തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമെന്ന ഐഎംഎ വിമർശനങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് ലഭിക്കുന്ന വിദഗ്ധ അഭിപ്രായം വച്ചാണ് സർക്കാർ നിലപാട് സ്വീകരിക്കുന്നതെന്നും വിദഗ്ധന്മാർ പല അഭിപ്രായവും പറയുമല്ലോയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

'സർക്കാരിന് ലഭിക്കുന്ന ഉപദേശം അങ്ങനെയല്ല. അതാണ് അതിന്റെ പ്രശ്നം. ഈ വിദഗ്ധന്മാർ പല അഭിപ്രായവും പറയുമല്ലോ. സർക്കാരിന് ലഭിക്കുന്ന വിദഗ്ദ അഭിപ്രായം വച്ചാണ് സർക്കാർ നിലപാട് സ്വീകരിക്കുന്നത്.''- മുഖ്യമന്ത്രി പറഞ്ഞു.

ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളതെന്ന് പറഞ്ഞ ഐഎംഎ കോവിഡ് പ്രതിരോധത്തിൽ വിള്ളലുണ്ടെന്നും കുറ്റപ്പെടുത്തിയിരുന്നു. ആഴ്ചയിൽ എല്ലാ ദിവസവും വ്യാപാരസ്ഥാപനങ്ങൾ തുറക്കണമെന്നാണ് ഐഎംഎ പറയുന്നത്. ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോൾ അവിടങ്ങളിൽ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും ആൾക്കൂട്ടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സമയ ക്രമീകരണവും അശാസ്ത്രീയമാണ്, വ്യാപാരസ്ഥാപനങ്ങൾ കൂടുതൽ സമയം തുറന്നുവച്ച് തിരക്ക് ഒഴിവാക്കാനാണ് ശ്രദ്ധിക്കേണ്ടത്. കുറച്ചു സമയം മാത്രം തുറന്നിരിക്കുമ്പോൾ കൂടുതൽ ആൾക്കാർ കൂട്ടം കൂടുന്ന അവസ്ഥയാകും. ഇതെല്ലാം രോഗവ്യാപനം കൂട്ടുന്ന പ്രക്രിയകൾ ആയി മാറുകയാണെന്ന് ഐഎംഎ വ്യക്തമാക്കി.

ലോക്ക് ഡൗൺ നയം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കണമെന്നും ശക്തമായ ബോധവൽക്കരണത്തിലൂടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങളെ സജ്ജരാക്കേണ്ട ചുമതല സർക്കാരും പൊതുസമൂഹവും ഏറ്റെടുത്തേ മതിയാകൂ. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിങ്ങും നിയന്ത്രണങ്ങളും ആണ് ഇനി വേണ്ടത്. കോവിഡ് മഹാമാരി അടുത്ത ഒന്നോ രണ്ടോ വർഷം കൂടെ തുടർന്നു പോകും, അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ തന്നെ വേണമെന്നും ഐഎംഎ പറഞ്ഞിരുന്നു.