- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഗെയിംസിൽ യുഡിഎഫിന്റെ വിശ്വസ്തൻ ഇടത് ഭരണമെത്തിയപ്പോൾ ആഗ്രഹിച്ചത് ഡെപ്യൂട്ടേഷനിൽ മോദിക്കൊപ്പം കൂടാൻ; പിണറായിയുമായി പാലം തീർത്തത് വൈദ്യുത ഭവനിലെ സ്ഥിരം സന്ദർശകനായ ക്ലോസ് ഫ്രണ്ട്; മന്ത്രിമാർക്ക് കുറിപ്പ് തയ്യാറാക്കി നൽകി മുഖ്യമന്ത്രിയുടെ മനസിൽ കയറിക്കൂടി; ഇനി കുടുങ്ങുക 'മിനി മുഖ്യൻ'! നോർത്ത് ബ്ലോക്കിൽ സിഎം രവീന്ദ്രനടക്കം മൂന്ന് പേഴ്സണൽ സ്റ്റാഫുകൾ ആധിയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിൽ കേന്ദ്ര ഏജൻസികൾ ഇനി ചോദ്യം ചെയ്യാൻ ഊഴം കാക്കുന്നത് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്ന് സൂചന. ശിവശങ്കറുമായി ആത്മബന്ധമാണ് രവീന്ദ്രനുള്ളത്. ഈ സഹാചര്യത്തിലാണ് രവീന്ദ്രനെതിരെ തെളിവ് ശേഖരണം. രവീന്ദ്രനെ കുറിച്ചുള്ള സംശങ്ങൾ ശിവശങ്കറിനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടും. ശിവശങ്കർ വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ വൈദ്യുതിഭവനിലെ സ്ഥിരം സന്ദർശകനായിരുന്നു ഇദ്ദേഹം. ഈ ബന്ധമാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിയങ്കരനാക്കിയത്.
വർഷങ്ങളായി സിപിഎം മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന രവീന്ദ്രൻ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണു ശിവശങ്കറിനെ കാണാൻ പതിവായി വൈദ്യുതി ബോർഡ് ആസ്ഥാനത്ത് എത്തിയിരുന്നത്. ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് കേന്ദ്ര ഡപ്യുട്ടേഷനിൽ പോകാൻ ശ്രമിച്ച ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിച്ചത് ഇദ്ദേഹത്തിന്റെ കൂടി ശ്രമഫലമായാണെന്നാണ് റിപ്പോർട്ട്. യുഡിഎഫ് ഭരണ കാലത്ത് ശിവശങ്കർ പ്രിയങ്കരനായിരുന്നു. ദേശീയ ഗെയിംസിന്റെ സംഘാടനത്തിന് ചുക്കാൻ പിടിച്ച വ്യക്തി. അതുകൊണ്ട് തന്നെ ഇടതു സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ പതിയെ സംസ്ഥാനം വിടാനായിരുന്നു നീക്കം.
ദേശീയ ഗെയിംസോടെ സിപിഎമ്മിന്റെ കണ്ണിലെ കരടായി ശിവശങ്കർ മാറുമെന്ന വിലയിരുത്തൽ സജീവമായിരുന്നു. നിരവധി ആരോപണങ്ങൾ ഉയർന്നു. എന്നാൽ സിഎം രവീന്ദ്രനുമായുള്ള അടുപ്പം കാര്യങ്ങൾ മാറ്റി മറിച്ചു. ഇതോടെ മുഖ്യമന്ത്രിയുമായി ശിവശങ്കർ പാലം തീർത്തു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ചേരുന്നതിനു മുന്നോടിയായി എൽഡിഎഫ് പ്രകടനപത്രികയുടെ വിശദാംശങ്ങൾ ശിവശങ്കർ ശേഖരിച്ചിരുന്നു. ഓരോ വകുപ്പിലും നടപ്പാക്കുമെന്നു പ്രഖ്യാപിച്ച കാര്യങ്ങൾ ടൈപ്പ് ചെയ്തു തയാറാക്കി. ഇതെല്ലാം സിഎം രവീന്ദ്രന്റെ കൂടി പിന്തുണയോടെയായിരുന്നു. അങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുള്ള സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലേക്ക് ശിവശങ്കർ സ്വാധീനമുണ്ടാക്കുന്നത്.
