തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചുവെന്നതിനെ സംശയത്തോടെ കണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. അതിനിടയിലാണ് ഇന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ അദ്ദേഹം ഇ.ഡി.ക്ക് മുൻപിൽ ഹാജരാകില്ല. ചോദ്യം ചെയ്യൽ ഒഴിവാക്കാനുള്ള തന്ത്രമാണ് ഇതെന്ന സംശയം കേന്ദ്ര ഏജൻസികൾക്കുണ്ട്. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനായിരുന്നു നീക്കം. ഇതാണ് കോവിഡിൽ പൊളിയുന്നത്.

ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സി.എം. രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നത്. എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ഐടി വകുപ്പിൽ അടക്കം നടത്തിയ ചില നിയമനങ്ങളിൽ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കെ. ഫോൺ അടക്കമുള്ള വൻകിട പദ്ധതികളിൽ സി.എം. രവീന്ദ്രൻ അടക്കമുള്ളവർ വഴിവിട്ട ഇടപാടുകൾ നടത്തി എന്ന മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് സി.എം. രവീന്ദ്രന് ചോദ്യംചെയ്യലിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇഡിയുടെ കസ്റ്റഡിയിലാണ് ശിവശങ്കർ. അതുകൊണ്ട് തന്നെ ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു നീക്കം. ഇതാണ് രവീന്ദ്രൻ പൊളിച്ചത്. ഇനി കുറഞ്ഞത് 20 ദിവസം രവീന്ദ്രൻ ഇഡിക്ക് മുമ്പിൽ ഹാജരാകില്ല. അതിന് മുമ്പ് ശിവശങ്കറിന് ജാമ്യം കിട്ടാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിന് പ്രശ്‌നങ്ങൾ വരും.

അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വെള്ളിയാഴ്ച ഇഡി ചോദ്യം ചെയ്യുന്നതിൽ സർക്കാരിനു ആശങ്കയില്ലെന്നു വാർത്താ സമ്മേളനത്തിലെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ചിലർക്കു മോഹങ്ങളുണ്ട്. അതിന്റെ ഭാഗമായി ചില പ്രവചനങ്ങളും നടക്കുന്നുണ്ട്. അതിനപ്പുറം അതിൽ കഴമ്പുണ്ടെന്നു തോന്നുന്നില്ല. അന്വേഷണ ഏജൻസിക്കു ചില വിവരങ്ങളറിയാനുണ്ടാകും. അതിന്റെ ഭാഗമായി വിളിപ്പിച്ചതാകാനേ വഴിയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എം. രവീന്ദ്രൻ വളരെ കാലമായി അടുപ്പമുള്ളയാളാണ്. അതിൽ സംശയമില്ല. പാർലമെന്ററി പാർട്ടി ഓഫിസിൽ പ്രവർത്തിച്ചയാളാണ്. ദീർഘകാലമായി തങ്ങളുമായി നല്ല പരിചയം ഉള്ളയാളാണ്. അതിനാൽ അദ്ദേഹത്തിൽ പൂർണവിശ്വാസമുണ്ട്. അന്വേഷണ ഏജൻസി വിളിക്കുമ്പോൾ ആരും കുറ്റം ചാർത്തികളയണ്ട. അതുകൊണ്ട് അയാൾ അയാളല്ലാതാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതുകൊണ്ട് തന്നെ രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് അതി നിർണ്ണായകമായിരുന്നു. ഇതാണ് പൊളിക്കുന്നത്. കസ്റ്റഡിയിൽ ലഭിച്ച് ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ ശിവശങ്കർ അന്വേഷണ സംഘത്തോട് സഹകരിച്ചിരുന്നില്ല. പിന്നീട് അത് മാറി. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലായിരുന്നു. കസ്റ്റഡിയിലുള്ള ശിവശങ്കറിൽ നിന്നു ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ വിഷമവൃത്തത്തിലാക്കുന്ന നടപടി. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനു പിന്നാലെ പാർട്ടിയുമായി ഗാഢബന്ധമുള്ള സി.എം. രവീന്ദ്രനിലേക്ക് അന്വേഷണമെത്തുന്നത് ഭരണമുന്നണിയിൽ കടുത്ത രാഷ്ട്രീയസമ്മർദ്ദങ്ങൾക്ക് വഴിവയ്ക്കും.

ശിവശങ്കറിനൊപ്പം പല ദുരൂഹ ഇടപാടുകളിലും രവീന്ദ്രൻ പങ്കാളിയാണെന്ന് ഇ.ഡിക്ക് വിവരം കിട്ടിയിരുന്നു. കെ- ഫോൺ അടക്കം വൻകിട പദ്ധതികളിൽ രവീന്ദ്രന്റെ വഴിവിട്ട ഇടപെടലുണ്ടായെന്നാണ് വിവരം. ശിവശങ്കർ ടൂറിസം സെക്രട്ടറിയായിരിക്കെ തന്നെ രവീന്ദ്രന് അടുത്ത ബന്ധമുണ്ടായിരുന്നു. ഐ.ടി പദ്ധതികളിൽ മലബാറിലെ ഐ.ടി കമ്പനിക്ക് വഴിവിട്ട സഹായം നൽകിയെന്നും ആരോപണമുയർന്നിരുന്നു. ശിവശങ്കറിനെ കാണാൻ സ്വപ്ന സെക്രട്ടേറിയറ്റിലെത്തുമ്പോൾ പല തവണ രവീന്ദ്രനെയും കണ്ടതായും, സ്വപ്ന സംഘടിപ്പിച്ച ആഘോഷ പാർട്ടികളിൽ പങ്കെടുത്തതായും ഇ.ഡി പറയുന്നു. വിസ സ്റ്റാമ്പിങ് ആവശ്യത്തിന് നിരവധി തവണ വിളിച്ചതായി സ്വപ്നയും വെളിപ്പെടുത്തി. സ്വപ്നയുമായി പണമിടപാടുകളുണ്ടെന്നും ഇ.ഡി സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനായിരുന്നു ശ്രമം.

വടകര ഒഞ്ചിയം സ്വദേശിയായ രവീന്ദ്രന് സ്വർണക്കടകളിലും വസ്ത്ര വ്യാപാരശാലകളിലും ഇലക്ട്രോണിക്സ് സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും ബിനാമി നിക്ഷേപമുണ്ടെന്നും വടകരയിലെ ബന്ധുവാണ് പ്രധാന ബിനാമിയെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ബിനാമികളെ ഉപയോഗിച്ച് പലേടത്തും ഭൂമി വാങ്ങിക്കൂട്ടി. മൊബൈൽ ഫോൺ വിപണന ഏജൻസി രവീന്ദ്രന്റെ ബിനാമി ഇടപാടാണെന്നും പറയുന്നു. വിദ്യാഭ്യാസ യോഗ്യതയിലും വയസിലും ഇളവു നൽകിയാണ് രവീന്ദ്രനെ പേഴ്സണൽ സ്റ്റാഫ് അംഗമാക്കിയത്. രാഷ്ട്രീയ നിയമനമാണ് രവീന്ദ്രന്റേത്. വർഷങ്ങളായി പല സിപിഎം മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫായിരുന്നു.വീട് പുനർനിർമ്മാണ കരാർ ബന്ധവും അന്വേഷിക്കുംപ്രളയത്തിൽ തകർന്ന 150 വീടുകളുടെ പുനർനിർമ്മാണത്തിനുള്ള കരാർ, ബിനീഷിന്റെ ബിനാമിയായ തിരുവനന്തപുരത്തെ കാർ പാലസ് ഉടമയ്ക്ക് നൽകിയതിലും രവീന്ദ്രന്റെ പങ്ക് അന്വേഷിക്കുന്നുണ്ട്.