ന് പറയുന്നത് മുഖ്യമന്ത്രിക്ക് ചേർന്നതല്ല. പിണറായി വിജയന് ചേർന്നതായിരിക്കും.' മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ അദ്ദേഹം പിൻവലിക്കണമെന്നും ഇല്ലെങ്കിൽ സഭാ രേഖയിൽനിന്ന് സ്പീക്കർ നീക്കം ചെയ്യണമെന്നും തുടർന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സിപിഐ(എം) മുമ്പ് മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കാര്യവും അക്രമ സരം നടത്തിയ കാര്യവുമെല്ലാം ചെന്നിത്തല ഓർമ്മപ്പെടുത്തി. സിപിഐ(എം) നേതാവ് മുഖത്ത് കൃഷ്ണദാസ് മുഖത്ത് ചായം പൂശി നടത്തിയ സമരത്തെയു ചെന്നിത്തല ഓർമ്മിപ്പിച്ചു. എംഎൽഎഫുകാർ ഒരു ചിത്രരചനയ്ക്ക് കൊണ്ടുവന്ന മഷിക്കുപ്പിയുടെ പേരിലാണ് യൂത്ത് കോൺഗ്രസുകാരെ കുറ്റപ്പെടുത്തുന്നതെന്നും ചെന്നിത്തല പൂർത്തിയാക്കി.

എന്തായാലും പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് ശേഷവും ബഹളം തുടർന്നപ്പോൾ ഇന്നത്തെ നടപടികൾ വേഗം പൂർത്തിയാക്കി സഭ പിരിഞ്ഞു. ഇതിനിടെ മുഖ്യമന്ത്രി നടത്തിയ മോശം പ്രയോഗങ്ങൾ സ്പീക്കർ നിയമസഭയിൽ നിന്നും നീക്കുകയുമുണ്ടായി. അതേസമയം സഭയ്ക്ക് പുറത്ത് വി എം സുധീരന്റെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് സമരം നയിച്ചത്. സുധീരന്റെ നേതൃത്വത്തിൽ റോഡിൽ കുത്തിയിരുപ്പു സമരവമാണ് നടത്തിയത്.

സർ സിപിയുടെ പ്രേതമാണ് മുഖ്യമന്ത്രിയെ ബാധിച്ചിരിക്കുന്നതെന്നും അതുകൊണ്ടാണ് നിരാഹാര പന്തലിൽ ഇരുന്നവർക്ക് നേരെ കരുതി കൂട്ടി കണ്ണീർവാതകം പ്രയോഗിച്ചതെന്നും സുധീരൻ കുറ്റപ്പെടുത്തി. പിണറായിക്ക് അധികാര ഭ്രാന്താണെന്നും സമരത്തെ അടിച്ചമർത്താൻ സാധിക്കില്ലെന്നും കോൺഗ്രസ് പ്രവർത്തകരുടെ എല്ലാവിധ പിന്തുണയും സമരത്തിന് ഉണ്ടാകുമെന്നും സുധീരൻ പറഞ്ഞു. അതേസമയം നിയമസഭയിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി കൊച്ചിയിലേക്കാണ് പോയത്. ഹെലികോപ്ടറിൽ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലെത്തിയ മുഖ്യമന്ത്രി രണ്ട് പരിപാടികളിൽ പങ്കെടുക്കാനെത്തി. എന്നാൽ കൊച്ചിയിലും മുഖ്യമന്ത്രിക്ക് നേരെയും കെഎസ്‌യു കരിങ്കൊടിയുമായി എത്തി. പിണറായി വിജയൻ പങ്കെടുക്കുന്ന വേദിക്ക് നേരെയും കരിങ്കൊടിയുമായി പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.