- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥിരവരുമാനത്തിനായി സ്വന്തം സംരംഭം; ട്രാൻസ്ജെൻഡർ അതിഥി അച്യുത് ഇനി അത്യാധുനിക മീൻവിൽപന കേന്ദ്രത്തിന്റെ ഉടമ; മത്സ്യമേഖലയിലെ രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ സംരംഭകയായി അതിഥി അച്യുത്; സഹായമെത്തിച്ചത് സിഎംഎഫ്ആർഐ
കൊച്ചി: ട്രാൻസ്ജെൻഡർ അതിഥി അച്യുതിന് ഇത് സ്വപ്ന സാക്ഷാത്കാരം. ഉപജീവനത്തിനായി പലയിടങ്ങളിൽ അലയേണ്ടിവന്ന അതിഥി അച്യുത് ഇന്നുമുതൽ ആധുനിക സജ്ജീകരണങ്ങളോടെയുള്ള മീൻവിൽപന കേന്ദ്രത്തിന്റെ ഉടമയാണ്. മത്സ്യമേഖലയിലെ രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ സംരംഭക കൂടിയാണ് അതിഥി. കൂടുമത്സ്യകൃഷി, ബയോഫ്‌ളോക് കൃഷി എന്നിവയിൽ വിളവെടുത്ത പിടയ്ക്കുന്ന മീനുകൾ ജീവനോടെ അതിഥിയുടെ മീൻസ്റ്റാളിൽ നിന്നും ലഭിക്കും. സ്ഥിരവരുമാനത്തിനായി സ്വന്തമായി ഒരു സംരംഭം കണ്ടെത്താൻ അതിഥി അച്യുതന് കൈത്താങ്ങായത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).
ട്രാൻസ്ജെൻഡർ ആയത് കാരണം ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ട്, ഏറെ അലച്ചിലുകൾക്ക് ശേഷം ലഭിക്കുന്ന തൊഴിലിടങ്ങളിലെ മറ്റ് പ്രശ്നങ്ങൾ എന്നിവ മൂലം പൊറുതി മുട്ടിയ എളമക്കര സ്വദേശിയായ അതിഥിയുടെ ചിരകാല സ്വപ്നമായിരുന്നു സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത്.
വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം സിനിമാതാരങ്ങളായ ഹരിശ്രീ അശോകൻ, മോളി കണ്ണമാലി എന്നിവർ ചേർന്ന് നിർവഹിച്ചു. ജീവനുള്ള മീനുകൾക്കൊപ്പം, കടൽ മത്സ്യങ്ങളും അതിഥിയിൽ നിന്നും ലഭിക്കും. മുൻകൂർ ഒർഡറുകൾക്കനുസരിച്ച് വൃത്തിയാക്കി പായക്കറ്റുകളിൽ സീൽ ചെയ്ത മത്സ്യങ്ങൾ വീടുകളിലേക്കും കടകളിലേക്കും മൊത്തമായും ചില്ലറയായും നൽകും. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റും ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ ചെയർമാനുമായ ഡോ കെ മധു വിൽപന കേന്ദ്രത്തിന്റെ താക്കോൽ അതിഥിക്ക് കൈമാറി.
ഫ്രീസർ, മീനുകളെ ജീവനോടെ നിലനിർത്താനുള്ള സജ്ജീകരണം, മുറിച്ചു നൽകുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള സാമഗ്രികൾ, കൂളർ തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള മീൻവിൽപന കേന്ദ്രമാണ് അതിഥി അച്യുതിന് വേണ്ടി വെണ്ണല മാർകറ്റിൽ സിഎംഎഫ്ആർെ ഒരുക്കി നൽകിയത്. ഏകദേശം അഞ്ചുലക്ഷം രൂപ ഇതിനായി ചെലവിട്ടു. പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ എന്ന പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായാണ് സിഎംഎഫ്ആർഐ അതിഥി അച്യുതന് കൈത്താങ്ങായി എത്തുന്നത്. കേന്ദ്ര സർക്കാറിന്റെ പദ്ധതിയാണിത്.
പട്ടികജാതി വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി ഈ പദ്ധതിക്ക് കീഴിൽ നിരവധി കൂടുകൃഷി സംരംഭങ്ങൾ രാജ്യത്തുടനീളം സിഎംഎഫ്ആർഐ നടത്തിവരുന്നുണ്ട്. പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലക്കാണ് ഏറെ അവഗണിക്കപ്പെടുന്ന പട്ടികജാതിയിലുൾപ്പെട്ട ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് ഉപജീവനത്തിന് അവസരം നൽകുന്ന പദ്ധതി സിഎംഎഫ്ആർഐ ഏറ്റെടുക്കുന്നത്. ആദ്യദിവസത്തെ വിൽപനക്കുള്ള മീനുകൾ എത്തിച്ച് നൽകിയതും സിഎംഎഫ്ആർഐയാണ്. പദ്ധതി നടപ്പിലാക്കുന്നതിന് പൊതുപ്രവർത്തകനായ സി ജി രാജഗോപാലും സഹായിച്ചു.
ഏറെ അവഗണന നേരിടുന്ന ട്രാൻസ്‌ജെൻഡർ സമൂഹത്തിന് മത്സ്യമേഖലയിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ് ഈ ഉദ്യമമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി പട്ടികജാതിയിൽപെടുന്ന ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നുള്ളവർക്ക് തുടർന്നും ഇത്തരം ഉപജീവനമാർഗമൊരുക്കുന്നതിന് സിഎംഎഫ്ആർഐക്ക് പദ്ധതിയുണ്ട്. കൂടുമത്സ്യകൃഷി പോലുള്ള മേഖലകളിൽ പരിശീലനം നൽകി ട്രാൻസ്‌ജെൻഡർ സമൂഹത്തെ ശാക്തീകരിക്കാനും സിഎംഎഫ്ആർഐ ഭാവിയിൽ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