ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനുടെ അനുമതി ലഭിക്കാൻ കാലതാമസം എടുക്കുമെന്ന് റിപ്പോർട്ട്. വാക്‌സിനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ കൂടി നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന വിശദീകരണം തേടി

കൊവാക്സിന് ആഗോളതലത്തിൽ അംഗീകാരം നൽകുന്നതിന് മുൻപ് ഒരു അന്തിമ റിസ്‌ക് ബെനഫിറ്റ് വിലയിരുത്തൽ കൂടി നടത്തണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്സിൻ നിർമ്മാതാക്കൾ ഈയാഴ്ച അവസാനത്തോടുകൂടി വിവരങ്ങൾ കൈമാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതി കരുതുന്നത്.

രാജ്യത്ത് നൽകുന്ന മൂന്ന് വാക്സിനുകളിൽ ഒന്നാണ് ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ. കൊറോണക്കെതിരേ 77.8 ശതമാനം ഫലപ്രാപ്തിയാണ് വാക്സിൻ രേഖപ്പെടുത്തിയത്. പുതിയ ഡെൽറ്റ വകഭേദത്തിനെതിരേ 65.2 ഫലപ്രാപ്തിയും കൊവാക്സിൻ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനു വേണ്ടി കഴിഞ്ഞ ഏപ്രിലിലാണ് ഭാരത് ബയോടെക്ക് അപേക്ഷ നൽകിയത്.