ലോകത്തിലെ ഏറ്റവും നല്ല 50 തൊഴിലിടങ്ങളിൽ ഒന്നായി ഫോർബ്സ് മാഗസിൻ തെരഞ്ഞെടുത്ത പ്രമുഖ ഐടി കമ്പനിയായ ലിറ്റ്മസ്7 സ്‌പോൺസർ ചെയ്യുന്ന ലിറ്റ്മസ്7 ഫോർട്ട് കൊച്ചി ഹെറിറ്റേജ് റൺ ഡിസംബർ 16ന് ഫോർട്ടുകൊച്ചി വെളി വെളിയിൽ സംഘടിപ്പിക്കും. കൊച്ചിൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ കൊച്ചിൻ കോളേജ് അലൂംനി അസോസിയേഷനാണ് സംഘാടകർ.

വളർന്നുവരുന്ന തലമുറക്ക് ആരോഗ്യം സംരക്ഷണത്തിന്റെ സന്ദേശം പകർന്നു നൽകുന്നതിനായും പശ്ചിമകൊച്ചിയുടെ പൈതൃക വൈവിധ്യം സ്വദേശീയരും വിദേശീയരുമായ ഓട്ടക്കാരിലേക്ക് എത്തിക്കുന്നതിനുമായാണ് ഓട്ടം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് സംഘാടകർ പറഞ്ഞു. 15 കിലോമീറ്റർ മത്സരവിഭാഗത്തിലും 5 കിലോമീറ്റർ മത്സരേതര വിഭാഗത്തിലും ആയിട്ടാണ് ഓട്ടം. 15 കിലോമീറ്റർ വിഭാഗം ഐഎൻഎസ് ദ്രോണാചാര്യ കമാൻഡിങ് ഓഫീസർ കമ്മഡോർ സൈമൺ മത്തായി രാവിലെ 5 30ന് ഫ്‌ളാഗ്ഓഫ് ചെയ്യും. 5 കിലോമീറ്റർ വിഭാഗം രാവിലെ 6.30 ന് മുംബൈ ജിഎസ് ടി കമ്മീഷണർ ഡോ. കെ എൻ രാഘവൻ ആണ് ഫ്‌ളാഗ്ഓഫ് ചെയ്യുന്നത്.

ഓപ്പൺ വിഭാഗത്തിലും വെറ്ററൻ വിഭാഗത്തിലും സീനിയർ വെറ്ററൻ വിഭാഗത്തിലുമായി പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രൊഫ. കെ.വി തോമസ് എംപി, കെ ജെ മാക്‌സി എം എൽ എ, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ഷൈനി മാത്യു, കൗൺസിലർമാരായ ഷീബ ലാൽ, ബെന്നി ഫെർണാണ്ടസ് എന്നിവർ വിവിധ വിഭാഗത്തിലുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

പല വിഭാഗത്തിലുള്ളഓട്ടക്കാർ മാരത്തോണിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചുകേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണർ പയ്യന്നൂർ സ്വദേശി രജീഷ് കൃഷ്ണൻ, ക്രച്ചസ് ഉപയോഗിച്ച് ഓടുന്ന ബേബി ജോർജ്, ബ്രെയിൻ ട്യൂമർ ബാധിതനായി, അതിൽനിന്നും മോചിതനായ പത്തുവയസ്സുകാരൻ അജ്മൽ ആസിഫ്, ലോകഅത്ലറ്റിക്‌സ് മത്സരങ്ങളിൽ നിന്നും അയേൺ മാൻ പദവി കരസ്ഥമാക്കിയ കേരളത്തിലെ ജോബി പോൾ, ശിവ സതീഷ് എന്നിവരും ഏറ്റവും കൂടുതൽ മാരത്തോണിൽ പങ്കെടുത്തിട്ടുള്ള മുംബൈ സ്വദേശി വിട്ടൽ കാംബ്ലെ, എന്നിവർ ഉൾപ്പെടെ വിദേശികളും സ്വദേശികളുമായ രണ്ടായിരത്തോളം പേർ ആണ് രണ്ടു വിഭാഗങ്ങളിലായി ഓടുന്നത്. മൂന്നര വയസ്സുകാരൻ മുതൽ എൺപത്കാരി വരെ ഓട്ടത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊച്ചിയുടെ പൈതൃക വഴികളിലൂടെയുള്ള ഈ ഫോർട്ടുകൊച്ചി ഹെറിറ്റേജ് റൺ ഭാവിയിൽ കേരളത്തിലെ, വിശേഷിച്ച് കൊച്ചിയുടെ ടൂറിസം മാപ്പിൽ ഇടം പിടിപ്പിക്കുന്ന ഒരു മാരത്തോൺ മത്സരമായി വളർത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'റൺ ഫോർ കേരള' എന്ന മുദ്രാവാക്യവുമായി നടത്തുന്ന ഈ പരിപാടിയുടെ വരുമാനത്തിൽ നിന്ന് ഒരു വിഹിതം കേരള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് ലിറ്റ്മസ്7 ഡയറക്ടർ ഗോപാലകൃഷ്ണൻ കൊച്ചുപിള്ള കൈമാറുമെന്ന് കൊച്ചിൻ കോളേജ് അലൂംനി അസോസിയേഷൻ ജനറൽ സെക്രട്ടറി ടി പി സലിം കുമാർ അറിയിച്ചു.

ജനറൽ കൺവീനർ പി ജി വിദ്യ, ജോയിന്റ് ജനറൽ കൺവീനർമാരായ അബ്ദുൽഹകീം, അനിത തോമസ് എന്നിവരും ലിറ്റ്മസ്7 കമ്പനിയെ പ്രതിനിധീകരിച്ച് അജി തോട്ടുങ്കലും കൃഷ്ണകുമാർ ഉണ്ണിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.