തിരുവനന്തപുരം: എന്തു പരാതി ഉണ്ടെങ്കിലും നിങ്ങൾക്ക് മുഖ്യമന്ത്രിയോടു പറയാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തു ചേർന്ന സമാധാനയോഗം റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആട്ടിയിറക്കിയ മുഖ്യമന്ത്രിയുടെ നിലപാടു സംബന്ധിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു കോടിയേരി.

അതേസമയം മാധ്യമപ്രവർത്തകരെ 'കടക്ക് പുറത്ത്' എന്ന് ആക്രോശിച്ചുകൊണ്ട് മുഖ്യമന്ത്രി ആട്ടിപുറത്താക്കിയ സംഭവം സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാനോ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനോ പാർട്ടി സെക്രട്ടറി തയാറായില്ല.

മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതു പ്രകാരമാണ് തങ്ങൾ ഇവിടെ എത്തിയതെന്നും ധാർഷ്ഠ്യത്തോടെയാണ് മുഖ്യമന്ത്രി പെരുമാറിയതെന്നും വനിതകൾ ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകർ കോടിയേരിയോടു പരാതിപ്പെട്ടു. എന്നാൽ ചോദ്യങ്ങളിൽനിന്നെല്ലാം അദ്ദേഹം തന്ത്രപൂർവം ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ യോഗതീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രിയും രാവിലത്തെ പെരുമാറ്റം സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കാൻ തയാറായില്ല.

രാവിലെ സമാധാന ചർച്ച റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരോടാണ് മുഖ്യമന്ത്രി കയർത്തു സംസാരിച്ചത്. മാധ്യമപ്രവർത്തകരോട് ചർച്ച നടക്കുന്ന ഹാളിൽനിന്ന് ഇറങ്ങിപ്പോകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ബിജെപി പ്രവർത്തകർക്കൊപ്പമിരിക്കുന്ന ചിത്രങ്ങൾ പകർത്താൻ മാധ്യമങ്ങളെ അനുവദിച്ചില്ല.

9.30ന് മാസ്‌കറ്റ് ഹോട്ടലിലാണ് ചർച്ച നിശ്ചയിച്ചിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ, ഒ രാജഗോപാൽ എംഎൽഎ എന്നിവരായിരുന്നു ആദ്യമെത്തിയത്. ഇവരെത്തി 10 മിനിറ്റ് കഴിഞ്ഞപ്പോളാണ് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തിയത്. ഈ സമയത്ത് മാധ്യമപ്രവർത്തകർ ബിജെപി നേതാക്കളുടെ ദൃശ്യങ്ങൾ പകർത്തുന്നുണ്ടായിരുന്നു. മുറിയിൽ മാധ്യമപ്രവർത്തകർ ഉണ്ടെന്നറിഞ്ഞ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ ഉള്ളിൽ കടത്തിവിട്ടതിന് മാനേജരോടും കയർത്തു.

മാധ്യമപ്രവർത്തകരോട് മുറിയിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും മാധ്യമപ്രവർത്തകർ പുറത്തേയ്ക്കിറങ്ങുന്നതിനിടിയിൽ 'കടക്കു പുറത്ത്' എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയുമായിരുന്നു. തുടർന്ന് മാധ്യമപ്രവർത്തകരെല്ലാം പുറത്തിറങ്ങി. ഇതിനു ശേഷം മാത്രമാണ് മുഖ്യമന്ത്രി ഹാളിനുള്ളിൽ പ്രവേശിച്ചത്.

സാധാരണഗതിയിൽ, ചർച്ചയ്ക്കായി നേതാക്കൾ ഒരുമിച്ച് ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം ചർച്ച ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് മാധ്യമങ്ങൾ മുറിവിട്ട് ഇറങ്ങാറുള്ളത്.