- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിക്കെതിരായ പോരാട്ടം വീണ്ടും തുടങ്ങണോ എന്ന് സുധാകരന്റെ ചോദ്യം; വേണ്ടെന്ന് സിപിഎമ്മും! മോൻസൻ കേസിൽ കെപിസിസി അധ്യക്ഷനെ ലക്ഷ്യമിടേണ്ടെന്ന് സിപിഎം; തീരുമാനം പൊലീസ് വീഴ്ച്ചയിൽ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിൽ ആയതോടെ; 'രാഷ്ട്രീയ ബന്ധങ്ങൾ' തിരിച്ചടിയാകുമെന്നും ആശങ്ക
തിരുവനന്തപുരം: പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ലക്ഷ്യമിട്ടുള്ള പ്രചാരണം തൽക്കാലം വേണ്ടെന്ന് സിപിഎം തീരുമാനം. മോൻസനുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ 'ബന്ധങ്ങളും' പൊലീസിന്റെ വീഴ്ചകളും പുറത്തുവന്നതോടെ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ വിഷയത്തിൽ 'പരസ്യമായ' പോര് വേണ്ടന്ന നിലപാടിലേക്ക് സിപിഎം നേതൃത്വം എത്തിയത്.
കൂടാതെ കെ സുധാകരന്റേതിന് സമാനമായി മോൻസൻ മാവുങ്കലിന് ഒപ്പം ഭരണപക്ഷത്തെ നേതാക്കളുടേയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു. വിഷയം രാഷ്ട്രീയമായി ഉയർത്തുമ്പോൾ കൂടുതൽ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നേക്കാമെന്ന് കണ്ടാണ് സിപിഎം നേതൃത്വത്തിന്റെ പിന്മാറ്റം.
കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചിരുന്നു. അന്വേഷണം നല്ലനിലയിൽ പുരോഗമിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവരാനുണ്ട്.
ലഭ്യമായ വിവരങ്ങൾ മാത്രം വച്ച് സുധാകരനെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് സമയമായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. പൊലീസിനുണ്ടായ വീഴ്ചയടക്കം അന്വേഷണ പരിധിയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നും അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും, കൂടുതൽ വിശദാംശങ്ങൾ പുറത്ത് വരാനുണ്ടെന്നും മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അറിയിച്ചു.
മോൻസൻ മാവുങ്കലിനൊപ്പമുള്ള കെ സുധാകരന്റെ ചിത്രം പുറത്തുവന്നതോടെ ആരോപണങ്ങളുമായി സിപിഎം നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയും കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്.
എന്നാൽ ഡോക്ടറെന്ന നിലയിലാണ് പരിചയമുള്ളതെന്നും ത്വക്ക് ചികിത്സക്കായാണ് മോൻസണിന്റെ കൊച്ചിയിലെ വസതിയിൽ പോയതെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. മോൻസണെ കണ്ടതും ചികിത്സ നടത്തിയതും സത്യമാണെന്നും ചികിത്സക്കായി അഞ്ച് ദിവസം വീട്ടിൽ പോയിരുന്നുവെന്നും സുധാകരൻ സമ്മതിച്ചിരുന്നു. എന്നാൽ, അസുഖം ഭേദമായില്ലെന്നും വ്യാജ ചികിത്സക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
കോസ്മറ്റോളജിസ്റ്റാണെന്ന പേരിൽ വ്യാജ ചികിത്സ നടത്തിയതിനാണ് മോൻസൺ മാവുങ്കലിനെതിരെ കെ. സുധാകരൻ പരാതി നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ അഭിഭാഷകരുമായി നിയമനടപടികൾ സംബന്ധിച്ച് സുധാകരൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
കൂടാതെ, തന്റെ പേര് അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച പരാതിക്കാരൻ അനൂപിനെതിരെ മാനനഷ്ടക്കേസ് നൽകാനും സുധാകരൻ തീരുമാനിച്ചിട്ടുണ്ട്. മോൻസണിന്റെ പുരാവസ്തു ശേഖരമുള്ള കലൂർ ആസാദ് റോഡിലെ വീട്ടിൽ സുധാകരൻ പലപ്പോഴും വന്നുപോയിട്ടുണ്ടെന്ന പരാതി ഉന്നയിച്ചത് അനൂപ് ആയിരുന്നു.
