തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോർജിന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സർക്കാരിന്റെ ഭാഗമായി നിന്ന് സർക്കാർ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പി.സി ജോർജ്ജിന് മുന്നറിയിപ്പ് നൽകി. അതിനിടെ ചന്ദ്രബോസിന്റെ കൊലപാതകം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഉന്നയിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

നിസാം കേസ് അടക്കം നിരവധി പ്രശ്‌നങ്ങളിൽ സർക്കാർ നിലപാടിനെതിരെ പി.സി ജോർജ് പരസ്യ പ്രസ്താവനകൾ നടത്തിയ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി പി.സി ജോർജിന് മുന്നറിയിപ്പ് നൽകിയത്. ചന്ദ്രബോസ് വധക്കേസിൽ പ്രതിയായ നിസാമിനെ രക്ഷിക്കാൻ ഡി.ജി.പി അടക്കമുള്ളവർ ശ്രമിക്കുന്നതായി പി.സി ജോർജ് കഴിഞ്ഞ ആഴ്‌ച്ച ആരോപിച്ചിരുന്നു. ഇതിന് തെളിവായി അദ്ദേഹം ഒരു സി.ഡി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകുകയും ചെയ്തു. എന്നാൽ, ഡി.ജി.പിക്ക് എതിരെ യാതൊരു തെളിവും സി.ഡിയിൽ ഇല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പിന്നീട് വ്യക്തമാക്കിയിരുന്നു. നിസാം കേസിൽ ഭരണപക്ഷവും പൊലീസും ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ ബുധനാഴ്‌ച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി പി.സി ജോർജിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കേസിൽ മുഖ്യമന്ത്രിയും ഡിജിപിയും ഇടപെട്ടെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ ബാബു എം പാലിശ്ശേരി പറഞ്ഞു. എന്നാൽ ചന്ദ്രബോസിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടാൽ കേസ് സിബിഐക്ക് കൈമാറുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പതിയിൽ നിന്ന് പൊലീസ് വൻ തുക കൈപറ്റി കേസ് അട്ടിമറിക്കുകയാണെന്ന് ബാബു എമം പാലിശ്ശേരി പറഞ്ഞു. തെളിവെടുപ്പിനെന്ന പേരിൽ ബംഗളൂരുവിലേക്ക് കൊണ്ടുപോയപ്പോഴാണ് പൊലിസ് പണം പറ്റിയത്. കൊലയാളി നിസാമിനെ രക്ഷിക്കാൻ സർക്കാരും പൊലീസും ഒത്തുകളിക്കുകയാണ്. കേസിൽ വരുത്തിയ വീഴ്ചക്കെതിര ലോകായുക്ത കേസെടുത്ത ഉദ്യോഗസ്ഥൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തലപ്പത്തുള്ളത്.കാപ്പചുമത്താൻ എറെ വൈകിച്ചതും നിസാമിനെ രക്ഷിക്കാനുള്ള പഴുതുകൾ ഉണ്ടാക്കാനാണെന്നും ബാബും എം പാലിശ്ശേരി പറഞ്ഞു

.കേസിൽ സർക്കാർ വേട്ടക്കാരന്റെ പക്ഷത്താണെന്ന് ഇറങ്ങിപോകുന്നതിന് മുമ്പായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. കേസിൽ ഡിജിപി ഇടപെട്ടുവെന്ന് സർക്കാർ ചീഫ് വിപ്പ് പറഞ്ഞതിന് പുല്ലുവിലയെങ്കിലും കൽപ്പിക്കുന്നുണ്ടെങ്കിൽ കേസിൽ ആവശ്യമായ നടപടിയെടുക്കു മായിരുന്നുവെന്നും വി എസ് പറഞ്ഞു.അതേ സമയം കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. നിസാമിന്റെ സാമ്പത്തിക ഇടപാടുകൾ എഡിജിപി ക്രെംസ് അന്വേഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ആഭ്യന്തരമന്ത്രി പറഞ്ഞത് സർക്കാരിന്റെ നയമാണെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഇതിനോട് ആർക്കുവേണമെങ്കിലും വിയോജിക്കാമെന്നും എന്നാൽ സർക്കാരിന്റെ ഭാഗമായി നിന്ന് വിമർശിക്കാനാവില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.