ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള സർവകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി പ്രധാനമന്ത്രി നിഷേധിച്ചതിന് കാരണം നിയമസഭ പാസാക്കിയ പ്രമേയത്തോടുള്ള നീരസം. ഇതിനൊപ്പം സഹകരണ മേഖലയ്ക്കും നോട്ട് പിൻവലിക്കലിലും പിന്നോട്ട് പോകാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുമില്ല. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള സംഘത്തെ കണ്ട് സംസാരിക്കുന്നത് സമയം കളയലാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നു.

കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കിയതിലുള്ള അസംതൃപ്തിയാണ് അനുമതി നിഷേധത്തിലൂടെ പ്രകടിപ്പിച്ചതെന്നാണ് കേരളം വിലയിരുത്തുന്നത്. കേരളത്തിൽ സാമ്പത്തിക അരാജകത്വവും അസ്വസ്ഥതയും സൃഷ്ടിക്കുന്ന നടപടിയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ചൊവ്വാഴ്ചയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം പാസാക്കിയത്. ഇത്തരത്തിൽ ഒരു പ്രമേയം ഒരു സംസ്ഥാന നിയമസഭയ്ക്ക് പാസാക്കാനുള്ള അധികാരമില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാരിനുള്ളത്. ഇക്കാര്യത്തിൽ ബിജെപി സംസ്ഥാന സർക്കാരും ചില നിർദ്ദേശങ്ങൾ കേന്ദ്രത്തിന് മുന്നിൽ വച്ചിരുന്നു. ഇതും മോദിയുടെ തീരുമാനത്തെ സ്വാധിനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമാണ് മോദി പുലർത്തിയിരുന്നത്. പുതിയ സംഭവത്തോടെ ഇതിന് വിള്ളൽ വീണു. അതുകൊണ്ട് കൂടിയാണ് കടുത്ത ഭാഷയിൽ പ്രധാനമന്ത്രിയെ പിണറായിയെ വിമർശിച്ചത്. എന്നാൽ കേരളത്തിലെ വികസന പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ച കേന്ദ്ര സർക്കാരിനെ രാഷ്ട്രീയത്തിന്റെ പേരിൽ അപമാനിക്കുകയായിരുന്നു കേരളമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ധനമന്ത്രിയെ കാണാൻ മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി നിർദ്ദേശിച്ചത്. എന്നാൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായി നേരത്തെ ത്‌ന്നെ പിണറായി നേരിട്ട് സംസാരിച്ചിരുന്നു. അതുകൊണ്ടാണ് ഡൽഹിക്ക് സർവ്വ കക്ഷി സംഘം പോകേണ്ടതില്ലെന്ന് കേരളം തീരുമാനിക്കുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് കൂടിക്കാഴ്ചയ്‌ക്കെത്തിയ സംസ്ഥാന ബിജെപി. നേതാക്കളെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിതന്നെ സർക്കാരിന്റെ അഭിപ്രായം അറിയിച്ചിരുന്നു. കറൻസി കേന്ദ്ര വിഷയമാണ്. ആ നിലയ്ക്ക് കറൻസി വിഷയത്തിൽ സംസ്ഥാന നിയമസഭയ്ക്ക് പ്രമേയം പാസാക്കാനുള്ള അധികാരമില്ല. കേരളം ചെയ്തത് കേന്ദ്രത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്. ഫെഡറലിസത്തെയാണ് ഇതിലൂടെ തകർത്തിരിക്കുന്നതെന്ന് ജെയ്റ്റ്‌ലി ചൂണ്ടിക്കാണിച്ചു. തുടർന്ന്, മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് കൂടിക്കാഴ്ച അനുമതി നിഷേധിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായത്.

അതേസമയം, കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരൻ പിന്നീട് പ്രതികരിച്ചു. ഇത്തരം വിഷയങ്ങൾ സംസാരിക്കേണ്ടത് ധനമന്ത്രിയോടാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രി ഒളിച്ചോടിയില്ല. എന്നാൽ, ധനമന്ത്രിയോട് സംസാരിക്കാൻ ലഭിച്ച അവസരം മുഖ്യമന്ത്രിയും സംഘവും നഷ്ടപ്പെടുത്തി. കൂടിക്കാഴ്ച റദ്ദാക്കിയത് ദുരഭിമാനത്തിന്റെ പ്രശ്‌നമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.