കണ്ണൂർ: ഇടതുപക്ഷ സഹയാത്രികരായ സിഎംപി സിപിഎമ്മിൽ ലയിക്കാൻ ഒരുങ്ങുന്നു. എൽഡിഎഫുമായി സഹകരിക്കുന്ന സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിനാണ് സിപിഎമ്മിന്റെ പച്ചക്കൊടി കിട്ടിയത്. സിഎംപി നേതാക്കളെ പാർട്ടിയുടെ ഏതൊക്കെ ഘടകങ്ങളിൽ ഉൾപ്പെടുത്തണമെന്ന തീരുമാനമെടുക്കാൻ സിപിഎം ജില്ലാ കമ്മിറ്റികൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

സിപിഎമ്മുമായി ലയിക്കണമെന്ന് ഈ വർഷം മേയിൽ തൃശൂരിൽ നടന്ന സിഎംപി പാർട്ടി കോൺഗ്രസ് തീരുമാനമെടുത്തിരുന്നു. ലയനചർച്ച നടത്താൻ സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പാർട്ടി കോൺഗ്രസിന്റെ തീരുമാനം സിഎംപി നേതാക്കൾ സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. നേതൃതലത്തിൽ നടന്ന ചർച്ചകൾക്കു ശേഷം ലയനനീക്കങ്ങൾക്കു സിപിഎം സംസ്ഥാന സമിതി അംഗീകാരം നൽകുകയായിരുന്നു.

സിപിഎമ്മിൽ ലയിക്കുന്ന കാര്യം കഴിഞ്ഞ വർഷം മുതൽ അരവിന്ദാക്ഷൻ വിഭാഗം പരിഗണനയിൽ എടുത്തിരുന്നു. എന്നാൽ സഥാനമാനങ്ങൾ ചൊല്ലിയുള്ള തർക്കമാണ് കീറാമുട്ടിയായത്. സിപിഎമ്മിൽ ലയിച്ചാൽ തങ്ങൾ തഴയപ്പെടുമോയെന്ന ആശങ്ക പലരും പങ്കുവച്ചതോടെ ചർച്ച വഴിമുട്ടി. സിപിഐയിൽ ലയിക്കുന്നതാകും നല്ലതെന്ന അഭിപ്രായവും ചിലർ പങ്കുവച്ചു. എന്നാൽ നേതൃത്വത്തിലെ പ്രബല വിഭാഗം സിപിഎമ്മിന്റെ ഭാഗമാകണമെന്ന അഭിപ്രായം വന്നതോടെയാണ് സിപിഎമ്മിൽ ലയിക്കാൻ അരവിന്ദാക്ഷൻ വിഭാഗം തീരുമാനം എടുത്തത്.

ബദൽരേഖാ വിപ്ലവത്തിന്റെ പേരിൽ സിപിഎമ്മിൽനിന്നു പുറത്തായശേഷം എം വി രാഘവന്റെ നേതൃത്വത്തിലാണ് 1986ൽ സിഎംപി രൂപീകരിച്ചത്. തുടർന്നു യുഡിഎഫിലെ ഘടകകക്ഷിയായി മാറിയ പാർട്ടി എംവിആർ രോഗഗ്രസ്തനായ നാളുകളിൽ പ്രതിസന്ധിയിലായി. എംവിആറിനെ അടുപ്പിക്കാൻ സിപിഎം നേതൃത്വം ശ്രമിച്ചുവെങ്കിലും അദ്ദേഹം തീർത്തും അവശനായിരുന്നു. കെ.ആർ.അരവിന്ദാക്ഷന്റെയും സി.പി.ജോണിന്റെയും നേതൃത്വത്തിൽ രണ്ടായി പിളർന്ന സിഎംപിയിലെ അരവിന്ദാക്ഷൻ വിഭാഗമാണ് ഇപ്പോൾ സിപിഎമ്മിന്റെ ഭാഗമാകാൻ ആലോചിക്കുന്നത്.

നേരത്തേ കെ.ആർ.ഗൗരിയമ്മയുടെ ജെഎസ്എസിനെ സിപിഎമ്മിൽ ലയിപ്പിക്കാൻ നീക്കം നടന്നുവെങ്കിലും അവസാനനിമിഷം ഗൗരിയമ്മ പിന്മാറി. തുടർന്നു ജെഎസ്എസ്സിഎംപി ലയന ആലോചന നടന്നെങ്കിലും അതും പാതിവഴിയിൽ മുടങ്ങി. സിഎംപിക്ക് ഒരു എംഎൽഎയുണ്ട്. ചവറയെ പ്രതിനിധീകരിക്കുന്ന കെ.വിജയൻപിള്ള. പാർട്ടി സിപിഎമ്മിൽ ലയിച്ചാൽ നിയമസഭയിലെ സിപിഎം അംഗബലം 66 ആകും.

സിഎംപി ജനറൽ സെക്രട്ടറി കെ.ആർ.അരവിന്ദാക്ഷൻ 1986ൽ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയംഗമായിരിക്കുമ്പോഴാണ് പാർട്ടി വിടുന്നത്. സിഎംപി സംസ്ഥാനകമ്മിറ്റിയംഗമായ എംപി ജയപ്രകാശ് അന്ന് വൈക്കം ഏരിയാകമ്മിറ്റിയംഗമായിരുന്നു. മറ്റൊരു സംസ്ഥാനകമ്മിറ്റിയംഗം സിഎസ്.ശ്രീധരൻ സിപിഎമ്മിന്റെ പാലാ ഏരിയാകമ്മിറ്റി അംഗവും.