തിരുവനന്തപുരം: ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം മോദി തരംഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദി തരംഗമായിരുന്നുവെങ്കിൽ 5 സംസ്ഥാനങ്ങളിലും ബിജെപി തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തേണ്ടതല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ പ്രതിഫലിച്ചത് അതാത് സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണവിരുദ്ധ വികാരമാണ് തിരിച്ചടിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ വിജയമാണുണ്ടായത്. അതുകൊണ്ടുതന്നെ ഇപ്പോൾ മുന്നേറ്റമുണ്ടായെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് ഫലം പൂർണമായി വന്നാൽ മാത്രമെ കാര്യങ്ങൾ കൃത്യമായി പറയാൻ കഴിയൂ. തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും നിലവിലെ ഭരണകക്ഷികൾക്ക് ഭരണം നഷ്ടമായെന്നാണ് വ്യക്തമാകുന്നത്. മോദി തരംഗമാണ് പ്രതിഫലിച്ചതെങ്കിൽ അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിൽ വരുമായിരുന്നു. ബിജെപി അധികാരത്തിലിരുന്ന രണ്ടുസംസ്ഥാനങ്ങളിൽ കൂടി അവർക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പിണറായി വ്യക്തമാക്കി

തെരഞ്ഞെടുപ്പിന്റെ ആദ്യചിത്രം വ്യക്തമായി വരുമ്പോൾ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപി അധികാരത്തിലെത്തുന്ന സൂചനകളാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയുടെ ലീഡ്.

ഈ അവസരത്തിൽ തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം എത്തുന്നതും. മണിപ്പൂരിൽ ബിജെപിയാണ് മുന്നേറുന്നത്. പഞ്ചാബിലാകട്ടെ കോൺഗ്രസ് തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് ഫലങ്ങളിൽ. ഗോവയിൽ ഇതുവരെയുള്ള ഫലങ്ങളിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്.