തിരുവനന്തപുരം: കോടിയേരി ബാലകൃഷണന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും അവധി കൊടുക്കാൻ സിപിഎം. രവീന്ദ്രൻ ഇ.ഡിക്കു മുന്നിൽ ഹാജരാകാൻ വൈകുന്നതിനെതിരേ സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശം ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. ഇതു തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകുന്നുവെന്നായിരുന്നു വിമർശനം. സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞയുടൻ രവീന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തെന്ന വാർത്തയും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് രവീന്ദ്രനെ മാറ്റാനുള്ള നീക്കം.

രവീന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഒഴിവാക്കുമെന്നും സൂചനയുണ്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. തീരുമാനം ഉടനുണ്ടാകും. ആരോഗ്യകാരണങ്ങളാൽ അവധി അനുവദിക്കാനാണു നീക്കം. പാർട്ടി നോമിനിയായാണ് രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്. ഈ സാഹചര്യത്തിലാണ് സിപിഎം ഇടപെടൽ. അന്വേഷണ ഏജൻസിക്കു മുന്നിൽ രവീന്ദ്രൻ ഹാജരാകണമെന്ന നിലപാടിനാണു പാർട്ടിയിൽ മുൻതൂക്കം. മകൻ കേസിൽപ്പെട്ടതിനേത്തുടർന്നു സംസ്ഥാന സെക്രട്ടറിയെ മാറ്റിനിർത്താമെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു രവീന്ദ്രനെയും ഒഴിവാക്കാമെന്നു മുതിർന്ന നേതാക്കാൾ കേന്ദ്രനേതൃത്വത്തെ അറിയിച്ചുവെന്നാണ് മംഗളം റിപ്പോർട്ട്

ഇക്കാര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കടുത്ത നിലപാടിലാണ്. രവീന്ദ്രനെതിരെ കടുത്ത നടപടി വേണമെന്ന് എംഎ ബേബി അടക്കമുള്ള മുതിർന്ന നേതാക്കൾക്കും അഭിപ്രായമുണ്ട്. സ്വർണ്ണ കടത്തിലെ അന്വേഷണങ്ങൾ സർക്കാരിനേയും പാർട്ടിയേയും പ്രതിക്കൂട്ടിൽ നിർത്തുകയാണ്. അതുകൊണ്ട് തന്നെ പഴയ പ്രതാപത്തിലെ പ്രതിരോധത്തിന് മുഖ്യമന്ത്രിക്കും കഴിയുന്നില്ല. ലൈഫ് മിഷനിലും കെ ഫോണിലും കിഫ്ബിയിലും എല്ലാം കേന്ദ്ര ഏജൻസികൾ കൈകടത്തുന്നതിൽ മുഖ്യമന്ത്രി തീർത്തും നിരാശനുമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കും. അത് അനുകൂലമായാൽ എതിർപ്പുകളെ അതിജീവിച്ച് മുഖ്യമന്ത്രി മു്‌മ്പോട്ടു പോകും.

കോവിഡ് അനന്തരചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രവീന്ദ്രനെ ഇന്നലെ ഡിസ്ചാർജ് ചെയ്തിരുന്നു. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ.ഡി രവീന്ദ്രനോട് ഇന്നലെ ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹത്തിനു ഫിസിയോ തെറാപ്പിയും വിശ്രമവും ആവശ്യമാണെന്നാണു ഡോക്ടർമാരുടെ നിർദ്ദേശം. കഴിഞ്ഞ 25-ന് ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട രവീന്ദ്രനു വിദഗ്ധചികിത്സ നിർദ്ദേശിച്ച് ആശുപത്രി അധികൃതർ ഇ.ഡിക്കു മെഡിക്കൽ രേഖകൾ കൈമാറിയിരുന്നു. അടുത്തയാഴ്ച ഹാജരാകാൻ ഇ.ഡി. വീണ്ടും നോട്ടീസ് നൽകും.

