- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
80 ലക്ഷം വിലയുള്ള മണ്ണുമാന്തിയന്ത്രം 2018 ൽ ഊരാളുങ്കലിന് നൽകിയ വാടകയിനത്തിൽ കൈപ്പറ്റിയത് ലക്ഷങ്ങൾ; കോഴിക്കോടും കണ്ണൂരുമായി പന്ത്രണ്ട് സ്ഥാപനങ്ങളിൽ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കൾക്കോ ഓഹരിയുണ്ടെന്നും സംശയം; സ്വർണ്ണ കടത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ ആശുപത്രി വാസം; മറുപണി കൊടുക്കാൻ ഇഡി; സിഎം രവീന്ദ്രന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത് പരിഗണനയിൽ
തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നാളെ ചോദ്യം ചെയ്യാനിരിക്കേ, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ പ്രവേശിച്ച സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ പുതിയ നീക്കത്തിൽ. കോവിഡ് ബാധിച്ചതിനേത്തുടർന്നുള്ള തുടർചികിത്സകൾക്കായാണു രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചത്. ഈ സാഹചര്യത്തിൽ രവീന്ദ്രന്റെ ഭാര്യയെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് നീക്കം.
നേരത്തെ രവീന്ദ്രനുമായി ബന്ധം സംശയിക്കുന്ന വടകരയിലെ അഞ്ച് വ്യാപാരസ്ഥാപനങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കു രവീന്ദ്രനുമായുള്ള ബന്ധവും അന്വേഷിച്ചു. ഒരു മന്ത്രിയുടെ ഓഫീസ് പുതുക്കിപ്പണിയാൻ ചട്ടങ്ങൾ മറികടന്ന് ഊരാളുങ്കൽ സൊെസെറ്റിക്കു നിർമ്മാണക്കരാർ നൽകിയതിന്റെ വിവരങ്ങളും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ, രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങൾ തേടി സംസ്ഥാന രജിസ്ട്രേഷന് കത്തും നൽകി. ഈ സാഹചര്യത്തിലാണ് ഭാര്യയെ ചോദ്യം ചെയ്യാൻ ആലോചന. ഇഡിയുമായി രവീന്ദ്രൻ ചോദ്യം ചെയ്യലിന് സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇത്.
രവീന്ദ്രന്റെ ഭാര്യയ്ക്ക് ഊരാളുങ്കൽ സൊസൈറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു്. എൺപത് ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്തിയന്ത്രം 2018 ൽ സൊസൈറ്റിക്ക് നൽകിയ വാടകയിനത്തിൽ ലക്ഷങ്ങളാണ് കൈപ്പറ്റിയതെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു. ഈ യന്ത്രം വാങ്ങാനിടയായ സാഹചര്യം തിരക്കാനാകും അന്വേഷണം. സൊസൈറ്റിയിൽ ഇഡി നടത്തിയ വിവരശേഖരണത്തിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ലഭിച്ചത്. നിക്ഷേപമുള്ളവരുടെ പട്ടിക പരിശോധിച്ചെങ്കിലും ഈ ഗണത്തിൽ രവീന്ദ്രന്റെ പേരില്ല. ബന്ധുക്കളുടെ പേരിൽ ഇടപാടുണ്ടോ എന്നതായിരുന്നു അടുത്ത അന്വേഷണം. 2018 ൽ സൊസൈറ്റിക്കായി രവീന്ദ്രന്റെ ഭാര്യയുടെ പേരിൽ പ്രൊക്ലൈനർ വാടകയ്ക്ക് കൈമാറിയതായി രേഖ ലഭിച്ചു.
എൺപത് ലക്ഷത്തിലധികം രൂപയാണ് ഉപകരണത്തിന്റെ വില. പ്രവർത്തിക്കുന്ന ഓരോ മണിക്കൂറിലും രണ്ടായിരത്തി അഞ്ഞൂറെന്ന നിരക്കിൽ വാടക കൈമാറണമെന്നാണ് കരാർ. രണ്ടര വർഷത്തിലധികമായി സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മുക്കത്തെ പാറമടയിൽ യന്ത്രം പ്രവർത്തിക്കുന്നു. പ്രതിമാസം രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മുടങ്ങാതെ വാടകയായി ലക്ഷങ്ങൾ എത്തിയിരുന്നതായും ബാങ്ക് രേഖകൾ തെളിയിക്കുന്നു. ഇതിന്റെ മുഴുവൻ തെളിവുകളും ഇഡി ശേഖരിച്ചു. ഈ സാഹചര്യത്തിലാണ് ഭാര്യയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക. ഈ യന്ത്രം വാങ്ങാൻ എവിടെ നിന്ന് പണം കിട്ടിയെന്നതുൾപ്പെടെയാകും ചോദിച്ചറിയുക. രഹസ്യ സ്വത്തിലും ചോദ്യങ്ങൾ ഉയരും.
സിഎം.രവീന്ദ്രന് സൊസൈറ്റിയുമായുള്ള പണമിടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതിനാണ് ഇഡി കൊച്ചി യൂണിറ്റ് കോഴിക്കോട് സബ് സോണൽ അധികൃതരെ ചുമതലപ്പെടുത്തിയത്. നേരത്തെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളിൽ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കൾക്കോ ഓഹരിയുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭാര്യയെ ചോദ്യം ചെയ്യാനുള്ള നീക്കം.
ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് മൂന്നാംതവണയാണു രവീന്ദ്രന് ഇ.ഡി. നോട്ടീസ് നൽകുന്നത്. ഒക്ടോബറിൽ ആദ്യം നോട്ടീസ് ലഭിച്ചതിനു പിന്നാലെ രവീന്ദ്രൻ കോവിഡ് പോസീറ്റീവായി ക്വാറെന്റെനിൽ പ്രവേശിച്ചു. പിന്നീട് ആശുപത്രി വിട്ട അദ്ദേഹത്തിനു രണ്ടാമതും ഇ.ഡി. നോട്ടീസ് നൽകിയെങ്കിലും കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും ചികിത്സയിലായി. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
മറുനാടന് മലയാളി ബ്യൂറോ