പ്രായോഗിക സമീപനവും വികസനകാഴ്ച്ചപ്പാടമുള്ള ബജറ്റ്; സംസ്ഥാന ബജറ്റിൽ ധനമന്ത്രിയെ പുകഴ്ത്തി മുഖ്യമന്ത്രി; ബജറ്റിലുള്ളത് പരിസ്ഥിതി സൗഹൃദം മുന്നിൽ കണ്ട് സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള വീക്ഷണം; ശ്രദ്ധേയ പ്രഖ്യാപനങ്ങളെ എടുത്ത് പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രതികരണം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പ്രതിസന്ധികളിൽ പകച്ചു നിൽക്കാതെ പരിമിതികൾ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നിൽക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേൽ നികുതി ചുമത്തുവാൻ തയ്യാറാകാതെ സാധാരണക്കാരന്റെ മേൽ അധിക നികുതി അടിച്ചേൽപ്പിക്കുന്ന സമീപനമാണ് ദേശിയ തലത്തിൽ അവലംബിക്കുന്നത്. സർച്ചാർജ്ജുകളുടെയും സെസ്സുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങൾക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ല.
മഹാമാരിക്ക് പുറമേ യുക്രൈയിനിലെ യുദ്ധവും നമ്മുടെ സഹചര്യങ്ങളെ സങ്കീർണ്ണമാക്കുന്നു. കോവിഡ് മുന്നാം തരംഗം ഒഴിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ സാമ്പത്തിക പ്രത്യാഘാതം ഹ്രസ്വകാലത്തിനപ്പുറം നിലനിൽക്കും.ഫെഡറൽ ഘടനയിലെ പരിമിതമായ അധികാരങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് എത്ര ഫലപ്രദമായി ഒരു സംസ്ഥാന സർക്കാരിന് ഇടപെടാൻ കഴിയും എന്നുകൂടിയാണ് ഈ ബജറ്റിലൂടെ വ്യക്തമാകുന്നത്.പരിസ്ഥിതി സൗഹൃദമായ വികസന പരിപ്രേക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള വീക്ഷണമാണ് ബജറ്റിലുള്ളത്. പരിസ്ഥിതി ബജറ്റ് പ്രത്യേകം തയ്യറാക്കാനുള്ള പ്രഖ്യാപനവും സവിശേഷതയുള്ളതാണ്.
നമ്മുടെ സമ്പദ്ഘടന വളർച്ച കൈരിക്കുമ്പോൾ അത് സമഗ്രമായിരിക്കണം എന്ന കാഴ്ച്ചപ്പാട് ബജറ്റിലുടനീളം ഉൾച്ചേർന്നിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗം ഗുണമേന്മയുള്ളതാക്കാനും ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണം വിപുലപ്പെടുത്തി വിജ്ഞാന മേഖലയെ ഉൽപ്പാദന രംഗവുമായി ബന്ധപ്പെടുത്താനും വ്യക്തമായ നിർദ്ദേശം ബജറ്റിലുണ്ട്. ഇതിന്റെ ഭാഗമാണ് സയൻസ് പാർക്കുകൾ എന്ന ആശയം.
ഭക്ഷ്യ സുരക്ഷയ്ക്ക് പ്രഥമ സ്ഥാനം നൽകുന്നുണ്ട്. അതിനായി 2000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കാർഷിക മേഖലയിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം, സാങ്കേതിക വിദ്യ നടപ്പാക്കൽ എന്നിവയിലൂടെ ഉൽപ്പാദനക്ഷമതയും കർഷകന്റെ വരുമാനവും വർദ്ധിപ്പിക്കാനുള്ള മാർഗമാണ് ബജറ്റ് പ്രഖ്യപനങ്ങളിൽ ഉള്ളത്. ചെറുകിട വ്യവസായ മേഖലയ്ക്ക് നൽകുന്ന പ്രധാന്യവും തൊഴിൽ നൈപുണ്യ വികസനത്തിന് നൽകിയ ഊന്നലും ബജറ്റിന്റെ സവിഷേതകളാണ്.
പട്ടികജാതിക്കാർക്കു വേണ്ടി ഭൂമി, പാർപ്പിടം, മറ്റു വികസന പദ്ധതികൾ എന്നിവക്കായി 1935.38 കോടി,പഠന മുറികൾക്ക് 205 കോടി,ദുർബല വിഭാഗങ്ങൾക്ക് 50 കോടി,പെൺകുട്ടികളുടെ വിവാഹ ധനസഹായം ഒന്നേകാൽ ലക്ഷമാക്കി ഉയർത്തിയതൊക്കെയും ബജറ്റിന്റെ സവിശേഷതകളാണ്.മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് 325.61 കോടി,ഹോസ്റ്റൽ മെസ് അലവൻസ് ഉയർത്തി,യുവജനങ്ങൾക്ക് തൊഴിൽ പരിശീലനത്തിന് 49 കോടി,പട്ടിക വിഭാഗങ്ങളിൽ നിന്ന് 500 അക്രഡിറ്റഡ് എഞ്ചിനീയർമാരെ 2 വർഷത്തേക്ക് നിയമിക്കുന്നു.
18000 രൂപ അലവൻസ്,പട്ടിക വർഗക്ഷേമത്തിന് 735.86 കോടി,പെൺകുട്ടികളുടെ വിവാഹ ധനസഹായം ഒന്നര ലക്ഷം രൂപയാക്കി ഉയർത്തി,ആദിവാസികൾക്ക് തൊഴിലുറപ്പിൽ കൂടുതൽ തൊഴിൽ,വീടുകളുടെ പൂർത്തീകരണത്തിന് 57.20 കോടി,ഇടമലക്കുടിയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് 15കോടി,അട്ടപ്പാടിക്ക് 25 കോടി,പിന്നാക്ക വികസനത്തിന് 183. 84 കോടി,ഒ ഇ സി സ്കോളർഷിപ്പിന് 50 കോടി,വിദേശ പഠനത്തിന് പ്രത്യേക സഹായം,ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി എന്നിവയൊക്കെയും ബജറ്റിലെ ശ്രദ്ധേയ പ്രഖ്യാപനങ്ങളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പൊതു വിദ്യാഭ്യാസം പൊതുജനാരോഗ്യം, അധികാര വികേന്ദ്രീകരണം, എന്നിവയ്ക്കും അർഹമായ പ്രധാന്യം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മിഷൻ പദ്ധതികൾക്കും ബജറ്റിൽ ആവശ്യമായ വകയിരുത്തലുണ്ട്. സമീപനത്തിന്റെ സമഗ്രതയിലുടെ അടുത്ത കാൽനൂറ്റാണ്ടിൽ കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങളിലെ ജീവിത നിലവാരത്തിനൊപ്പം എത്തിക്കണം എന്ന വീക്ഷണം യാഥാർത്ഥ്യമാക്കാനുള്ള്ള സുപ്രധാന കാൽവെയ്പ്പുകൾ ഈ ബജറ്റിൽ ഉണ്ടായിട്ടുണ്ട്. പ്രതികൂല സാഹര്യങ്ങൾ മിറകടക്കാനുള്ള ദൃഢനിശ്ചയവും ബജറ്റിൽ ഉണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