- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഊരാളുങ്കലിന് വേണ്ടി ഓടുന്ന അൻപതോളം ടിപ്പറുകൾ ആരുടേത്? നിർമ്മാണത്തിനുള്ള യന്ത്രസാമഗ്രികൾക്ക് പിന്നിലും ബിനാമി നിക്ഷേപമോ? കെ ഫോണിലും ലൈഫ് മിഷനിലും ചോദ്യ ശരമുയർത്തി രവീന്ദ്രനെ വെള്ളം കുടിപ്പിക്കാൻ എൻഫോഴ്സ്മെന്റ്; മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന് ഇഡി നൽകിയത് അന്ത്യശാസനം; രവീന്ദ്രന്റെ മൊഴി നിർണ്ണായകമാകുക രാഷ്ട്രീയ ഉന്നതർക്ക്
കോഴിക്കോട്: സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികളുടെ പേരിൽ പലപ്പോഴും വിവാദത്തിൽ പെട്ട കരാറുകരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ കിട്ടിയതായി സൂചന. ഈ സൊസൈറ്റിയിൽ സി എം രവീന്ദ്രന് നേരിട്ട് നിക്ഷേപം ഇല്ലെന്നാണ് സൂചന. എന്നാൽ ചില സംശയങ്ങൾ ഇപ്പോഴുമുണ്ട്.
ഊരാളുങ്കൽ സൊസൈറ്റിക്ക് വേണ്ടി ഓടുന്ന 50 ടിപ്പർ ലോറികൾ ആരുടേതെന്ന് കണ്ടെത്താനാണ് ശ്രമം. ഇതിനൊപ്പം ഊരാളുങ്കലിന്റെ നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന ലക്ഷങ്ങൾ വിലയുള്ള യന്ത്രങ്ങൾക്ക് പണം മുടക്കിയത് ബിനാമികളാണോ എന്നും പരിശോധിക്കും. ഇതെല്ലാം ചോദിച്ചറിയാനാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനെ ഇഡി വിളിപ്പിക്കുന്നത്. പത്താം തീയതിയിലെ ചോദ്യം ചെയ്യലിൽ രവീന്ദ്രൻ കുടുങ്ങാൻ സാധ്യത ഏറെയാണ്. സ്വപ്നാ സുരേഷും സരിത്തും അടക്കമുള്ളവർ രവീന്ദ്രനെതിരെ മൊഴി നൽകിയിട്ടുണ്ട്.
ടിപ്പറുകളും യന്ത്രസാമഗ്രികളും ഊരാളുങ്കലിന് എങ്ങനെയാണ് കിട്ടുന്നതെന്ന പരിശോധനയാണ് നടക്കുന്നത്. ഇത് ഊരാലുങ്കലിന് സ്വന്തമല്ലെങ്കിൽ പിന്നെ ആരുടേതാണെന്നാണ് പരിശോധിക്കുന്നത്. ഊരാളുങ്കലിന്റെ കോഴിക്കോട് വടകരയിലെ ഹെഡ് ഓഫീസിലാണ് ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ നിക്ഷേപമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. രവീന്ദ്രന്റെ സ്വത്തുക്കൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി വടകരയിലെ ഊരാളുങ്കൽ ഹെഡ് ഓഫീസിൽ എത്തിയത്.
എന്നാൽ ഇഡി ഉദ്യോഗസ്ഥർ ഹെഡ് ഓഫീസിൽ എത്തിയത് ശരിയാണെങ്കിലും റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ അറിയിച്ചു. ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഇഡി ഉദ്യോഗസ്ഥർ മടങ്ങിപ്പോയെന്നാണ് അധികൃതരുടെ വാദം. ഇതിൽ ടിപ്പർ അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ചോദിച്ചുവെന്നാണ് സൂചന. രവീന്ദ്രന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപക നിക്ഷേപമെന്ന ഇഡി കണ്ടെത്തിയെന്നും സൂചനയുണ്ട്.
ജില്ലകളിലെ 12 സ്ഥാപനങ്ങളിൽ രവീന്ദ്രൻ ഓഹരി നിക്ഷേപം നടത്തി തെളിവുകൾ ഇഡിക്ക് ലഭിച്ചതായാണു റിപ്പോർട്ട് . രണ്ട് ദിവസങ്ങളിലായി ഇഡി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട ഇടപാടുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. വസ്ത്ര വ്യാപാര ശാലകൾ, മൊബൈൽ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. 24 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 12 സ്ഥാപനങ്ങളിലെ ഓഹരി നിക്ഷേപം സംബന്ധിച്ച രേഖകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.
രവീന്ദ്രന് വലിയ രീതിയിൽ സാമ്പത്തിക ഇടപാടുണ്ടെന്ന പരാതി ഉയർന്ന സ്ഥാപനങ്ങൾ പരിശോധിക്കാൻ ഇഡി കൊച്ചി യൂണിറ്റാണ് കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ആദ്യ ദിവസം വടകരയിലും തുടർന്ന് ഓർക്കാട്ടേരി, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലുമായിരുന്നു ഇഡിയുടെ പരിശോധന. രവീന്ദ്രന്റെ കുടുംബം അടുത്തിടെ കോഴിക്കോട് പുതിയ ഫ്ലാറ്റിലേക്ക് മാറിയിരുന്നു. ഈ ഫ്ലാറ്റിന്റെ അറ്റകുറ്റ പണികൾക്കായി ഏകദേശം ഒന്നരക്കോടി രൂപയോളം ചെലവഴിച്ചെന്നാണ് സൂചന.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുന്നത് ഈ സാഹചര്യത്തിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് ഇഡി അന്ത്യസാസനം നൽകി. ഈ മാസം 10 ന് ഹാജരാക്കാൻ ഇഡി നോട്ടീസ് നൽകി. തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ചോദ്യം ചെയ്യൽ. നേരത്തെ രണ്ട് തവണ ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ആദ്യ തവണ കോവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. രണ്ടാമത്തെ തവണ ചോദ്യം ചെയ്യലിനെത്താനാവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും കൊവിഡാനന്തര അസുഖങ്ങളെന്ന പേരിൽ അദ്ദേഹം ആശുപത്രിയിൽ പ്രവേശിച്ചു. തുടർന്ന് സിപിഎം ഇടപെട്ടെന്നും ഗുരുതര പ്രശ്നങ്ങളില്ലെങ്കിൽ എത്രയും പെട്ടന്ന് ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, എം. ശിവശങ്കറുമായി നടത്തിയ ഇടപാടുകൾ, കെ ഫോൺ ഉൾപ്പെടെയുള്ള വൻകിട പദ്ധതികളിൽ ചെലുത്തിയ സ്വാധീനം എന്നിവയാണ് സി എം രവീന്ദ്രനിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ എൻഫോഴ്സ്മെന്റ് രവീന്ദ്രന് കത്ത് നൽകിയിരുന്നു. ശിവശങ്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റിന്റെ നീക്കം. എന്നാൽ നോട്ടീസ് നൽകിയതിന് പിന്നാലെ രവീന്ദ്രന് കൊറോണ സ്ഥിരീകരിച്ചു.
തുടർന്നാണ് ചോദ്യം ചെയ്യൽ നീണ്ടു പോയത്. ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും അദ്ദേഹത്തിന്റെ വിശ്വസ്തനുമായ രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്നതോടെ സ്വർണക്കടത്ത് കേസ് സർക്കാരിന് വീണ്ടും വെല്ലുവിളിയായി മാറുകയാണ്.
മറുനാടന് മലയാളി ബ്യൂറോ