വകുപ്പു വിഭജനത്തിനു ശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിനു മുന്നോടിയായി, നടപ്പാക്കേണ്ട കാര്യങ്ങൾ കവറിലാക്കി ഓരോ മന്ത്രിക്കും നൽകി. അതിനു ശേഷമാണു ശിവശങ്കർ വൈദ്യുതി ബോർഡ് വിട്ടു മുഖ്യമന്ത്രിയുടെ ഓഫിസിൽ ചേർന്നത്. ഈ കവർ നൽകലോടെ ശിവശങ്കറിനെ മുഖ്യമന്ത്രിക്കും ബോധിച്ചു. ഇമേജുണ്ടാക്കാൻ ശിവശങ്കറിനെ കൂടെ കൂട്ടാനും തീരുമാനിച്ചു. അന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെയും ജേക്കബ് തോമസിനേയും ടീമിൽ എത്തിച്ചു. ഇവരെ എല്ലാം പിന്നീട് രവീന്ദ്രൻ വെട്ടി. ശിവശങ്കറുമായി ചേർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണ്ണായക ശക്തിയായി. ഇതിനിടെയാണ് സ്വപ്നാ സുരേഷ് വില്ലത്തിയായി എത്തിയത്.
ശിവശങ്കർ അറസ്റ്റിലാകുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വീണ്ടും കേന്ദ്ര ഏജൻസികളുടെ അന്വേഷണം എത്തുകയാണ്. കണ്ണൂരിൽ നിന്നുള്ള രവീന്ദ്രന് ഊരാളുങ്കൽ സൊസൈറ്റുമായി അടുത്ത ബന്ധമുണ്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായപ്പോൾ രവീന്ദ്രന് നിർണ്ണായക റോളുണ്ടായിരുന്നു. അതിന് ശേഷം വി എസ് അച്യൂതാനൻ പ്രതിപക്ഷ നേതാവായപ്പോൾ പാർട്ടി നോമിനിയായി വിഎസിനൊപ്പം നിന്നു. പിണറായിയുടെ വിശ്വസ്തത കാരണമായിരുന്നു ഈ പാർട്ടി നിയമനം. പിണറായിക്ക് അധികാരം കിട്ടിയപ്പോൾ സെക്രട്ടറിയേറ്റിലെ അതിശക്തനും. മിനി മുഖ്യമന്ത്രിയാണ് രവീന്ദ്രൻ എന്ന് കരുതുന്ന പലരും ഉണ്ട്.
ശിവശങ്കർ അറസ്റ്റിലായതിനു പിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് പ്രമുഖർകൂടി അന്വേഷണവലയത്തിൽ എന്നും സൂചനയുണ്ട്. അതായത് രവീന്ദ്രനെ കൂടാതെ രണ്ട് പേർ കൂടി. എല്ലാവരേയും ഇ.ഡി) വൈകാതെ ചോദ്യംചെയ്യുമെന്നാണ് സൂചന. അഡീ. പ്രൈവറ്റ് സെക്രട്ടറിമാരുടെ പങ്ക് ശക്തമാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ശിവശങ്കറിന്റെ പല ഇടപാടുകൾക്കും ഇവരുടെ സഹായം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇടനിലക്കാരിയായ സർക്കാർ പദ്ധതികളിലും ഇടപാടുകളിലും ഇവർക്കു കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്നും ഇ.ഡി. കരുതുന്നു. മൂവരെയും ശിവശങ്കറിനൊപ്പമിരുത്തി ചോദ്യംചെയ്തേക്കും.
