തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി. വീണ്ടും നോട്ടീസ്. 27ന് കൊച്ചിയിൽ ഹാജരാകാനാണ് നോട്ടീസ്. സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പ്രതിയായി കഴിഞ്ഞു. ഈ സാഹചര്യത്തിൽ രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് സർക്കാരിനും നിർണ്ണായകമാണ്. കേസിൽ രവീന്ദ്രനെ പ്രതി ചേർക്കേണ്ടതുണ്ടോ എന്ന് മനസ്സിലാക്കാനാണ് ചോദ്യം ചെയ്യൽ.

സി.എം. രവീന്ദ്രൻ കോവിഡ് മുക്തനായതിനെത്തുടർന്ന് ആശുപത്രി വിട്ടതായി ഇ.ഡിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി. നോട്ടീസ് നൽകുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ ഒരാളാണ് സി.എം. രവീന്ദ്രൻ. ഒരാളെ ചോദ്യം ചെയ്യലിന് വിളിച്ചെന്നു കരുതി അയാൾ കുറ്റവാളിയാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. കെ ഫോൺ, ലൈഫ് മിഷൻ ഇടപാടുകളാകും രവീന്ദ്രനോട് ഇഡി ചോദിക്കുക.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീങ്ങുന്നതിന്റെ സൂചനയാണ് സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ വ്യക്തമാകുന്നത്. എം ശിവശങ്കറിനെപ്പോലെ പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനാണ് സിഎം രവീന്ദ്രൻ. ശിവശങ്കറിന്റെ ചോദ്യം ചെയ്യലിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ഇഡി വിളിപ്പിക്കുന്നത്. ഐടി വകുപ്പിലെ പല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഈ നടപടി. നേരത്തെ സ്വർണ്ണക്കടത്തിലും ലൈഫ് മിഷൻ അഴിമതിയുമായും ബന്ധപ്പെട്ട് ശിവശങ്കർ കുടുങ്ങിയപ്പോൾ തന്നെ വിവാദങ്ങളിൽ സിഎം രവീന്ദ്രന്റെ പേരും ഉയർന്നിരുന്നു.

അതിനിടെ പുതിയ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിൽ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി നീക്കം എടുത്തിരിക്കുകയാണ്. ഇക്കാര്യത്തിൽ അനുമതിക്കായി കോടതിയെ സമീപിക്കാനാണ് ഇഡി നീക്കം. അന്വേഷണ സംഘങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ശബ്ദരേഖയിലൂടെ സ്വപ്ന ഉയർത്തിയത്. ഐടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നൽകിയെന്ന സംശയത്തിലാണ് മൊഴിയെടുക്കാൻ ഇഡി വിളിപ്പിച്ചത്. എം ശിവശങ്കരന്റെ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻഫോഴ്‌സ്‌മെന്റ് നടപടി.

ശിവശങ്കർ അറസ്റ്റിലായതിന് പിന്നാലെ സി.എം. രവീന്ദ്രന് നേർക്കും ആരോപണങ്ങൾ ഉയർന്നിരുന്നു. ശിവശങ്കർ വിനീതവിധേയൻ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ യജമാനൻ മറ്റൊരാളാണെന്നും വെളിപ്പെടുത്തി രവീന്ദ്രനെതിരെ ആരോപണവുമായി വി എസ്. അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാൻ രംഗത്തെത്തിയിരുന്നു. സി.എം. രവീന്ദ്രന്റെ ബിനാമി ബന്ധങ്ങളെ കുറിച്ചാണ് ഷാജഹാൻ ആരോപണമുന്നയിച്ചത്.

പിണറായി വിജയന്റെ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും വർഷങ്ങളായി നോക്കിനടത്തുന്നത് രവീന്ദ്രനാണെന്ന് ഷാജഹാൻ പറയുന്നു. 1980കളിൽ തിരുവനന്തപുരത്ത് എത്തിയ സി.എം. രവീന്ദ്രൻ പിന്നീട് സർക്കാർ തലങ്ങളിൽ ഉന്നതങ്ങളിലേക്ക് വളർന്നു. വടകര ഓർക്കാട്ടേരിയിലെ ഒരു ബന്ധുവാണ് ഒഞ്ചിയം സ്വദേശിയായ രവീന്ദ്രന്റെ ബിനാമി. വടകരയിലും തലശേരിയിലും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ രവീന്ദ്രന് ഷെയറുണ്ട്. രവീന്ദ്രന്റെ ബിനാമിയുടെ പേരിൽ പലയിടത്തും ഭൂമി വാങ്ങിയിട്ടുണ്ടെന്നും ഷാജഹാൻ ആരോപിച്ചിരുന്നു.

സംസ്ഥാനത്തെ ഒരു മൊബൈൽ ഫോൺ നിർമ്മാണ ഏജൻസി രവീന്ദ്രന്റെ സംഘത്തിന്റെ ഉടമസ്ഥതയിലാണെന്നും ഇവയ്‌ക്കെല്ലാം തെളിവുണ്ടെന്നും അന്വേഷണ ഏജൻസികൾ ഇക്കാര്യം പരിശോധിക്കണമെന്നും കെ.എം. ഷാജഹാൻ ആവശ്യപ്പെട്ടിരുന്നു. കെഫോൺ, കൊച്ചി സ്മാർട് സിറ്റി, ടെക്‌നോപാർക്കിലെ ടോറസ് ടൗൺ ടൗൺ, ഇ മൊബിലിറ്റി എന്നീ പദ്ധതികളെക്കുറിച്ചാണ് ഇ.ഡി നിലവിൽ അന്വേഷിക്കുന്നത്. പദ്ധതിയുടെ മറവിൽ റിയൽ എസ്റ്റേറ്റ് കച്ചവടമോ കള്ളപ്പണ ഇടപാടുകളോ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും.