- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്രമണത്തെ ശക്തമായി അപലപിക്കുന്നു; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; എം പി ഓഫീസ് മാർച്ച് തന്നെ അനാവശ്യം; എന്താണ് നടന്നതെന്ന് അറിയില്ലെന്ന് ഇ പി ജയരാജനും
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തെ തള്ളി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയൻ.. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അക്രമത്തിലേക്കു കടക്കുന്നത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഇങ്ങനെ:
'വയനാട്ടിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണ്.'
എസ്എഫ്ഐ സമരത്തെയും ആക്രമണത്തെയും തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും രംഗത്തെത്തിയിരുന്നു. വയനാട്ടിൽ നടന്നത് പാർട്ടി അറിയാത്ത സമരമാണെന്നാണ് സിപിഎം നിലപാട്. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി നിശബ്ദത വെടിയണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ എംപി ഓഫിസിലേക്ക് ഇരച്ചുകയറിയത്. കസേരകൾ തല്ലിത്തകർക്കുകയും ഓഫിസ് ജീവനക്കാരെ മർദിക്കുകയും ചെയ്തതായി കോൺഗ്രസ് ആരോപിച്ചിരുന്നു. ആക്രമണത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് എസ്എഫ്ഐയെ തള്ളി മുഖ്യമന്ത്രിയും പാർട്ടിയും രംഗത്തെത്തിയത്.
എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ തള്ളി ഇടതു മുന്നണിയും രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്ച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി ജയരാജൻ പറഞ്ഞു. കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിനെതിരെ ഡൽഹിയിലും മറ്റും വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാഹുൽ ഒരു എംപി മാത്രമാണെന്നും ഇപി ജയരാജൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കു മാർച്ച് നടത്തിയ നടപടി തെറ്റാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും പ്രതികരിച്ചു. എസ്എഫ്ഐ ഏറ്റെടുക്കേണ്ട സമരമല്ല ഇതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കൺവീനറായ ഇപി ജയരാജനും മാർച്ചിനേയും അക്രമത്തേയും തള്ളിപ്പറഞ്ഞതോടെ വിഷയത്തിൽ എസ്എഫ്ഐ ഒറ്റപ്പെട്ട അവസ്ഥയിലായി.
അക്രമത്തെക്കുറിച്ച് നേരത്തെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിനും എസ്എഫ്ഐയെ ന്യായീകരിക്കാതെയുള്ള പ്രതികരണമാണ് നടത്തിയത്. എസ്എഫ്ഐ മാർച്ചിനെക്കുറിച്ച് പൊലീസിന് അറിവുണ്ടായിരുന്നുവെങ്കിലും ഇങ്ങനെയൊരു അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ആരും കരുതിയില്ല. അക്രമത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ ഇന്റലിജൻസ് റിപ്പോർട്ടുകളൊന്നുമുണ്ടായിരുന്നില്ല.
ആക്രമണത്തിന് പിന്നാലെ പിണറായി വിജയനെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാക്കൾ പ്രതികരിക്കാൻ തുടങ്ങിയതോടെ എസ്എഫ്ഐ വെട്ടിലായ സ്ഥിതിയാണ്. മോദിയെ സുഖിപ്പിക്കാൻ വേണ്ടിയാണ് രാഹുലിന്റെ ഓഫീസ് ആക്രമിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഡൽഹിയിൽ പ്രതികരിച്ചു. എസ്എഫ്ഐ അക്രമണത്തിന് പിന്നാലെ അവരെ സംരക്ഷിക്കാൻ സ്ഥലത്ത് എത്തി പൊലീസുമായി ഏറ്റുമുട്ടിയ ഡിവൈഎഫ്ഐയും വിഷയത്തിൽ കുടുങ്ങി.
മറുനാടന് മലയാളി ബ്യൂറോ