അന്വേഷണം തങ്ങളിലേക്കെത്തുമെന്ന് ഉറപ്പായതോടെ, സംശയനിഴലിലുള്ള ഉദ്യോഗസ്ഥർ അഭിഭാഷകരുമായി പലവട്ടം ആശയവിനിമയം നടത്തി. അറസ്റ്റ് ഭീതിയിൽ ചിലർ കടുത്ത മാനസികസമ്മർദത്തിലെന്നും സൂചനയുണ്ട്. സ്വപ്നയുടെ ഫോണുകൾ, ലാപ്ടോപ് എന്നിവയിൽനിന്നു വീണ്ടെടുത്ത വിവരങ്ങളിൽ ഇവരുമായുള്ള ബന്ധം വ്യക്തമായി. ശിവശങ്കർ വഴിയാണു സ്വപ്നയ്ക്ക് ഇവരുടെ സഹായം ലഭിച്ചത്. ഈ പേഴ്സണൽ സ്റ്റാഫുകൾക്ക് പുറമേ മന്ത്രി കെടി ജലീലും നിരീക്ഷണത്തിലാണ്. ജലീലിന്റെ പേഴ്സണൽ സ്റ്റാഫ് രാഘവനും നിരീക്ഷണത്തിലാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനാണ് രാഘവൻ.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം സംബന്ധിച്ചും ജീവനക്കാരെക്കുറിച്ചും ഇന്നലെ ശിവശങ്കറിൽ നിന്ന് ഇഡി വിവരങ്ങൾ ശേഖരിച്ചു. രവീന്ദ്രനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയിലും രവീന്ദ്രൻ സമാന്തര ഓഫീസ് പ്രവർത്തനം നടത്തിയെന്ന് സിപിഎമ്മിനുള്ളിലും വലിയ വിമർശനങ്ങളുണ്ട്. ഊരാളുങ്കൽ സൊസൈറ്റിക്കു വേണ്ടി വഴിവിട്ട് സർക്കാർ തലത്തിലും ബിനാമിയായി മറ്റു പല മേഖലകളിലും രവീന്ദ്രന്റെ പ്രവർത്തനങ്ങളുണ്ടെന്നാണ് ചർച്ചകൾ. മുഖ്യമന്ത്രിയുടെ ബന്ധുക്കളെ ഉൾപ്പെടുത്തിയ പ്രത്യേകം സംവിധാനമാണ് രവീന്ദ്രൻ നടത്തുന്നത്.
മുഖ്യമന്ത്രിക്കും രവീന്ദ്രനെ കൈയൊഴിയാൻ പറ്റാത്ത സ്ഥിതിയുണ്ടെന്ന് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു. മുമ്പ് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ, ആ ഓഫീസിൽ പാർട്ടി പ്രതിനിധിയായി കോടിയേരി രവീന്ദ്രനെ നിയോഗിച്ചിരുന്നു. ഈ സർക്കാരിൽ പാർട്ടി പ്രതിനിധികളെ ജീവനക്കാരായി നിയോഗിക്കാൻ നിശ്ചയിച്ച പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, എത്രവട്ടം മന്ത്രിമാരുടെ കൂടെ ജോലി ചെയ്തു തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും രവീന്ദ്രന്റെ കാര്യത്തിൽ ലംഘിച്ചു.
ഈ മാനദണ്ഡങ്ങൾ പ്രകാരം മന്ത്രിമാരുടെ ഓഫീസിൽ കടക്കാൻ കഴിയാത്ത രവീന്ദ്രൻ, ചില ബാഹ്യശക്തികളുടെ സമ്മർദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയോഗിക്കപ്പെടുകയായിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ മുഖ്യമന്ത്രിയെ നിയന്ത്രിച്ചിരുന്നു, ശിവശങ്കറേയും നിയന്ത്രിക്കാൻ പാകത്തിൽ ശക്തനാണ് രവീന്ദ്രൻ.
മറുനാടന് മലയാളി ബ്യൂറോ