- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിച്ചുകളി അവസാനിപ്പിച്ച് സി.എം.രവീന്ദ്രൻ ആശുപത്രി വിട്ടത് സിപിഎം നിർദ്ദേശം വന്നതോടെ; ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വൈകുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് പാർട്ടി; മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഇഡിക്ക് മുമ്പിൽ ഹാജരാകാകെ ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്ന് സിപിഎം വിലയിരുത്തൽ. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ കാട്ടി രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടിയത് വെള്ളിയാഴ്ച ഇഡി ചോദ്യം ചെയ്യാനിരിക്കെയാണ്. രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വൈകുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണക്ക് കാരണമാകും. രവീന്ദ്രന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഉടൻ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതാണ് ഉചിതമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിലയിരുത്തി.
രോഗം ഭേദമായതിനെ തുടർന്ന് സി.എം.രവീന്ദ്രൻ ഇന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി. കൊവിഡാനന്തര ചികിത്സകൾക്കായി രണ്ട് ദിവസം മുമ്പാണ് സി.എം.രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് സി.എം.രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.
ആഴ്ചകളോളം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രവീന്ദ്രന്റെ പരിശോധനാ ഫലം നെഗറ്റീവായി ആശുപ്രതി വിട്ടതിനെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി വീണ്ടും നോട്ടീസ് നൽകി. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കൊവിഡാനന്തര ചികിൽസകൾക്കായി ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച രവീന്ദ്രന് വിദഗ്ധ ചികിൽസ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിക്കുന്ന മെഡിക്കൽ രേഖകളും അധികൃതർ ഇ.ഡിക്ക് കൈമാറി.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. 2 റെഡിമെയ്ഡ് കടകൾ, 2 ഇലക്ട്രോണിക്സ് ഷോപ്പുകൾ, ഒരു സൂപ്പർ മാർക്കറ്റ്, ഒരു മൊബൈൽ ഷോപ്പ്, ഒരു ടൂറിസ്റ്റ് ഹോം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. വാൻഹ്യൂസാൻ എന്ന വസ്ത്ര സ്ഥാപനവും, സാംസങ് ലാപ്ടോപ്പ് ഷോറൂമും ഓപ്പോ ഷോ റൂമും ഇതിൽ ഉൾപ്പെടുന്നു.
ഇന്ന് ഉച്ചയ്ക്കു ശേഷമാണ് റെയ്ഡ് നടന്നത്. പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോൾ നടന്നിട്ടുള്ളത്. രേഖകൾ പരിശോധിച്ച ഇ.ഡി., സ്ഥാപനങ്ങൾ തുടങ്ങാൻ ആവശ്യമായ മൂലധനം എവിടെനിന്നാണ് ലഭിച്ചതെന്ന് ചോദിച്ചറിയുകയും ചെയ്തു. രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന് വിവിധ കോണുകളിൽനിന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇ.ഡിയുടെ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനുമാണ് പരിശോധനയ്ക്ക് എത്തിയത്. ഓർക്കാട്ടേരി സ്വദേശിയാണ് രവീന്ദ്രൻ. പ്രദേശത്തെ പല കടകളിലും ഇദ്ദേഹത്തിന് ബിനാമി ഇടപാടുള്ളതായി ആക്ഷേപം ഉയർന്നിരുന്നു. റെയ്ഡ് പൂർത്തിയാക്കിയ ഇ.ഡി. സംഘം വൈകുന്നേരത്തോടെ മടങ്ങി.
സ്വർണക്കടത്ത്, സർക്കാരിന്റെ വൻകിട പദ്ധതികളിലെ ബിനാമി കള്ളപ്പണ ഇടപാടുകൾ എന്നിവയിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പിന്നാലെ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രവീന്ദ്രനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രവീന്ദ്രൻ വൈകുന്നേരത്തോടെ് ആശുപത്രിവിട്ടു.
വീട്ടിൽ ഫിയോതെറാപ്പിയും വിശ്രമവും ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ അടുത്ത ദിവസങ്ങളിലൊന്നും ഇഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രൻ ഹാജരായേക്കില്ല. ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് മെഡിക്കൽ കോളജിലെ എംഐസിയുവിൽ രവീന്ദ്രനെ പ്രവേശിപ്പിച്ചത്.
കോവിഡ് മുക്തനായതിനെ തുടർന്ന് ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10 ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കാട്ടി ഇഡി നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡാനന്തര ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.നവംബർ ആറിന് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ ഇഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നെങ്കിലും അടുത്ത ദിവസം അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി വീണ്ടും നോട്ടീസ് നൽകിയിരുന്നത്.അതിനിടെ, രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കണമെന്നും കോവിഡ് ബാധിതനായിരുന്നോ എന്നറിയാൻ ആന്റിബോഡി പരിശോധന വേണമെന്നും പ്രതിപക്ഷം ആവശ്യമുയർത്തിയിരുന്നു.
മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കും: വി.മുരളീധരൻ
ആർക്കെതിരെയും നീങ്ങാൻ അന്വേഷണ ഏജൻസികളോട് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കും. പങ്കില്ലെങ്കിൽ അന്വേഷണം ഉണ്ടാകില്ല. പ്രിൻസിപ്പൽ സെക്രട്ടറി അറസ്്റ്റിലാണെന്നതിനാൽ മുഖ്യമന്ത്രിയെ സംശയിക്കാവുന്ന നിലയാണുള്ളത്. കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം മുഖ്യമന്ത്രിയാണെന്ന് എ.വിജയരാഘവൻ ഉന്നയിച്ച ആരോപണത്തിനാണ് കേന്ദ്രമന്ത്രിയുടെ മറുപടി.
കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ ആണ് ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയ ലക്ഷ്യമാണ് ഏജൻസികൾക്ക് ഉള്ളതെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ പ്രസ്താവന. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടത് പിണറായി വിജയന്റെ നിഷ്കളങ്കത കൊണ്ടാണെന്ന് എ.വിജയരാഘവൻ പറഞ്ഞു. സത്യം പുറത്തുവരണമെന്ന ആഗ്രഹമായിരുന്നു മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