- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെയ്തതെല്ലാം ശിവശങ്കർ പറഞ്ഞിട്ട്; അനധികൃത സ്വത്തൊന്നും ഉണ്ടാക്കിയില്ലെന്നും മൊഴി; തെളിവു സഹിതം എല്ലാം പൊളിച്ച് എൻഫോഴ്സ്മെന്റ്; കേന്ദ്ര ഏജൻസി ശ്രമിക്കുന്നത് സ്വർണ്ണകടത്തിലെ യഥാർത്ഥ വില്ലനെ കണ്ടെത്താൻ; ലൈഫ് മിഷനിലും കെ ഫോണിലും സംശയങ്ങൾ ഏറെ; മുഖ്യമന്ത്രിയുടെ വിശ്വസ്തൻ സിഎം രവീന്ദ്രനെ രണ്ടാം ദിനവും ചോദ്യം ചെയ്യുമ്പോൾ
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ചോദ്യം ചെയ്യലിൽ നിർണ്ണായ വിവരങ്ങൾ കിട്ടിയെന്ന് സൂചന. രവീന്ദ്രന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കർ ഐഎഎസിനെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് രവീന്ദ്രൻ മൊഴി കൊടുക്കുന്നത്. അവിഹിത സ്വത്ത് സമ്പാദനമുണ്ടായിട്ടില്ലെന്നാണ് നിലപാട്. എന്നാൽ തെളിവു കാട്ടിയുള്ള ചോദ്യങ്ങളിൽ രവീന്ദ്രൻ പതറുന്നുമുണ്ട്.
12 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വ്യാഴാഴ്ച രവീന്ദ്രനെ വിട്ടയച്ചിരുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കൊച്ചിയിലെ ഓഫീസിൽ ഇന്നലെ രാവിലെ 10.30-ന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി 11 മണിയോടെയാണ് അവസാനിച്ചത്. ഇന്ന് രാവിലെ 9.30-ഓടെ അദ്ദേഹം വീണ്ടും എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരായി. ഇഡിയുടെ ആവശ്യ പ്രകാരമാണ് ഇത്. അസുഖമുള്ളതു കൊണ്ടാണ് കസ്റ്റഡിയിൽ വയ്ക്കാതെ വിട്ടയച്ചത്. ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കൂടുതൽ സമയം ഇടവേളകൾ നൽകിയാണ് രവീന്ദ്രനെ ഇന്നലെ ചോദ്യം ചെയ്തത് എന്നാണ് ഇ.ഡി. വൃത്തങ്ങൾ അറിയിച്ചത്. ഇ.ഡി. ചോദ്യം ചെയ്യുമ്പോൾ അതിന്റെ ദൈർഘ്യം പരിമിതപ്പെടുത്താൻ നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് സി.എം. രവീന്ദ്രൻ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
രവീന്ദ്രന്റെ ഇടപെടലുകൾ സംശയാസ്പദമെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ വിലയിരുത്തൽ. സർക്കാർ പദ്ധതികളിൽ രവീന്ദ്രൻ-ശിവശങ്കർ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇത് ചോദ്യം ചെയ്യലിൽ പലപ്പോഴും സമ്മതിക്കുന്നു. ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് പ്രവർത്തിച്ചതെന്നാണ് വാദം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇ.ഡിക്കു ലഭിച്ചിരിക്കുന്ന വിവരം. ലൈഫ് മിഷൻ, കെ-ഫോൺ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ ഇടപാടുകളിൽ ശിവശങ്കറിനു നിർദ്ദേശങ്ങൾ രവീന്ദ്രനിൽനിന്നാണു ലഭിച്ചതെന്നാണ് ഇ.ഡി. നൽകുന്ന സൂചന. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് രവീന്ദ്രൻ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ശിവശങ്കറിനെ നല്ല ഉദ്യോഗസ്ഥനായി കണ്ടതു കൊണ്ടാണ് നിയമിച്ചതെന്നാണ് രവീന്ദ്രൻ പറയുന്നത്.
ശിവശങ്കറിനു പുറമേ, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ഇ.ഡിയുടെ ചോദ്യത്തിന് രവീന്ദ്രൻ വിളിക്കാറുണ്ടായിരുന്നുവെന്നും വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു ഇതെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. ഇന്നലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ അനധികൃത സ്വത്ത് സമ്പാദനം, സ്വർണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചോദിക്കുന്നത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റ് ചിലർക്കും സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നു എന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, സ്വർണക്കടത്തിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് രവീന്ദ്രന്റെ നിലപാട്. ഇദ്ദേഹം നൽകിയ മൊഴിയിലെ പല കാര്യങ്ങളിലും അവ്യക്തതയുള്ളതായി ഇ.ഡി അധികൃതർ പറയുന്നു. ചോദ്യം ചെയ്യലിൽ ഇളവ് തേടി നൽകിയ ഹരജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കുന്നതിന് ഏതാനും മണിക്കൂർ മുമ്പാണ് രവീന്ദ്രൻ ഹാജരായത്. വ്യാഴാഴ്ച പുലർച്ച തന്നെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാവിലെ ഒമ്പത് മണിയോടെ കൊച്ചിയിലെ ഇ.ഡി ഓഫിസിൽ എത്തുകയായിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുമ്പ് മൂന്നുതവണ ഇഡി രവീന്ദ്രന് നോട്ടീസ് അയച്ചിരുന്നു. അപ്പോഴെല്ലാം കോവിഡ് ഉൾപ്പെടെയുള്ള ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഹാജരായിരുന്നില്ല. എന്നാൽ, നടുവേദനയുടെ പ്രശ്നം ഒഴിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ ബോർഡ് രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തിരുന്നു ഇഡി ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ എം ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയിൽ നൽകിയത്. ഹർജി പരിഗണിച്ചപ്പോൾ ശിവശങ്കർ ഇപ്പോൾ പ്രതിയല്ലെന്നും അറസ്റ്റുചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇഡി ഹൈക്കോടതിയിൽ അറിയിച്ചത്. തുടർന്ന് ജാമ്യാപേക്ഷ തള്ളി. വൈകാതെ ഇഡി ശിവശങ്കറിനെ കസ്റ്റഡിയിൽ എടുക്കുകയും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇതാണ് മുൻകൂർജാമ്യാപേക്ഷ നൽകാതെ, ചോദ്യംചെയ്യുമ്പോൾ അഭിഭാഷകസാന്നിധ്യം ആവശ്യപ്പെട്ട് രവീന്ദ്രൻ കോടതിയെ സമീപിക്കാനുള്ള കാരണം.
നോട്ടീസിൽ ഏതു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് വിളിക്കുന്നതെന്ന് ഇഡി രേഖപ്പെടുത്തിയിട്ടില്ല. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് നിർബന്ധപൂർവം മൊഴി പറയിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നു. ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴുമുള്ളതിനാൽ ദീർഘനേരം ചോദ്യംചെയ്യുന്നത് ഒഴിവാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ. എന്നാൽ ഈ ഹർജി കോടതി അനുവദിച്ചില്ല.
മറുനാടന് മലയാളി ബ്യൂറോ