കൊച്ചി: ഒടുവിൽ എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ സിഎം രവീന്ദ്രൻ എത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം കരുത്തു കാട്ടിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഹാജരായത്. നാലു തവണ സ്വർണ്ണ കടത്തിൽ ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ് നൽകിയിരുന്നു.

തദ്ദേശത്തിൽ ഇടതിന് കിട്ടിയത് പൊൻതിളക്കമായിരുന്നു. സ്വർണ്ണ കടത്തിലെ നടപടികൾ സർക്കാരിനെ ബാധിക്കില്ലെന്ന വിലയിരുത്തലും ശക്തമായി. ഈ സാഹചര്യത്തിലാണ് ഇഡിക്ക് മുമ്പിൽ മൊഴി നൽകാൻ സിഎം രവീന്ദ്രൻ എത്തിയത്. ചോദ്യം ചെയ്യലിന് ശേഷം കേന്ദ്ര ഏജൻസി എടുക്കുന്ന നടപടികൾ അതിനിർണ്ണായകമാണ്. എങ്കിലും രവീന്ദ്രനെ അറസ്റ്റ് ചെയ്താൽ രാഷ്ട്രീയ പ്രതികാരം എന്ന ചർച്ച സജീവമാക്കാനാണ് സിപിഎമ്മും നീക്കം. ഈ സാഹചര്യത്തിലാണ് അസുഖം എന്ന ന്യായം മറന്ന് മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ഇഡിക്ക് മുന്നിൽ എത്തുന്നത്. അതുകൊണ്ട് തന്നെ രവീന്ദ്രനെതിരായ നടപടികൾ വലിയ രാഷ്ട്രീയ ചർച്ചയായി മാറുകയും ചെയ്യും.

ചോദ്യം ചെയ്യലിനായി കൊച്ചി എൻഫോഴ്സ്മെന്റ് ഓഫീസിലാണ് അദ്ദേഹം എത്തിയത്. നേരത്തെ ചോദ്യം ചെയ്യലിൽ ഇളവുകൾ തേടി രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അസുഖമായതിനാൽ തുടർച്ചയായി തടഞ്ഞു വച്ചുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ഇത് കോടതി ഇന്ന് പരിഗണിക്കും. അതിന് മുമ്പ് തന്നെ രവീന്ദ്രൻ ചോദ്യം ചെയ്യലിന് എത്തിയെന്നതാണ് വസ്തുത. തദ്ദേശത്തിൽ സിപിഎമ്മിന് കിട്ടിയ അംഗീകാരം കണക്കിലെടുത്താണ് ഇത്. നേരത്തെ മൂന്ന് തവണ ചോദ്യം ചെയ്യലിന് രവീന്ദ്രൻ എത്താത്തതും തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണെന്ന വാദം ശക്തമായിരുന്നു. ഇതിനിടെയാണ് ഫലം വന്ന ശേഷമുള്ള രവീന്ദ്രന്റെ ഹാജരാകൽ.

കഴിഞ്ഞ മൂന്ന് തവണയും രവീന്ദ്രൻ അന്വേഷണ സംഘം മുൻപാകെ ഹാജരായിരുന്നില്ല. ആദ്യം ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു രവീന്ദ്രന് കൊറോണ സ്ഥിരീകരിച്ചത്. പിന്നീട് രോഗം ഭേദമായ ശേഷം ഹാജരാകാൻ വിളിപ്പിച്ചെങ്കിലും വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രി വിട്ട ശേഷം നോട്ടീസ് നൽകിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റായി. അതേസമയം നോട്ടീസ് ലഭിച്ചതിന് പിന്നാലെ രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘം തുടർച്ചയായി നോട്ടീസ് അയച്ച് ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും രവീന്ദ്രൻ ഹർജിയിൽ പറയുന്നു. ഇതിനിടെയാണ് ചോദ്യം ചെയ്യലിന് എത്തിയത്.

ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ള സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുമോയെന്നതിൽ സംശയമായിരുന്നു. എന്നാൽ കോടതി വിധി എതിരാകുമെന്ന വിലയിരുത്തലിലാണ് ചോദ്യം ചെയ്യലിന് എത്തിയത്. സ്വപ്ന, സരിത്, എം ശിവശങ്കർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെയും ചോദ്യം ചെയ്യുന്നത്. ലൈഫ്മിഷൻ, കെ ഫോൺ പദ്ധതികളിലെ ഇടപാടുകളും ഇ ഡി അന്വേഷിക്കുകയാണ്.