കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്നത് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എന്ന നിലപാടിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രവീന്ദ്രന്റെ ഇടപെടലുകൾ സംശയാസ്പദമെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. സർക്കാർ പദ്ധതികളിൽ രവീന്ദ്രൻ-ശിവശങ്കർ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇ.ഡി.ക്കു ലഭിച്ചിരിക്കുന്ന വിവരം. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് ഇഡിക്ക് ശിവശങ്കർ നൽകിയ മൊഴി വിശദമായി പരിശോധിക്കും. അതിന് ശേഷമാകും കേസിൽ രവീന്ദ്രന്റെ ഭാവിയെ കുറിച്ച് കേന്ദ്ര ഏജൻസികൾ തീരുമാനം എടുക്കൂ. സ്വർണക്കടത്തുമായി ബന്ധപ്പെട്ടും അല്ലാതെയും അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് രവീന്ദ്രനെതിരേയുള്ളത്.

നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ സി.എം.രവീന്ദ്രനെ ഇഡി ഇന്നലെ 13 മണിക്കൂർ ചോദ്യം ചെയ്തിരുന്നു രാത്രി 11.15നു വിട്ടയച്ചു. ഇഡി കൊച്ചി ഓഫിസിൽ ഇന്നലെ രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി 11 വരെ തുടർന്നു. ഇതിനിടെ ഭക്ഷണത്തിനും വിശ്രമത്തിനും സമയം അനുവദിച്ചിരുന്നു. കസ്റ്റഡി തടയണമെന്ന് ആവശ്യപ്പെട്ട് സി.എം. രവീന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കോവിഡാനന്തര രോഗങ്ങൾ അലട്ടുന്നതിനാൽ ദീർഘനേരം തുടർച്ചയായി ചോദ്യം ചെയ്യുന്നത് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. അതുകൊണ്ട് തന്നെ വേണമെങ്കിൽ രവീന്ദ്രനെ കസ്റ്റഡിയിൽ വയ്ക്കാമായിരുന്നു. എന്നാൽ മൊഴി പരിശോധനയ്ക്ക് ശേഷം കൂടുതൽ നടപടി എടുക്കാമെന്ന നിഗമനത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നൽകിയിട്ടും കോവിഡ്, കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ പറഞ്ഞ് ചോദ്യം ചെയ്യലിൽനിന്ന് വിട്ടു നിൽക്കുകയായിരുന്നു. കഴിഞ്ഞ 10ന് വോട്ടെടുപ്പു ദിനത്തിൽ ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും ആശുപത്രിയിൽ അഡ്‌മിറ്റാകുകയും ഹാജരാകാൻ സാധിക്കുകയില്ലെന്ന് അറിയിക്കുകയും ചെയ്തു. തുടർന്നു കഴിഞ്ഞയാഴ്ച ഡിസ്ചാർജ് ആകുകയും വീട്ടിൽ പോകുകയും ചെയ്തിരുന്നു. കോടതി കേസ് പരിഗണിക്കുമ്പോൾ ഹാജരാകാതിരിക്കുന്നത് തിരിച്ചടിയാകും എന്ന കണക്കുകൂട്ടലിലാണ് നീക്കമെന്നാണു വിലയിരുത്തൽ. വിശദമായ മൊഴി എടുക്കൽ തന്നെ നടത്തി. ഇനി കസ്റ്റംസും മറ്റ് ഏജൻസികളും രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകാനും സാധ്യതയുണ്ട്.

ലൈഫ് മിഷൻ, കെ-ഫോൺ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ ഇടപാടുകളിൽ ശിവശങ്കറിനു നിർദ്ദേശങ്ങൾ രവീന്ദ്രനിൽനിന്നാണു ലഭിച്ചതെന്നാണ് ഇ.ഡി. നൽകുന്ന സൂചന. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് രവീന്ദ്രൻ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. ശിവശങ്കറിനുപുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ഇ.ഡി.യുടെ ചോദ്യത്തിന് രവീന്ദ്രൻ വിളിക്കാറുണ്ടായിരുന്നുവെന്നും വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു ഇതെന്നും സ്വപ്ന മൊഴിനൽകിയിരുന്നു. ഇതാണ് രവീന്ദ്രനെ സംശയ നിഴലിലേക്ക് കൊണ്ടു വന്നത്.

പലതവണ നോട്ടീസ് അയച്ചപ്പോഴും ആശുപത്രിവാസത്തിലൂടെ ഒഴിഞ്ഞുനിന്ന രവീന്ദ്രൻ, തദ്ദേശ വോട്ടെടുപ്പ് ഫലം വന്നതിനു പിറ്റേന്ന്, ഇന്നലെ രാവിലെ ഒമ്പതോടെയാണ് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ എത്തിയത്. തനിക്കെതിരായ ഇ.ഡിയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന് അപേക്ഷിക്കുന്ന ഹർജി ഇന്നലെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനത്തിനു കാത്തുനിൽക്കാതെ രവീന്ദ്രൻ ചോദ്യംചെയ്യലിനു ഹാജരായത്. ഹർജി പിന്നീടു കോടതി തള്ളി. അന്വേഷണത്തിന്റെ ഭാഗമായി നൽകുന്ന നോട്ടീസ് ചോദ്യംചെയ്യുന്ന ഹർജി നിലനിൽക്കുന്നതല്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചാണു കോടതി തീരുമാനം.

രവീന്ദ്രൻ നിയമത്തിനു മുന്നിൽനിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്ന് ഇ.ഡി. ആരോപിച്ചു. ചോദ്യംചെയ്യലിൽ അഭിഭാഷകനെ ഒപ്പം കൂട്ടാൻ അനുവദിക്കണമെന്ന ആവശ്യവും നിരസിക്കപ്പെട്ടു. ചോദ്യംചെയ്യലിനെത്താൻ നിർദ്ദേശിച്ച് നവംബർ ആറിനാണ് രവീന്ദ്രന് ഇ.ഡി. ആദ്യം നോട്ടീസ് നൽകിയത്. കോവിഡ് പോസിറ്റീവായെന്നറിയിച്ച് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. നവംബർ 27-നു നോട്ടീസ് നൽകി പക്ഷേ കോവിഡാനന്തര രോഗങ്ങളുണ്ടെന്നു പറഞ്ഞ് വീണ്ടും ആശുപത്രിയിലായി. ഡിസംബർ പത്തിനു നോട്ടീസ് നൽകിയപ്പോഴും ശാരീരിക പ്രശ്നങ്ങൾ പറഞ്ഞ് ആശുപത്രിയിൽ അഭയം തേടി.

ഇ.ഡി. കടുത്ത നടപടിക്കു തുനിഞ്ഞേക്കുമെന്നു കേട്ടതിനു പിന്നാലെയാണ് ഇന്നലെ അദ്ദേഹം ഇ.ഡി. ഓഫീസിലെത്തിയത്. കോടതിയുടെ വിമർശനം ഭയന്നാണ് ഇതെന്നു നിയമവൃത്തങ്ങൾ സൂചിപ്പിച്ചു.