- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡിയുടെ ചോദ്യം ചെയ്യലിനെ രവീന്ദ്രന് ഭയമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയോ? നാലാം വട്ടവും ഇഡി നോട്ടീസ് നൽകിയതോടെ ഇളവുകൾ തേടി സിഎം രവീന്ദ്രൻ ഹൈക്കോടതിയിൽ; താൻ രോഗബാധിതൻ എന്നും കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്നും ഹർജിയിൽ; തന്നെ എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് അറിയില്ലെന്നും രവീന്ദ്രൻ
തിരുവനന്തപുരം: ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഹാജരാകണമെന്നാണ് നോട്ടീസിൽ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം എൻഫോഴ്സ്മെന്റ് നീക്കങ്ങൾ തടയണമെന്നാവശ്യപ്പെട്ട് രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിൽ ഇളവുകൾ തേടിയാണ് രവീന്ദ്രൻ കോടതിയെ സമീപിച്ചത്. താൻ രോഗബാധിതനാണ്. ഇഡി കസ്റ്റഡിയിൽ എടുക്കുന്നത് തടയണം. ചോദ്യം ചെയ്യൽ അഭിഭാഷകന്റെ സാന്നിധ്യത്തിൽ ആകണമെന്ന് ഇഡിയോട് നിർദ്ദേശിക്കണമെന്നാണ് ഹർജിയിൽ പറയുന്നത്. കസ്റ്റഡിയിൽ എടുക്കുന്നത് തടയണം. ചോദ്യം ചെയ്യലിന് നിശ്ചിത സമയം അനുവദിക്കണമെന്നും ഹർജിയിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ പ്രകാരമുള്ള ഇഡിയുടെ നടപടികൾ സ്റ്റേ ചെയ്യണം.
ഇഡി തനിക്ക് തുടർച്ചയായി നോട്ടീസ് അയച്ച് ബുദ്ധിമുട്ടിക്കുകയാണ്. തന്നെ ഏതുകേസുമായി ബന്ധപ്പെടുത്തിയാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇഡി രജിസ്ററർ ചെയ്ത ഒരുകേസിലും താൻ പ്രതിയല്ലെന്നും ഹർജിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി രവീന്ദ്രൻ അഭിഭാഷകൻ മുഖേന ഇഡിക്ക് കത്തയച്ചിരുന്നു. കടുത്ത തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നതിനാൽ ചോദ്യം ചെയ്യലിന് രണ്ടാഴ്ച കൂടി സാവകാശം നൽകണമെന്നാണ് കത്തിലൂടെ അഭ്യർത്ഥിച്ചത്. ഇത് തള്ളിയാണ് വ്യാഴാഴ്ച ഹാജരാകാൻ ഇഡി രവീന്ദ്രനോട് ആവശ്യപ്പെട്ടത്. കോടതിയുടെ അനുമതി പ്രകാരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും ഇഡി ജയിലിൽ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്.
ഇത് നാലാം തവണയാണ് രവീന്ദ്രന് ഇഡി നോട്ടീസ് നൽകുന്നത്. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൂടുതൽ സമയം രവീന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇഡി ഇതിനു വഴങ്ങിയില്ല. നേരത്തെ മൂന്നു തവണ നോട്ടിസ് നൽകിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽനിന്ന് രവീന്ദ്രൻ ഒഴിവാകുകയായിരുന്നു.
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലിരുന്ന രവീന്ദ്രൻ കഴിഞ്ഞ ദിവസം ആശുപത്രിവിട്ടിരുന്നു. രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നാണ് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചിരുന്നത്.സ്വപ്നസുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഇഡി അന്വേഷണം നീട്ടിയത്.
മറുനാടന് മലയാളി ബ്യൂറോ