- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിയുടെ വിശ്വസ്തനെ ഐസിയുവിൽ നിന്ന് പുറത്തെത്തിച്ചത് മാസ്റ്റർ പ്ലാനിന് മുമ്പുള്ള ടെസ്റ്റ് ഡോസിലൂടെ; കോവിഡിന്റെ ന്യായം ഇനി പറഞ്ഞാൽ ആന്റി ബോഡി ടെസ്റ്റെന്ന ആയുധം; വടകരയിലെ റെയ്ഡിലും കിട്ടിയത് നിർണ്ണായക വിവരങ്ങൾ; നോർത്ത് ബ്ലോക്കിലെ അഡീ പ്രൈവറ്റ് സെക്രട്ടറിയെ പുകച്ച് വീട്ടിലെത്തിച്ചത് ചോദ്യം ചെയ്യൽ വേഗത്തിലാക്കാൻ; രവീന്ദ്രൻ ഇനിയും ഒഴിഞ്ഞുമാറിയാൽ അറസ്റ്റ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത് മാസ്റ്റർ പ്ലാൻ നടപ്പാക്കും മുമ്പുള്ള ടെസ്റ്റ് ഡോസ്. ഇത് മനസ്സിലാക്കിയാണ് രവീന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്.
വടകരയിലെ റെയ്ഡിനൊപ്പം എന്തിനും തയ്യാറായി തിരുവനന്തപുരത്ത് മറ്റൊരു സംഘവും നിലയുറപ്പിച്ചു. കോവിഡാനന്തര രോഗമെന്ന രവീന്ദ്രന്റെ വാദത്തിലെ സത്യം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ട സമ്മർദ്ദം ഇതോടെ ശക്തമായി. ഇതിന് പിറകെ രവീന്ദ്രന് വേണ്ടി നാടകം പാടില്ലെന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശവും എത്തി. ഇതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് രവീന്ദ്രൻ വീണ്ടും വീട്ടിലേക്ക് മടങ്ങിയത്.
ഇഡി ആദ്യം ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ കോവിഡ് എന്ന ന്യായമാണ് രവീന്ദ്രൻ ഒഴിഞ്ഞു മാറാൻ പറഞ്ഞത്. ഇത് അംഗീകരിച്ച് ഇഡി കാത്തിരുന്നു. ഇതോടെ കോവിഡാനന്തര രോഗമെന്ന രണ്ടാം വാദവുമെത്തി. ഇതോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കാര്യങ്ങൾ തിരക്കി. രവീന്ദ്രനെ വെറുതെ മെഡിക്കൽ കോളേജിലെ ഐസിയുവിൽ കിടത്തിയിരിക്കുകയാണെന്ന വാദവും സജീവമായി. ഇതോടെ തിരുവനന്തപുരത്തെ ശ്രീചിത്രാ ആശുപത്രിയിൽ വിശദ പരിശോധന നടത്താൻ തീരുമാനിച്ചു. ഇതിനുള്ള നിർദ്ദേശവും കേന്ദ്ര ഏജൻസി നൽകി. ഇത് രവീന്ദ്രനും പിണറായി സർക്കാരും സിപിഎമ്മും തിരിച്ചറിഞ്ഞു.
രവീന്ദ്രനെ ആന്റി ബോഡി ടെസ്റ്റിന് വിധേയമാക്കാനായിരുന്നു ഇഡിയുടെ തീരുമാനം. ഇതിലൂടെ കോവിഡ് രോഗബാധയുണ്ടായോ എന്ന് സ്ഥിരീകരിക്കാം. ഈ പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ രവീന്ദ്രന് കോവിഡില്ലെന്ന വാദം ശക്തമാകും. ഇത് കോവിഡ് രോഗമുണ്ടെന്ന് കാട്ടി സർട്ടിഫിക്കറ്റ് നൽകിയവരെ പോലും വെട്ടിലാക്കും. ഇത് മനസ്സിലാക്കിയാണ് രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങിയത്. അതിനിടെ രവീന്ദ്രന് കോവിഡ് വന്നുവെന്നത് ശരിയാണെന്ന നിലപാടിലാണ് മെഡിക്കൽ കോളേജും ഡോക്ടർമാരും. എന്നാൽ കോവിഡാനന്തര ചികിൽസയിൽ ആർക്കും പ്രതികരണവുമില്ല.
