കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പത്താം തീയതി ചോദ്യം ചെയ്യും. ഇതിനുള്ള നോട്ടീസ് നൽകി. കോവിഡാനന്തര ചികിത്സയ്ക്കു ശേഷം രണ്ടാഴ്ച വിശ്രമം ആവശ്യമാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് രവീന്ദ്രൻ നൽകിയിരുന്നു. 11 വരെ വിശ്രമം വേണമെന്നായിരുന്നു ആവശ്യം. ഇത് തള്ളിയായിരുന്നു പത്തിന് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

അതിനു മുമ്പു വിളിപ്പിച്ചതിനാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടി രവീന്ദ്രൻ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ കരുതുന്നു. അതിന് രവീന്ദ്രൻ തയ്യാറാകുമോ എന്ന് പരിശോധിക്കാനാണ് ഇഡി പത്തിന് ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്. രവീന്ദ്രനെ ചോദ്യംചെയേ്‌ണ്ടേതുണ്ടെന്നു കസ്റ്റംസും കോടതിയെ അറിയിച്ചിട്ടുണ്ട്. രവീന്ദ്രനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ അത് പിണറായി സർക്കാരിന് വലിയ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ രവീന്ദ്രൻ ഇനിയും ഒഴിഞ്ഞു മാറുമോ എന്ന സംശയം സജീവമാണ്.

കോവിഡും കോവിഡാനന്തര രോഗങ്ങളും കാരണംപറഞ്ഞ് രണ്ടുതവണയാണു രവീന്ദ്രൻ ഇ.ഡിയുടെ ചോദ്യംചെയ്യൽ നോട്ടീസിൽ ഹാജരാകാതിരുന്നത്. രോഗബാധ വ്യാജമാണെന്നു രാഷ്ട്രീയ ആരോപണമുയർന്നിരുന്നു. കോവിഡ് ബാധിച്ചിരുന്നെന്ന് ഉറപ്പാക്കാൻ ആന്റിബോഡി പരിശോധനയടക്കം നടത്തണമെന്ന് ആവശ്യമുയർന്നു. രവീന്ദ്രനു കോവിഡാണെങ്കിൽ അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ചവർ എന്തുകൊണ്ടു നിരീക്ഷണത്തിൽ പോയില്ലെന്ന ചോദ്യവുമുയർന്നു.

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ രവീന്ദ്രനു കൂടുതൽ ചികിത്സ ആവശ്യമുണ്ടെന്നു വ്യക്തമാക്കി ആശുപത്രി അധികൃതർ ഇ.ഡിക്കു മെഡിക്കൽ രേഖകൾ കൈമാറിയിരുന്നു. എന്നാൽ ബിനാമി നിക്ഷേപമുണ്ടെന്നു സംശയമുള്ള വടകരയിലെ ചില സ്ഥാപനങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തിയതിനു പിന്നാലെ രവീന്ദ്രൻ ആശുപത്രിവിട്ടു. ചോദ്യംചെയ്യൽ വൈകിപ്പിക്കാനാണ് ആശുപത്രിവാസമെന്ന വിലയിരുത്തലിലാണു റെയ്ഡ് നടത്തിയത്. ഇതിന് ശേഷം പല റെയ്ഡുകൾ നടത്തി.

ചോദ്യംചെയ്യലിനു മുന്നോടിയായിട്ടുള്ള പരിശോധനകൾ നടന്നു വരികയാണ്. സ്ഥാപനങ്ങളിലെ രേഖകൾ പരിശോധിച്ച ഇ.ഡി. സ്ഥാപനങ്ങൾ തുടങ്ങിയതിന്റെ മൂലധനത്തിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ട്. സിപിഎം. നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിയോടും ചില വിവരങ്ങൾ ചോദിച്ചിട്ടുണ്ട്. വടകരയിലെ ചെറുതും വലുതുമായ പന്ത്രണ്ടോളം സ്ഥാപനങ്ങളാണ് അന്വേഷണത്തിലുള്ളത്.

ഒരു സ്ഥാപനത്തിൽ മാത്രമേ പങ്കാളിത്തമുള്ളൂ എന്നാണു രവീന്ദ്രന്റെ വാദം. എട്ടു ലക്ഷം രൂപയാണു മുതൽമുടക്കെന്നും പറയുന്നു. എന്നാൽ, ബിനാമി നിക്ഷേപങ്ങളുണ്ടോ എന്നാണ് ഇ.ഡിയുടെ വിശദാന്വേഷണം. നേരത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ സ്വർണ്ണ കടത്ത് കേസിൽ കുടുങ്ങിയത് സർക്കാരിന് പ്രതിസന്ധിയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമൻ കൂടി കുടുങ്ങിയാൽ ്അത് സിപിഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയുമാകും.