പത്തനംതിട്ട: സഹകരണ ബാങ്കുകളോട് റിസർവ് ബാങ്ക് അയിത്തംകാണിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. മറ്റു ബാങ്കുകളിലെ നിക്ഷേപങ്ങളെ പോലെ സഹകരണ ബാങ്കിലെ നിക്ഷേപങ്ങളെ കണക്കാക്കാനാവില്ലെന്ന തോന്നലും ഇതോടെ ജനങ്ങൾക്കിടയിൽ സജീവമായി.

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഒരു കുഴപ്പവും സംഭവിക്കില്ലെന്നും സർക്കാർ അതിന് ഗാരണ്ടി നൽകുമെന്നും ആവർത്തിച്ചു പറഞ്ഞ് മന്ത്രിമാരുൾപ്പെടെ ഈ ചിന്താഗതി മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ എന്നിട്ടും സർക്കാർ വകുപ്പുകൾ തന്നെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളോട് അയിത്തം പ്രഖ്യാപിച്ചാലോ?

സർക്കാർ വകുപ്പുകളിലെ ടെൻഡർ നടപടികളിൽ സഹകരണ ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളുടെ രസീതുകൾ ഈടായി സ്വീകരിക്കുന്നില്ലെന്ന പരാതിയാണ് ഇപ്പോൾ ഉയരുന്നത്. സഹകരണബാങ്കിലെ നിക്ഷേപങ്ങളോട് അയിത്തം കാണിക്കുന്നത് പൊതുമരാമത്ത്, തദ്ദേശ സ്ഥാപനവകുപ്പുകളാണ്. സഹകരണമേഖലയെ രക്ഷിക്കാനും നിക്ഷേപം കൂട്ടാനും സർക്കാർ തീവ്രശ്രമം നടത്തുമ്പോഴാണ് വിവിധ വകുപ്പുകളുടെ വേറിട്ട മനോഭാവം. ഈ വകുപ്പുകൾ ടെൻഡർ നടപടികളിൽ സഹകരണബാങ്കിലെ സ്ഥിരനിക്ഷേപ രസീതുകൾ ഈടായി സ്വീകരിക്കുന്നില്ല.

സഹകരണ ബാങ്കിന് ഐ.എഫ്.എസ്. കോഡ് ഇല്ലാത്തതിനാലാണ് നിക്ഷേപരേഖ സ്വീകരിക്കാത്തതെന്ന് വകുപ്പുകൾ പറയുന്നു. ദേശസാത്കൃത ബാങ്കുകളുടെ സ്ഥിരനിക്ഷേപ രസീതാണ് വകുപ്പുകൾ ഈടായി ചോദിക്കുന്നത്. ടെൻഡർ നടപടികളിൽ അപേക്ഷിക്കുമ്പോൾ കരാറെടുക്കുന്ന വ്യക്തി നിശ്ചിത തുക ബാങ്കിലിട്ടതിന്റെ രസീത് ബന്ധപ്പെട്ട വകുപ്പിൽ ഈടായി നൽകണം.

ഒരുലക്ഷത്തിന് 12,500 രൂപ എന്നതോതിലാണ് നിക്ഷേപിക്കേണ്ടത്. അസി. എൻജിനീയറുടെ പക്കലാണ് ഇത് നൽകേണ്ടത്. പണി കൃത്യമായി ചെയ്താലേ ഇത് മടക്കിനൽകൂ. മോശം പണിയെന്ന് കണ്ടെത്തിയാൽ തുക സർക്കാരിലേക്ക് കണ്ടുകെട്ടും.ദേശസാത്കൃത ബാങ്കിന് ഐ.എഫ്.എസ്. കോഡ് ഉള്ളതിനാൽ അവിടത്തെ പണം സർക്കാർ അക്കൗണ്ടിലേക്ക് മാറ്റാൻ എളുപ്പമാണെന്നും വകുപ്പുകൾ വാദിക്കുന്നു. സാങ്കേതിക സൗകര്യമാണ് ദേശസാത്കൃത ബാങ്കിന്റെ രേഖയ്ക്ക് സ്വീകാര്യത നൽകുന്നത്.

അതേസമയം, ഐ.എഫ്.എസ്. കോഡിന്റെ പേരിലാണെങ്കിലും സഹകരണബാങ്ക് നിക്ഷേപരേഖ ഈടായി സ്വീകരിക്കാത്തതിനെതിരെ ജീവനക്കാരുടെ സംഘടന (സിഐടി.യു.) രംഗത്തെത്തിയിട്ടുണ്ട്.