അതിനിടെയാണ് വടകരയിലെ മൂന്ന് വ്യാപാരസ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. സ്വർണക്കടത്ത് കേസിലെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡെന്നു സൂചന. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് ഇലക്ട്രോണിക്സ് കടകളിലും ഒരു വസ്ത്രശാലയിലുമായിരുന്നു പരിശോധന. രേഖകൾ പരിശോധിച്ച ഇ.ഡി, സ്ഥാപനങ്ങൾ തുടങ്ങാനുള്ള മൂലധനം എവിടെനിന്നാണെന്നു ചോദിച്ചറിഞ്ഞു. സ്ഥാപനങ്ങളുടെ സാമ്പത്തികസ്രോതസുമായി ബന്ധപ്പെട്ട് മുന്മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാൻ പരാതി നൽകിയിരുന്നു. ഇ.ഡിയുടെ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനുമാണു പരിശോധനയ്ക്കെത്തിയത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേററ്റിന്റെ ചോദ്യം ചെയ്യലിൽനിന്ന് ഒഴിഞ്ഞുമാറരുതെന്ന് രവീന്ദ്രനോട് സിപിഎം നിർദ്ദേശിച്ചു. വ്യക്തമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാതെ ചോദ്യംചെയ്യലിനു ഹാജരാകാതിരിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കും. പാർട്ടി നിർദ്ദേശത്തിനു പിന്നാലെയാണ് രവീന്ദ്രൻ ആശുപത്രിവിട്ടതെന്നാണ് സൂചന. എത്ര വൈകിയാലും രവീന്ദ്രനെ കേന്ദ്ര ഏജൻസി ചോദ്യംചെയ്യുമെന്ന് സിപിഎം വിലയിരുത്തി. സി.എം. രവീന്ദ്രന് ബെനാമി ഇടപാട് ഉണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്നുവ്യാപാര സ്ഥാപനങ്ങളിൽ വെള്ളിയാഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന് നോട്ടിസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡാനന്തര പരിശോധനകൾക്ക് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

രവീന്ദ്രൻ ഇന്നലെ ആശുപത്രി വിട്ടതോടെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യംചെയ്യൽ ഉടനുണ്ടാകും. വടകരയിൽ രവീന്ദ്രനുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന 6 സ്ഥാപനങ്ങളിലെ ഇഡി റെയ്ഡിനു പിന്നാലെയാണ് അദ്ദേഹം മെഡിക്കൽ കോളജ് വിട്ടത്. രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ നീണ്ടു. ബെനാമി ബന്ധം അന്വേഷിക്കാൻ സ്ഥാപന ഉടമകളുടെയും ജീവനക്കാരുടെയും വിശദ വിവരങ്ങളാണ് അന്വേഷണസംഘം തേടിയത്. മുൻപു രണ്ടു വട്ടം ചോദ്യംചെയ്യലിന് ഇഡി നോട്ടിസ് അയച്ചിട്ടും രവീന്ദ്രൻ ഹാജരായിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ഈ മാസം 6നു ഹാജരാകാനാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ തലേന്നു കോവിഡ് സ്ഥിരീകരിച്ച് രവീന്ദ്രൻ ചികിത്സ തേടി. 10 ദിവസം കഴിഞ്ഞ് നെഗറ്റീവായതോടെ, ഇന്നലെ ഹാജരാകാൻ നോട്ടിസ് നൽകി.

എന്നാൽ കോവിഡിനു ശേഷമുള്ള ചുമയ്ക്കും ശ്വാസതടസ്സത്തിനും രവീന്ദ്രൻ ബുധനാഴ്ച വൈകിട്ട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സ തേടി. കുഴപ്പമില്ലെന്ന് ഇന്നലെ സ്‌കാൻ, എക്‌സ്‌റേ പരിശോധനകളിൽ കണ്ടെത്തിയതോടെയാണു ഡിസ്ചാർജായത്.