വീട്ടിലെത്തിയ രവീന്ദ്രന് വീണ്ടും ഇഡി ഹാജരാകാൻ നോട്ടീസ് നൽകും. ഇതിനോടും അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യും. രവീന്ദ്രനെ കോവിഡിന്റെ ആന്റി ബോഡി ടെസ്റ്റും നടത്തും. കോവിഡ് എന്ന ന്യായം ഇനിയും ആവർത്തിച്ചാൽ ഈ പരിശോധന നിർണ്ണായകമാകും. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരായില്ലെങ്കിൽ രവീന്ദ്രനെ ഇഡി അറസ്റ്റു ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ അതിശക്തനായിരുന്നു രവീന്ദ്രൻ. അതുകൊണ്ട് തന്നെ രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് കേസിൽ അതിനിർണ്ണായകമാണ്.
തങ്ങളെ കളിപ്പിച്ചാൽ പണി പഠിപ്പിക്കുമെന്ന സന്ദേശം നൽകാനായിരുന്നു വടകരയിലെ റെയ്ഡുകൾ. 2 റെഡിമെയ്ഡ് കടകൾ, 2 ഇലക്ട്രോണിക്‌സ് ഷോപ്പുകൾ, ഒരു സൂപ്പർ മാർക്കറ്റ്, ഒരു മൊബൈൽ ഷോപ്പ്, ഒരു ടൂറിസ്റ്റ് ഹോം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. വാൻഹ്യൂസാൻ എന്ന വസ്ത്ര സ്ഥാപനവും, സാംസങ് ലാപ്‌ടോപ്പ് ഷോറൂമും ഓപ്പോ ഷോ റൂമും ഇതിൽ ഉൾപ്പെടുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് റെയ്ഡ് നടന്നത്. പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോൾ നടന്നിട്ടുള്ളത്. രേഖകൾ പരിശോധിച്ച ഇ.ഡി., സ്ഥാപനങ്ങൾ തുടങ്ങാൻ ആവശ്യമായ മൂലധനം എവിടെനിന്നാണ് ലഭിച്ചതെന്ന് ചോദിച്ചറിയുകയും ചെയ്തു. ഇതോടെ കളികാര്യമാകുമെന്ന് രവീന്ദ്രനും സിപിഎമ്മും തിരിച്ചറിഞ്ഞു. തുടർന്ന് മെഡിക്കൽ കോളേജിൽ നിന്ന് രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്യുകയും ചെയ്തു.
രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന് വിവിധ കോണുകളിൽനിന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇ.ഡിയുടെ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനുമാണ് പരിശോധനയ്ക്ക് വടകരയിൽ എത്തിയത്. ഓർക്കാട്ടേരി സ്വദേശിയാണ് രവീന്ദ്രൻ. പ്രദേശത്തെ പല കടകളിലും ഇദ്ദേഹത്തിന് ബിനാമി ഇടപാടുള്ളതായി ആക്ഷേപം ഉയർന്നിരുന്നു. റെയ്ഡ് പൂർത്തിയാക്കിയ ഇ.ഡി. സംഘം വൈകുന്നേരത്തോടെ മടങ്ങി. ആശുപത്രിയിൽ നിന്നും രവീന്ദ്രൻ വീട്ടിലേക്ക് മടങ്ങിയേ മതിയാകൂവെന്ന സന്ദേശമാണ് റെയ്ഡിലൂടെ ഇഡി നൽകിയത്.
സ്വർണക്കടത്ത്, സർക്കാരിന്റെ വൻകിട പദ്ധതികളിലെ ബിനാമി കള്ളപ്പണ ഇടപാടുകൾ എന്നിവയിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പിന്നാലെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് രവീന്ദ്രനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിൽ ഫിയോതെറാപ്പിയും വിശ്രമവും ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ അടുത്ത ദിവസങ്ങളിലൊന്നും ഇഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രൻ ഹാജരായേക്കില്ലെന്നാണ് സൂചന. ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് മെഡിക്കൽ കോളജിലെ എംഐസിയുവിൽ രവീന്ദ്രനെ പ്രവേശിപ്പിച്ചത്.
കോവിഡ് മുക്തനായതിനെ തുടർന്ന് ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10 ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കാട്ടി ഇഡി നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡാനന്തര ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.നവംബർ ആറിന് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ ഇഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നെങ്കിലും അടുത്ത ദിവസം അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ഐടി വകുപ്പിൽ അടക്കം നടത്തിയ ചില നിയമനങ്ങളിൽ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