- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്റെ ഓഫീസ് തല്ലി തകർത്തതുകൊണ്ടൊന്നും കാര്യമില്ല; പന്ത് ഇപ്പോൾ മുഖ്യമന്ത്രിയുടെ കോർട്ടിൽ; ബഫർസോൺ വിഷയത്തിൽ കത്തയച്ച് ഒരുമാസമായിട്ടും മറുപടിയില്ലെന്ന് രാഹുൽ ഗാന്ധി; കോൺഗ്രസ് എംപിയുടെ ആരോപണം അടിസ്ഥാനരഹിതമെന്നും കത്തിന് മറുപടി നൽകിയെന്നും മുഖ്യമന്ത്രി
കൽപ്പറ്റ: ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് ഒരുമാസമായിട്ടും മറുപടിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത് എൽഡിഎഫും മുഖ്യമന്ത്രിയും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബഫർസോൺ വിഷയത്തിൽ യുഡിഎഫ് സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം, രാഹുൽ ഗാന്ധിയുടെ വാദം അടിസ്ഥാനരഹിതമെന്നും കത്തിന് മറുപടി നൽകിയെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി.
തന്റെ ഓഫീസ് തകർത്തതുകൊണ്ടൊന്നും കാര്യമില്ല. പന്ത് ഇപ്പോൾ മുഖ്യമന്ത്രിയുടെ കോർട്ടിലാണ്. കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പെട്ടെന്ന് ഇടപെടണം. എൽഡിഎഫ് സർക്കാർ ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാൽ കോൺഗ്രസ് ശക്തമായി ചെറുക്കും. യുഡിഎഫും കോൺഗ്രസും മാത്രമല്ല, വയനാട്ടിലെ ജനങ്ങളാകെ ഈ നിലപാടിലാണെന്നു മുഖ്യമന്ത്രി മനസിലാക്കണം, രാഹുൽ പറഞ്ഞു.
ബിജെപിയും സിപിഎമ്മും അക്രമത്തിലാണു വിശ്വസിക്കുന്നതെന്നും അക്രമത്തിലൂടെ ജനങ്ങളെ ഭീഷണിപ്പെടുത്തി അവരുടെ അഭിപ്രായം മാറ്റിയെടുക്കാമെന്നു കരുതുന്നവരാണ് ഇരുകൂട്ടരുമെന്നും രാഹുൽ പറഞ്ഞു. ഇഡിയെക്കൊണ്ട് 5 ദിവസം ചോദ്യം ചെയ്യിപ്പിച്ചാൽ എന്നെ ഭയപ്പെടുത്താനാകുമെന്ന് പ്രധാനമന്ത്രി വിചാരിക്കുന്നു. എന്റെ ഓഫിസിനു നേരെ അക്രമം നടത്തി എന്നെ ഭീഷണിപ്പെടുത്താമെന്നു സിപിഎമ്മും കരുതുന്നു. എന്നാൽ, അക്രമത്തിലൂടെയും ഹിംസയിലൂടെയും ആളുകളുടെ അഭിപ്രായം മാറ്റിയെടുക്കാനാവില്ല. ആത്മധൈര്യമില്ലാത്തതിനാലാണ് ബിജെപിയും സിപിഎമ്മും അക്രമത്തിന്റെ പാത സ്വീകരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പെട്ടെന്നു തന്നെ ഇടപെടണം. വയനാട്ടുകാരെ അക്രമത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ പിന്മാറ്റാൻ കഴിയില്ല. കർഷകനിയമങ്ങൾ മോദിയെക്കൊണ്ട് പിൻവലിപ്പിച്ചതു പോലെ ബഫർ സോൺ പ്രഖ്യാപനവും പിൻവലിപ്പിക്കും,രാഹുൽ പറഞ്ഞു
അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി
ബഫർ സോൺ വിഷയത്തിൽ താൻ അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയില്ലെന്ന രാഹുൽ ഗാന്ധിയുടെ വാദം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി. ജൂൺ 23ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയിട്ടുണ്ട്. വിഷയത്തിലെ ആശങ്കകൾ മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പും നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മറുപടിയുടെ പകർപ്പും പുറത്തുവിട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്:
'വയനാട് എം പി ശ്രീ. രാഹുൽ ഗാന്ധി ബഫർ സോൺ വിഷയത്തിൽ 2022 ജൂൺ 8 ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് 2022 ജൂൺ 13 ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിക്കുകയുണ്ടായി. 2022 ജൂൺ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. തന്റെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണ്.''
മറുനാടന് മലയാളി ബ്യൂറോ