എന്നാൽ വിഷയത്തിൽ ആരോപണം കടുപ്പിച്ചതോടെ മുഖ്യമന്ത്രിക്ക് എതിരെ കെ സുധാകരൻ രംഗത്ത് എത്തിയിരുന്നു. പഴയ 'വിവാദങ്ങൾ' ഓർമ്മപ്പെടുത്തി വീണ്ടും പരസ്യമായ പോരാട്ടം ഇനി വേണ്ടതുണ്ടോയെന്ന് കെ സുധാകരൻ ചോദ്യമുന്നയിച്ചിരുന്നു. ഇതോടെയാണ് മോൻസൻ വിഷയം രാഷ്ട്രീയമായി ഉയർത്തിക്കാട്ടി പരസ്യമായ ഏറ്റുമുട്ടൽ ഒഴിവാക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചത്.
സുധാകരനെതിരായ ആരോപണങ്ങൾ ശ്രദ്ധയിൽപെടുത്തിയപ്പോൾ മതിയായ ശാസ്ത്രബോധമില്ലാത്തതിനാലാണ് സുധാകരൻ മോൻസന്റെ ചികിത്സ തേടിയതെന്നു മാത്രമായിരുന്നു നേരത്തേ സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പ്രതികരിച്ചത്.
അതേസമയം, മോൻസനൊപ്പമുള്ള ഒരു ഫോട്ടോയുടെ പേരിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അനാവശ്യമായി വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചിരുന്നു. മോൻസണിനൊപ്പം മുൻ മന്ത്രി സുനിൽ കുമാർ അവാർഡ് നൽകുന്നതും മന്ത്രി റോഷി അഗസ്റ്റിൻ ഒപ്പം നിൽകുന്നതുമായ ചിത്രങ്ങളുണ്ട്. എന്നാൽ, അവരെല്ലാം തട്ടിപ്പിൽ പ്രതികളാണെന്ന് തങ്ങൾ പറയണമോ എന്ന് സതീശൻ ചോദിച്ചു. കേരളത്തിലെ പ്രതിപക്ഷം അനാവശ്യ ആരോപണം ആർക്കെതിരെയും ഉന്നയിക്കില്ല. അത്തരത്തിൽ ആരെയും വേട്ടയാടുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും സതീശൻ വ്യക്തമാക്കി.
തട്ടിപ്പിൽ രാഷ്ട്രീയക്കാരോ സെലിബ്രിറ്റികളോ ഉണ്ടെങ്കിൽ പൊലീസ് അന്വേഷിക്കട്ടെ. ഓരോ മനുഷ്യനും അവന്റെ ജീവിതകാലം മുഴുവൻ കഠിനദ്ധ്വാനം ചെയ്ത് ഉണ്ടാക്കുന്ന പ്രതിച്ഛായയാണ് എല്ലാവർക്കും ഉള്ളത്. അത് മാധ്യമ വിചാരണ ചെയ്ത് ഇല്ലാതാക്കുകയല്ല ചെയ്യേണ്ടത്. ഒരു ഫോട്ടോ കാണിച്ച് ഒറ്റ ദിവസം കൊണ്ട് പ്രതിച്ഛായ തട്ടിത്തെറിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും സതീശൻ അറിയിച്ചു.
തട്ടിപ്പ് നടത്തിയ ആളെ പൊലീസ് പിടിച്ചാൽ അയാളുടെ കൂടെ ജീവിതകാലത്ത് ഫോട്ടോ എടുത്തവരെ എന്തിന് വലിച്ചിഴക്കുന്നത്. അവരെങ്ങനെ കേസിലെ പ്രതികളാകും. തട്ടിപ്പ് നടത്തിയതിൽ പങ്കുണ്ടെങ്കിൽ ഡി.ജി.പിയോ മുൻ ഡി.ജി.പിയോ ആണെങ്കിലും നിയമത്തിന് മുമ്പിൽ കൊണ്ടുവരട്ടെ എന്നും സതീശൻ വ്യക്തമാക്കി.




