- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തത്തിൽ ഓക്‌സിജന്റെ അളവു കുറയുന്നു; പിന്നെ ശ്വാസ തടസവും; സ്റ്റിറോയിഡ് കാരണം പ്രമേഹവും ഉയർന്ന നിലയിൽ; സ്കാനിംഗും അനിവാര്യം; ഇഡിക്ക് മുമ്പിൽ ഹാജരാകാതിരിക്കാൻ രവീന്ദ്രൻ ഐസിയുവിൽ തുടരുന്നു; അസുഖ വാദത്തിൽ സംശയം കണ്ട് ഇഡിയും ഐബിയും; കോടതിയുടെ അനുമതിയോടെ പിണറായിയുടെ വിശ്വസ്തനെതിരെ നീങ്ങാൻ ആലോചന
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം. രവീന്ദ്രനെതിരെ കടുത്ത നടപടികളിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിച്ചു കളിക്കുന്ന സാഹചര്യത്തിലാണ് ഇത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായതിനാൽ ഇന്നും ഇഡിക്ക് മുന്നിൽ രവീന്ദ്രൻ ഹാജരാകില്ല. പകരം ആരോഗ്യ പ്രശ്‌നം ഇഡിയെ അറിയിക്കും. എന്നാൽ അസുഖമെന്ന വാദം ഇഡി അംഗീകരിക്കുന്നില്ല. ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് രവീന്ദ്രന്റെ ശ്രമമെന്നാണ് വിലയിരുത്തൽ.
രവീന്ദ്രൻ മെഡിക്കൽ കോളേജാശുപത്രി എ.സി.യുവിൽ ചികിത്സയിൽ തുടരുകയാണ്.കോവിഡ് മുക്തനായ ശേഷം രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറയുകയാണെന്നും ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. ചികിത്സയ്ക്ക് സ്റ്റിറോയ്ഡുകളടങ്ങിയ മരുന്നുകൾ നൽകുന്നതിനാൽ പ്രമേഹവും ഉയരുന്നുണ്ട്. സ്‌കാനിങ് ഉൾപ്പെടെ കൂടുതൽ പരിശോധനകളും വേണം. അതിനാൽ ഉടൻ ഡിസ്ചാർജ് ചെയ്യാനാവില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്.ഇ.ഡിയുടെ രണ്ടാമത്തെ നോട്ടീസ് ലഭിച്ച ബുധനാഴ്ചയാണ് രവീന്ദ്രൻ മെഡിക്കൽ കോളേജാശുപത്രിയിൽ അഡ്‌മിറ്റായത്.
അതിനിടെ, രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കണമെന്നും കോവിഡ് ബാധിതനായിരുന്നോ എന്നറിയാൻ ആന്റിബോഡി പരിശോധന വേണമെന്നും പ്രതിപക്ഷം ആവശ്യമുയർത്തിയിട്ടുണ്ട്. ഇതും ഇഡിയുടെ പരിഗണനയിലുണ്ട്. രവീന്ദ്രന് കോവിഡ് ബാധിച്ചിരുന്നോ എന്ന് മനസ്സിലാക്കാൻ ആന്റിബോഡി പരിശോധനയിലൂടെ കഴിയും. ഇതടക്കം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി നടപടി എടുക്കാനാണ് ഇഡിയുടെ തീരുമാനം.
ലൈഫ് മിഷനും കെ ഫോണും അടക്കമുള്ള സർക്കാർ പദ്ധതിയിലെ അഴിമതികളുമായി ബന്ധപ്പെട്ട് പല നിർണ്ണായക വിവരങ്ങളും ഇഡിക്ക് മുമ്പിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കർ നൽകിയിരുന്നു. എല്ലാം രവീന്ദ്രന് അറിയാമെന്ന തരത്തിലായിരുന്നു മൊഴി. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ ഇഡി രവീന്ദ്രന് നോട്ടീസ് നൽകിയത്. ഇതു രണ്ടാം തവണയാണു ചികിത്സയുടെ പേരിൽ രവീന്ദ്രൻ ഹാജരാകാതിരിക്കുന്നത്.
രവീന്ദ്രന്റെ നീക്കം സംശയത്തോടെയാണ് ഇഡി വിലയിരുത്തുന്നത്. ആരോഗ്യാവസ്ഥയെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു. രവീന്ദ്രന് കാര്യമായ പ്രശ്‌നമൊന്നുമില്ലെന്നാണ് അവരുടെ വിലയിരുത്തൽ. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതു അന്വേഷണത്തിൽ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ അസുഖം എന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയാൽ കർശന നടപടികൾ എടുക്കും. കോടതിയെ അറിയിച്ച് രവീ്ന്ദ്രനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇതിന്റെ നിയമ വിശങ്ങൾ പരിശോധിക്കുകയാണ് ഇഡി.
സ്വപ്നയുടെയും ശിവശങ്കറിന്റെയും സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ മറ്റു 2 പേരുടെയും മൊഴികളിൽനിന്നു രവീന്ദ്രന്റെ ചില ഇടപെടലുകളെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യണമെന്ന് തീരുമാനിച്ചത്. ഇതോടെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ സമർത്ഥമായി രവീന്ദ്രൻ രക്ഷപ്പെട്ടു. ആദ്യം കോവിഡിന്റെ പേരു പറഞ്ഞായിരുന്നു ഹാജരാകാതിരുന്നത്. രണ്ടാമത് കോവിഡാനന്തര ചികിൽസയുടെ പേരിലും.
തുടർ നടപടിയിൽ ഇന്നു തന്നെ ഇഡിയുടെ തീരുമാനമുണ്ടാകും. സ്വർണക്കടത്തു കേസിലെ കള്ളപ്പണം വെളുപ്പിക്കലും വിവിധ സർക്കാർ പദ്ധതികളിലെ കമ്മിഷൻ ഇടപാടുകളുമാണ് ഇഡി അന്വേഷിക്കുന്നത്. രവീന്ദ്രന്റെ രോഗ വിവരത്തിൽ മെഡിക്കൽ കോളേജിൽ നിന്നും വിവരങ്ങൾ നേരിട്ട് ആരായും. അസുഖത്തിന്റെ അവസ്ഥയിലും വിശദീകരണം ചോദിക്കും. അതിന് ശേഷം കോടതിയെ കാര്യങ്ങൾ അറിയിക്കും. ശിവശങ്കറുമായി രവീന്ദ്രനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ ആണ് ഇഡി ആദ്യം ആലോചിച്ചിരുന്നത്.
ശിവശങ്കർ ഇഡി കസ്റ്റഡിയിൽ ഇരുന്നപ്പോഴാണ് ആദ്യം രവീന്ദ്രന് നോട്ടീസ് നൽകിയത്. തന്ത്രപരമായി അന്നും ഒഴിഞ്ഞു. കഴിഞ്ഞ ആറിന് ഇ.ഡി ആദ്യം നോട്ടീസ് നൽകിയതിനു പിന്നാലെ കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് മുക്തനായ ശേഷം ഒരാഴ്ച ക്വാറന്റൈനും പൂർത്തിയാക്കിയ ശേഷമായിരുന്നു ഇ.ഡി രണ്ടാമതും നോട്ടീസ് നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