- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിവേഴ്സ് ക്വാറന്റീൻ കഴിഞ്ഞ് രവീന്ദ്രന് വീണ്ടും നോട്ടീസ് നൽകാൻ ഇഡി; മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ ശിവശങ്കരനു മുന്നിലെത്തിയിരുന്ന ഓരോ ഫയലും കൃത്യമായി അറിയുന്നയാളാണ് അഡീഷണൽ പി എസ് എന്ന തിരിച്ചറിവിൽ ചോദ്യം ചെയ്യലിന് കേന്ദ്ര ഏജൻസികൾ; രവീന്ദ്രനെ കോവിഡ് വിട്ടു പോകുമ്പോൾ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് റിവേഴ്സ് ക്വാറന്റൈൻ കാലം. അതും കഴിഞ്ഞു മാത്രമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ രവീന്ദ്രൻ ഹാജരാകൂ. ഇഡി ചോദ്യം ചെയ്യൽ നോട്ടീസ് നൽകിയപ്പോൾ ശിവശങ്കറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചോദ്യം ചെയ്യൽ നീണ്ടു. ഇഡി അറസ്റ്റ് ചെയ്ത ശിവശങ്കറിനൊപ്പം ഇരുത്തി രവീന്ദ്രനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് കേന്ദ്ര ഏജൻസി. കോവിഡു കാരണം ഇത് നടക്കാതെ പോയി.
അതിനിടെയാണ് രവീന്ദ്രൻ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി ആശുപത്രി വിട്ടു. സ്വർണക്കടത്ത് ഉൾപ്പെടെ കേസുകളിൽ ചോദ്യം ചെയ്യാൻ കഴിഞ്ഞ 6ന് ഹാജരാകണമെന്ന് ഇഡി ഇദ്ദേഹത്തോടു നിർദ്ദേശിച്ചിരുന്നു. അന്നാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലേന്നു ലഭിച്ച കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയെന്നായിരുന്നു വിശദീകരണം. 17 ന് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായി. പ്രമേഹ ബാധിതനാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.
ജവഹർ നഗറിലെ ഗസറ്റഡ് ഓഫിസേഴ്സ് ക്വാർട്ടേഴ്സിൽ ക്വാറന്റീനിൽ കഴിയുന്ന രവീന്ദ്രനെ 7 ദിവസം കഴിഞ്ഞു വീണ്ടും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെയും കോവിഡ് ബാധിച്ച് 7 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിനേശനും കഴിഞ്ഞ ദിവസം വീട്ടിലേക്കു മടങ്ങി. രവീന്ദ്രന് പുറമേ മറ്റ് രണ്ട് പേർ കൂടി മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇഡി നിരീക്ഷണത്തിലാണ്. രവീന്ദ്രനെ ചോദ്യം ചെയത ശേഷം ഇവരിലേക്ക് അന്വേഷണം എത്തിക്കാനായിരുന്നു നീക്കം. രവീന്ദ്രന് കോവിഡ് ബാധ എത്തിയതു കാരണം ഇതും നടക്കാതെ പോയി.
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കുന്നതടക്കം വരുംദിവസങ്ങളിൽ കൂടുതൽ നടപടികളുണ്ടാകുമെന്നും ഇത് മുഖ്യമന്ത്രിക്ക് കുരുക്കാകുമെന്നും പ്രതിപക്ഷം പ്രതീക്ഷിക്കുന്നു. അന്വേഷണം പുരോഗമിക്കുന്ന കേസുകളിലും സർക്കാരിന്റെ സ്വപ്ന പദ്ധതികളിലും കേന്ദ്ര ഏജൻസികളുടേതടക്കം അന്വേഷണസംഘങ്ങളുടെ വരുംദിവസങ്ങളിലെ നീക്കങ്ങൾ പ്രധാനമാണ്. സ്വപ്നാ സുരേഷിന് സ്ത്രീ എന്ന പരിഗണനയും ശിവശങ്കരന് ഐഎഎസുകാരൻ എന്ന ആനുകൂല്യവും കുറെയൊക്കെ കിട്ടിയെങ്കിലും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇത്തരം ആനുകൂല്യങ്ങൾക്കൊന്നും സാധ്യതയും അവസരവുമുണ്ടാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓരോ ഫയൽനീക്കവും ഇടപെടലുകളും ബന്ധങ്ങളും പിണറായിയുടെ നിഴലായി നിലകൊള്ളുന്ന സിഎം രവീന്ദ്രന് വ്യക്തമായി അറിയാം.
പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനു മുന്നിലെത്തിയിരുന്ന ഓരോ ഫയലും കൃത്യമായി അറിയുന്നയാളാണ് ഈ രവീന്ദ്രൻ. സ്വർണക്കള്ളക്കടത്തിനു പുറമെ ലൈഫ് പദ്ധതി ഉൾപ്പെടെ ഇടപടലുകളിൽ ശിവശങ്കരനെ കൂടാതെ ആർക്കൊക്കെ അറിവും പങ്കാളിത്തവും ലാഭവിഹിതവുമുണ്ടായിരുന്നു എന്നതിലാണ് നിർണായക വിവരങ്ങൾ പുറത്തുവരാനുള്ളത്. ഈന്തപ്പഴം ഇടപാട് ഉൾപ്പെടെ എല്ലാ നടപടികളുടെ സൂത്രധാരൻ ശിവശങ്കരാണെന്നു തെളിഞ്ഞിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വൻസ്വാധീനമുള്ളയാൾക്കും ഈ ഇടപാടുകളുടെ വിഹിതം ലഭിച്ചിരുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും ആവർത്തിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഈ ഇടപാടുകളെപ്പറ്റി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രവീന്ദനും പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തലത്തിനും അറിയാമെന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. പിണറായി വിജയന്റെ വിശ്വസ്തനായി ഒന്നര പതിറ്റാണ്ടായി ഒപ്പമുള്ള സിഎം രവീന്ദ്രനുമായി സ്വർണക്കള്ളക്കടത്ത്, കള്ളപ്പണം വെളിപ്പിക്കൽ സംഘങ്ങൾക്ക് ബന്ധമുണ്ടായിട്ടുള്ളതായി എൻഫോഴ്‌സ്‌മെന്റ് തെളിവു നിരത്തുന്ന സാഹചര്യമുണ്ടായാൽ പിണറായിയും പ്രതിസന്ധിയിലാകും
മറുനാടന് മലയാളി ബ്യൂറോ