പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; കെ കുഞ്ഞിരാമൻ എംഎൽഎയെ പിന്തുണച്ച് മുഖ്യമന്ത്രി നിയമസഭയിൽ; കള്ളവോട്ട് നടന്നുവെന്ന പ്രചാരണം മറ്റെന്തോ ഉദ്ദേശം വച്ചെന്നും സബ്മിഷന് മറുപടി; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭവിട്ടു
- Share
- Tweet
- Telegram
- LinkedIniiiii
ആലക്കോട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ചെർക്കപ്പാറ ജിഎൽപി സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിന്റെ പ്രിസൈഡിങ് ഓഫിസറായിരുന്ന ശ്രീകുമാറിനെ കെ. കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. കുഞ്ഞിരാമൻ അത്തരത്തിൽ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രിസൈഡിങ് ഓഫിസറെ എംഎൽഎ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എൻ.എ. നെല്ലിക്കുന്ന് നൽകിയ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കള്ളവോട്ട് നടന്നുവെന്ന പ്രചാരണം മറ്റെന്തോ ഉദ്ദേശം വച്ചാണെന്നും എൽഎഎയെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
കാസർകോട്ടും കണ്ണൂരും വ്യാപക കള്ളവോട്ടെന്ന് കെ.സി.ജോസഫ് ആരോപിച്ചു. പ്രിസൈഡിങ് ഓഫിസറെ എംഎൽഎ ഭീഷണിപ്പെടുത്തിയതിൽ അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയെങ്കിലും അനുവദിക്കാനാവില്ലെന്ന് സ്പീക്കർ പറഞ്ഞതോടെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
സംഭവത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ കാസർകോട് ജില്ല കലക്ടറോട് വിശദീകരണം ചോദിച്ചിരുന്നു. കലക്ടർ പ്രിസൈഡിങ് ഓഫിസറുടെ ഭാഗം കേൾക്കാനായി അദ്ദേഹത്തിന് അറിയിപ്പ് നൽകിയിട്ടുണ്ട്.
വിഷയത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കലക്ടറുടെ റിപ്പോർട്ട് തേടുകയും പരിഗണിച്ചുവരികയുമായതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഒരു പരാതിയും പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടില്ല. എന്നാൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രിസൈഡിങ് ഓഫിസറെ ആക്ഷേപിച്ചിട്ടില്ലെന്നു കെ.കുഞ്ഞിരാമൻ എംഎൽഎ പറഞ്ഞു. ബൂത്തിലെത്തിയത് വോട്ട് ചെയ്യനാണ്. തർക്കം തീർക്കാനായിരുന്നു ശ്രമമെന്നും എംഎൽഎ വിശദീകരിച്ചു.
ന്യൂസ് ഡെസ്ക്