- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയെ ശിവശങ്കർ അവതരിപ്പിച്ചത് ബന്ധുവും സുഹൃത്തുമായി; ഇടപാടുകൾ പരിശോധിക്കുന്നതിൽ വീഴ്ച വന്നു; ഇംഗ്ലീഷ് പരിജ്ഞാനം കുറവായതു കൊണ്ട് രേഖകൾ തയ്യാറാക്കാനും മനസ്സിലാക്കാനും ബുദ്ധിമുട്ട്; പിണറായിയെ സംരക്ഷിച്ച് അതിവിശ്വസ്തൻ; സിഎം രവീന്ദ്രനെ വിശ്വസിക്കാതെ ഇഡിയും; ചോദ്യം ചെയ്യൽ തുടരും
കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ നൽകുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കുറ്റപ്പെടുത്തുന്ന മൊഴികൾ. തിങ്കളാഴ്ചയും രവീന്ദ്രനെ ചോദ്യം ചെയ്യും. നിർണ്ണായകമായ പലവിവരങ്ങളും രവീന്ദ്രൻ പങ്കുവച്ചുവെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനെ പൂർണ്ണമായും പിന്തുണയ്ക്കുന്ന തരത്തിലാണ് വെളിപ്പെടുത്തലുകൾ. ഇതൊന്നും ഇഡി വിശ്വസിച്ചിട്ടില്ല.
സ്വപ്ന സുരേഷിനെ തനിക്കു പരിചയപ്പെടുത്തിയത് എം. ശിവശങ്കറാണെന്നു രവീന്ദ്രൻ ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിൽ അറിയിച്ചു. സ്വപ്നയ്ക്കു സെക്രട്ടേറിയറ്റിൽ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ, സ്വർണക്കടത്തു പോലെ വഴിവിട്ട ഇടപാടുകളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ശിവശങ്കറിനെ കാണാൻ സ്വപ്ന പലവട്ടം എത്തിയിട്ടുണ്ട്. ശിവശങ്കറിന്റെ വേണ്ടപ്പെട്ട ആളെന്ന നിലയിലാണു താനുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്വപ്നയെ കണ്ടിരുന്നത്. മറ്റാരുമായും അവർ നേരിട്ടു ബന്ധപ്പെട്ടിരുന്നില്ല. സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വപ്നയുടെ ബന്ധം ശിവശങ്കർ വഴിയാണെന്നാണ് അറിവ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്ന നേരിട്ട് ഇടപെട്ടിരുന്നതായി അറിവില്ലെന്നും രവീന്ദ്രൻ മൊഴി നൽകി.
സ്വപ്ന തന്റെ ബന്ധുവും സുഹൃത്തുമാണെന്നാണ് ശിവശങ്കർ സഹപ്രവർത്തകരോടു പറഞ്ഞിരുന്നതെന്നും അവരുടെ ഇടപാടുകൾ ശ്രദ്ധിക്കുന്ന കാര്യത്തിൽ അതിനാൽ വീഴ്ചയുണ്ടായെന്നും രവീന്ദ്രൻ സമ്മതിച്ചു. യു.എ.ഇ. കോൺസുലേറ്റിന്റെ പ്രതിനിധിയെന്ന നിലയിൽ സ്വപ്ന മൂന്നു തവണ മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നിട്ടുണ്ട്. നാട്ടിലും വിദേശത്തും മുഖ്യമന്ത്രി പങ്കെടുത്ത വിവിധ പരിപാടികളിലും സ്വപ്നയെ കണ്ടിട്ടുണ്ടെുന്നും ചോദ്യംചെയ്യലിൽ പറഞ്ഞു. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തതിന്റെ മികവു തെളിയിച്ചതിന്റെ അടിസ്ഥാനത്തിലാണു ശിവശങ്കറിനെ മുഖ്യമന്ത്രി തന്റെ സ്പെഷൽ സെക്രട്ടറിയായി നിയമിച്ചത്. ലൈഫ് മിഷൻ കരാറിനെപ്പറ്റി അറിവില്ല. ഇംഗ്ലീഷിൽ തനിക്കു പരിജ്ഞാനം കുറവായതിനാൽ, രേഖകൾ തയാറാക്കാനും വായിച്ചു മനസിലാക്കാനും ബുദ്ധിമുട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രതിദിന പരിപാടികൾ തയാറാക്കലും ഏകോപനവുമാണ് തന്റെ ചുമതല.
രവീന്ദ്രന്റെ ഇടപെടലുകൾ സംശയാസ്പദമെന്ന് തന്നെയാണ് ഇ.ഡിയുടെ വിലയിരുത്തൽ. സർക്കാർ പദ്ധതികളിൽ രവീന്ദ്രൻ-ശിവശങ്കർ സഖ്യത്തിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്ന് കരുതുന്നു. സ്വർണക്കടത്തിനെക്കുറിച്ച് അറിവില്ലെന്നാണ് രവീന്ദ്രന്റെ നിലപാടെങ്കിലും മൊഴിയിലെ പല കാര്യങ്ങളിലും അവ്യക്തതയുള്ളതായി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. തുടർച്ചയായ രണ്ടാം ദിവസവും രവീന്ദ്രന്റെ ചോദ്യംചെയ്യൽ ഇന്നലെ രാത്രിയോളം നീണ്ടു. പ്രതിയാക്കണോ സാക്ഷിയാക്കണോ എന്ന കാര്യത്തിൽ അടുത്ത ചോദ്യംചെയ്യലിനു ശേഷമേ തീരുമാനമെടുക്കൂ. അതുകൊണ്ട് തന്നെ തിങ്കളാഴ്ച രവീന്ദ്രന് ഏറെ നിർണ്ണായകമാണ്. രവീന്ദ്രൻ പറയുന്നതൊന്നും ഇഡി വിശ്വസിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
രണ്ടാം ദിവസം 11 മണിക്കൂർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)ചോദ്യം ചെയ്തു. വ്യാഴാഴ്ച തുടർച്ചതായി 13 മണിക്കൂർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. ഇന്നലെയും നേരിട്ടു ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടതിനാൽ രാവിലെ 10 മണിയോടെ രവീന്ദ്രൻ ഇഡിയുടെ കൊച്ചി യൂണിറ്റ് ഓഫിസിലെത്തി. തന്റെ മറുപടികളെ സാധൂകരിക്കുന്ന നിരവധി രേഖകളുമായാണു രവീന്ദ്രൻ ചോദ്യംചെയ്യലിനെത്തിയത്. ആരോഗ്യപ്രശ്നമുള്ളതിനാൽ, ഇടവേളകൾ നൽകിയാണു രവീന്ദ്രനെ ചോദ്യംചെയ്യുന്നത്.
സി.എം.രവീന്ദ്രന്റെയും ബന്ധുക്കളുടെയും സ്വത്തുവിവരം സംബന്ധിച്ചു സ്വയം സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലാണ് ആദ്യ ദിവസം നടന്നത്. എന്നാൽ ഇതുവരെ ഇഡി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലാണ് ഇന്നലെ നടന്നത്. ചോദ്യം ചെയ്യൽ തുടരുമ്പോൾ കൂടുതൽ വ്യക്തത കാര്യങ്ങളിൽ വരുമെന്നാണ് വിലയിരുത്തൽ.
സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സിബിഐ രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കേസിലെ പ്രതി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ എന്നിവർ വിവിധ ഘട്ടങ്ങളിൽ സി.എം.രവീന്ദ്രനെക്കുറിച്ചു നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലാണ് ഏറ്റവും നിർണായകം.
മറുനാടന് മലയാളി ബ്യൂറോ